Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 1:05 PM GMT Updated On
date_range 2017-06-01T18:35:09+05:30വാട്ടർ അതോറിറ്റി തീർത്ത കുഴികൾ അപകടഭീഷണി
text_fieldsപള്ളിക്കര: പള്ളിക്കരയിൽ ഒരുവർഷം മുമ്പ് കുടിവെള്ള പൈപ്പ് മാറ്റിസ്ഥാപിക്കാൻ വാട്ടർ അതോറിറ്റി കുഴിച്ച കുഴികൾ അപകടഭീഷണി. മഴ പെയ്തതോടെ റോഡിൽ ചളിയും വെള്ളവും നിറഞ്ഞ് ഇരു ചക്രവാഹനങ്ങൾക്കോ കാൽനടക്കാർക്കോപോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ദിവസവും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. ഒരുവർഷം മുമ്പ് പൊയ്യക്കുന്നം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കിഴക്കമ്പലം വാച്ചേരിപ്പാറ മുതൽ കരിമുകൾ വരെ കുടിവെള്ള പൈപ്പ് മാറ്റിസ്ഥാപിക്കാൻ താഴ്ത്തിയ ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്തി റീ ടാറിങ് നടത്താത്തതാണ് അപകടങ്ങൾക്കുകാരണം. കിഴക്കമ്പലം മുതൽ കരിമുകൾ വരെയുള്ള അഞ്ച് കി.മീറ്ററോളം ദൂരമാണ് റോഡിെൻറ ഇടതുഭാഗം ചേർന്ന് വാട്ടർ അതോറിറ്റി കുഴിച്ച് കുളമാക്കിയത്. അതിനാൽ വാഹനയാത്രക്കാർ ഈ ദൂരം താണ്ടുന്നത് കടുത്ത ഭീതിയോടെയാണ്. എതിർദിശയിൽനിന്ന് എത്തുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഏതുനിമിഷവും പൈപ്പ് മാറ്റിസ്ഥാപിക്കാൻ താഴ്ത്തിയ കുഴികളിൽ പതിച്ചേക്കാം. പൊയ്യക്കുന്നം കുടിവെള്ള പദ്ധതിയിൽ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന് വാട്ടർ അതോറിറ്റിയും കെ.എസ്.ടി.പിയും തമ്മിെല ധാരണയിലുണ്ടായ വീഴ്ചയാണ് റോഡിെൻറ റീ ടാറിങ് അനന്തമായി നീളുന്നതിന് ഇടയായത്. പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് മുേമ്പ റോഡ് അറ്റകുറ്റപ്പണിക്ക് കെ.എസ്.ടി.പിക്ക് തുക അനുവദിച്ചതാണെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. എന്നാൽ, പൈപ്പ്മാറ്റി സ്ഥാപിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതും കഴിഞ്ഞ മൺസൂൺ കാലവും റോഡിെൻറ ശോച്യാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിന് കാരണമായതായാണ് കെ.എസ്.ടി.പി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇക്കാരണത്താൽ നിലവിൽ അനുവദിച്ച തുക കൊണ്ട് റോഡ് റീ ടാറിങ് നടത്താൻ കഴിയില്ലെന്നും അവർ പറയുന്നു. ഇത്തരത്തിൽ വാട്ടർ അതോറിറ്റിയും കെ.എസ്.ടി.പി അധികൃതരും തമ്മിെല പോരുമുറുകുമ്പോൾ നാളുകളായി ഇതുവഴി കടന്നുപോകുന്ന വാഹനയാത്രക്കാരടക്കമുള്ള സഞ്ചാരികൾ കടുത്ത ഭീതിയിലാണ്. മഴ തുടങ്ങുകയും റോഡ് നന്നാക്കാത്തതിനെത്തുടർന്ന് വാഹനാപകടങ്ങൾ പെരുകുകയും ചെയ്തതോടെ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്. പഞ്ചായത്ത് അംഗം എൻ.വി. രാജപ്പെൻറ നേതൃത്വത്തിൽ നാട്ടുകാരുടെ ഒപ്പ് ശേഖരണം നടത്തി പൊതുമരാമത്ത് മന്ത്രിക്ക് അയച്ച് കൊടുക്കുകയും പരാതി നൽകുകയും ചെയ്തു. പള്ളിക്കര മർച്ചൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ ഏഴിന് മൂവാറ്റുപുഴ കെ.എസ്.ടി.പി ഓഫിസിലേക്ക് മാർച്ച് നടത്തും. അന്നേ ദിവസം വ്യാപാരികൾ കരിദിനമായി ആചരിക്കും.
Next Story