Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2017 12:19 PM GMT Updated On
date_range 20 March 2017 12:19 PM GMTമാലിന്യ നിക്ഷേപ കേന്ദ്രം ഇനി ജലസ്രോതസ്സ്
text_fieldsbookmark_border
കറ്റാനം: ഉപയോഗമില്ലാതെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ ചൂനാെട്ട ഇലങ്കത്തിൽ കുളത്തിൽ ഇനി മുതൽ നീന്തിക്കുളിക്കാം. തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രമഫലമായി മാലിന്യം മുഴുവൻ വാരി മാറ്റിയതോടെയാണ് കുളം വീണ്ടും ഉപയോഗപ്രദമായത്. ഇലിപ്പക്കുളം ഗ്രാമത്തിലെ പ്രധാന ജലസ്രോതസ്സായിരുന്ന കുളം വൃത്തിയാക്കിയിട്ട് ഒന്നര പതിറ്റാണ്ടോളമായി. മത്സ്യ-മാംസ അവശിഷ്ടങ്ങൾ തള്ളിയും മദ്യക്കുപ്പികൾ നിറഞ്ഞുമാണ് കുളം നശിച്ചത്. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കുളം വൃത്തിയാക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയതും മാലിന്യം കുന്നുകൂടാൻ കാരണമായി. പരിസരവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തിൽ കുളത്തിെൻറ അവസ്ഥ മാറിയതോടെയാണ് പഞ്ചായത്ത് അംഗം ജി. രാജീവ്കുമാർ ഇടപെട്ട് വൃത്തിയാക്കലിന് പദ്ധതി തയാറാക്കിയത്. അമ്പതോളം വനിത തൊഴിലാളികൾ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിയ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് കുളത്തിൽനിന്ന് മാലിന്യങ്ങൾ പൂർണമായി നീക്കാൻ കഴിഞ്ഞത്. ജോലിക്കിടെ 15 ഒാളം പേരുടെ കാലിൽ കുപ്പിച്ചില്ല് കയറി പരിക്കേൽക്കുകയും ചെയ്തു. കടുത്ത വേനലിലും വെള്ളം നിറഞ്ഞുകിടന്നിരുന്ന കുളം പരിസരത്തെ കിണറുകളിൽ ജലസമൃദ്ധി നിലനിർത്തുന്നതിനും കാരണമായിരുന്നു. ഇപ്പോൾ ജലദൗർലഭ്യത്തിെൻറ രൂക്ഷതയിൽ ജനം വലഞ്ഞതോടെയാണ് പരിഹാരമെന്ന നിലയിൽ കുളം വൃത്തിയാക്കാൻ തീരുമാനിച്ചത്. ഇനിയും മാലിന്യങ്ങൾ വലിച്ചെറിയാതെ സംരക്ഷിക്കേണ്ട ബാധ്യത ജനങ്ങൾക്കാണുള്ളതെന്ന് വൃത്തിയാക്കലിന് നേതൃത്വം നൽകിയ പഞ്ചായത്ത് അംഗം രാജീവ്കുമാർ പറഞ്ഞു.
Next Story