Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2017 2:52 PM GMT Updated On
date_range 2017-05-04T20:22:45+05:30മദ്യശാല സ്ഥാപിക്കാൻ നിലം നികത്തൽ; ചമ്പക്കുളത്ത് പ്രതിഷേധം ശക്തം
text_fieldsകുട്ടനാട്: ചമ്പക്കുളം പഞ്ചായത്തിൽ ബിവറേജസ് ഔട്ട്ലറ്റ് സ്ഥാപിക്കുന്നതിെൻറ ഭാഗമായി നിലം നികത്താനുള്ള നീക്കത്തിനെതിരെ കോൺഗ്രസും മറ്റ് രാഷ്ട്രീയ കക്ഷികളും രംഗത്ത്. നിലം നികത്തുന്നതിൽ പ്രതിഷേധിച്ച് നികത്തിയ സ്ഥലത്ത് നാട്ടിയ കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും കൊടികൾ അപ്രത്യക്ഷമായത് സംബന്ധിച്ച് വാഗ്വാദങ്ങളും സജീവമായി. തിങ്കളാഴ്ച രാത്രി പത്തോടെ പുന്നക്കുന്നം ബസ് സ്റ്റാൻഡിനടുത്ത് ബിവറേജസ് ഔട്ട്ലറ്റ് സ്ഥാപിക്കുന്നതിെൻറ ഭാഗമായി മദ്യവും കയറ്റി വാഹനം എത്തുന്ന വിവരമറിഞ്ഞാണ് കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും പ്രാദേശിക നേതൃത്വം സ്ഥലത്തെത്തിയത്. തങ്ങൾ വരുന്നതറിഞ്ഞ് മദ്യം ഇറക്കാതെ വാഹനവുമായി അധികൃതർ സ്ഥലംവിട്ടതായി കോൺഗ്രസ് നേതാക്കൾ പറയുന്നു. അപ്പോഴാണ് പ്രദേശത്തെ സ്വകാര്യ ആശുപത്രി സ്ഥിതിചെയ്യുന്നതിന് സമീപത്തെ ചതുപ്പുനിലത്തിൽ മണ്ണിട്ട് നികത്തുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ നികത്തിയ സ്ഥലത്ത് ഇരുവരുടെയും കൊടികൾ സ്ഥാപിച്ചു. എന്നാൽ, പിറ്റേന്ന് വൈകുന്നേരത്തോടെ ആദ്യം ബി.ജെ.പിയുടെയും പിന്നീട് കോൺഗ്രസിെൻറയും കൊടികൾ അപ്രത്യക്ഷമായി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറും പഞ്ചായത്ത് അംഗവുമായിരുന്ന തങ്കച്ചൻ കൂലിപ്പുരയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉല്ലാസ് ബി. കൃഷ്ണൻ, പഞ്ചായത്ത് അംഗം പൗലോസ് ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രദേശത്തെ പാർട്ടി പ്രവർത്തകരും ചേർന്നാണ് പ്രതിഷേധത്തിനെത്തിയിരുന്നത്. പ്രതിഷേധക്കാർ വിവരം ഡി.സി.സി പ്രസിഡൻറിനെ അറിയിച്ചെന്നും അദ്ദേഹത്തിെൻറ നിർദേശപ്രകാരമായിരുന്നു കൊടി കുത്തിയതെന്നും തങ്കച്ചൻ കൂലിപ്പുരയ്ക്കൽ പറഞ്ഞു. കൊടി അപ്രത്യക്ഷമായതിനെ തുടർന്ന് സ്ഥലം ഉടമയുമായി ബന്ധപ്പെട്ട് കൊടി തിരികെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് മറുപടിയായി സ്ഥലമുടമയുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായതായി അദ്ദേഹം പറഞ്ഞു. താൻ അടക്കമുള്ള കോൺഗ്രസിെൻറ പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും കൊടി ഊരുന്നതിനായി പണം വാങ്ങിയെന്ന് സ്ഥലമുടമ നാട്ടുകാർക്കിടയിൽ അപവാദപ്രചാരണം നടത്തുന്നതായും തങ്കച്ചൻ കൂലിപ്പുരയ്ക്കൽ ആരോപിച്ചു. നാട്ടുകാരിൽനിന്നും രാഷ്ട്രീയ പാർട്ടികളിൽനിന്നും പരാതി ലഭിച്ചതിനെ തുടർന്ന് വില്ലേജ് ഓഫിസർ മുഖേന നിലം നികത്തുന്നതിന് സ്റ്റോപ് മെമ്മോ നൽകിയതായി തഹസിൽദാർ കെ. ചന്ദ്രശേഖരൻ നായർ പറഞ്ഞു.
Next Story