Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 2:37 PM GMT Updated On
date_range 2017-06-09T20:07:08+05:30ബി.എം.എസ് ഓഫിസിനു നേരെ അക്രമം; ഹർത്താൽ ആചരിച്ചു
text_fieldsചേർത്തല: ബി.എം.എസ് ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് സംഘ് പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ചേർത്തല നഗരപ്രദേശത്ത് നടത്തിയ ഹർത്താൽ പൂർണം. കടകൾ അടഞ്ഞുകിടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. സബ് രജിസ്ട്രാർ ഓഫിസിലും താലൂക്ക് ഓഫിസിലും പ്രവർത്തനമൊന്നും നടന്നില്ല. ഓഫിസുകളിൽ ഹാജർ നില കുറവായിരുന്നു. സ്വകാര്യ ബസുകൾ നഗരത്തിൽ സർവിസ് നടത്തിയില്ല. എന്നാൽ, കെ.എസ്.ആർ.ടി.സി സാധാരണ സർവിസുകൾ കൂടാതെ അധിക ട്രിപ്പുകൾ നടത്തിയതിനാൽ യാത്രക്കാർക്ക് കൂടുതൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നില്ല. അരുക്കുറ്റി, അർത്തുങ്കൽ, ചെല്ലാനം തുടങ്ങിയ ഉൾനാടൻ മേഖലയിലേയ്ക്കാണ് അധിക ട്രിപ്പ് നടത്തിയത്. അരുക്കുറ്റിയിയിലേക്ക് മാത്രം 20 ഓളം അധിക ട്രിപ്പുകൾ നടത്തിയെന്ന് കെ.എസ്.ആർ.ടി.സി ചേർത്തല ഡിപ്പോ അധികൃതർ പറഞ്ഞു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ നടന്ന കൈയ്യേറ്റത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച വൈകീട്ട് ചേർത്തല നഗരത്തിൽ സി.പി.എം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ബി.എം.എസ് മേഖല കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം നടന്നത്. ഓഫിസിലെ ടി.വിയും കസേരകളും മേശയും തല്ലിതകർത്തിരുന്നു. ഓഫിസിൽ സൂക്ഷിച്ചിരുന്ന ഇരുപത്തിരണ്ടായിരം രൂപയും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ബി.എം.എസ് ഓഫിസ് അക്രമത്തിൽ പ്രതിഷേധിച്ച് സംഘ് പരിവാർ സംഘടനകൾ ബുധനാഴ്ച രാത്രി നടത്തിയ പ്രതിഷേധ പ്രകടനത്തിടെ ഇരുമ്പുപാലത്തിന് സമീപമുള്ള സി.ഐ.ടി.യു ഭവനു നേരെയും അക്രമം നടത്തിയിരുന്നു. കസേരകളും ഫോട്ടോകളും തല്ലി തകർത്തു. ഇതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു തൊഴിലാളികൾ വെള്ളിയാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ബി.എം.എസ്, സി.ഐ.ടി.യു ഓഫിസ് അക്രമങ്ങളിൽ പൊലീസ് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
Next Story