You are here
വരട്ടാർ: ജലനിരപ്പുയര്‍ന്നത് പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി
ചെങ്ങന്നൂർ: അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നത് ആദിപമ്പയിലും വരട്ടാറിലും ജനങ്ങളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി.
ആദിപമ്പയില്‍ യന്ത്രസഹായത്തോടെ പുല്ലും പായലും നീക്കുന്ന ജോലികള്‍ പുരോഗമിച്ചുവരുന്നതിനിടെയാണ് കഴിഞ്ഞദിവസം രാത്രിയോടെ അഞ്ചടിയിലേറെ ജലനിരപ്പ് ഉയര്‍ന്നത്. ആറാട്ടുപുഴ പാലത്തിന് 100 മീറ്റര്‍ താഴെയായി ആദിപമ്പയുടെ മുഖം വലുപ്പം കൂട്ടുന്ന ജോലികളുടെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോഴാണ് പമ്പയില്‍ നിന്നുള്ള ശക്തമായ ജലപ്രവാഹം ആദിപമ്പയിലേക്ക് കയറിത്തുടങ്ങിയത്.
കോയിപ്രം ചപ്പാത്ത് എന്ന് നാട്ടുകാര്‍ വിളിക്കുന്ന വഞ്ചിപ്പോട്ടില്ക്കടവിലെ ചപ്പാത്ത് പൊളിച്ചുനീക്കിയതിനു ശേഷം ആദ്യമായാണ് ആദിപമ്പയിലേക്ക് ശക്തമായി ജലപ്രവാഹം ഉണ്ടാകുന്നത്. എന്നാല്‍, ഇത്രയേറെ ശക്തമായ ഒഴുക്കുണ്ടായിട്ടും പലയിടത്തും പായലും പുല്ലും ഒഴുകാത്ത സ്ഥിതിയുണ്ട്. ഇവിടങ്ങളില്‍ യന്ത്രസഹായത്താല്‍ പായലിെൻറയും പുല്ലിെൻറയും കൂട്ടങ്ങള്‍ ഇളക്കിവിടുന്ന ജോലികള്‍ തുടരുകയാണ്.
ഇടനാട്ടില് ഭദ്രേശ്വരം ക്ഷേത്രത്തിന് സമീപം ആദിപമ്പയുടെ നടുവില്‍ നില്ക്കുന്ന മരങ്ങള്‍ വെട്ടി തടസ്സംനീക്കുന്ന ജോലികളും നടന്നു.