Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രതീക്ഷ നല്‍കി...

പ്രതീക്ഷ നല്‍കി മെഡിക്കല്‍ കോളജ് വികസന പ്രഖ്യാപനം

text_fields
bookmark_border
ആലപ്പുഴ: ‘ആലപ്പുഴ മെഡിക്കല്‍ കോളജിനെക്കുറിച്ച് എനിക്ക് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇവിടെ വന്നപ്പോള്‍ അത് പാടേ മാറി. കാരണം പ്രിന്‍സിപ്പല്‍ ഡോ. എന്‍. ശ്രീദേവിയുടെ പ്രസംഗത്തില്‍ ചില നന്മകള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി’ -മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡിക്കല്‍ കോളജിന്‍െറ വികസന പദ്ധതി ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു. അക്കാദമിക് നിലവാരത്തില്‍ വളരെ മുന്നിലാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് എന്നത് പ്രശംസനീയമാണ്. ഒട്ടേറെ പരിമിതികള്‍ ഉള്ള മെഡിക്കല്‍ കോളജില്‍ പഠനകാര്യത്തില്‍ ഒട്ടും അത് ബാധിച്ചില്ല എന്നത് അഭിമാനകരമാണ്. ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. കാലാനുസൃതമായി ആലപ്പുഴ മെഡിക്കല്‍ കോളജിനെ മെച്ചപ്പെടുത്തണം. നിങ്ങള്‍ തന്നെ മുന്നോട്ടുള്ള ചുവട് വെക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടികളുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ പറഞ്ഞു. പാവപ്പെട്ട തൊഴിലാളികളും സാധാരണക്കാരുമാണ് ആലപ്പുഴ മെഡിക്കല്‍ കോളജിനെ കൂടുതല്‍ ആശ്രയിക്കുന്നത് എന്ന ഓര്‍മ എല്ലാവര്‍ക്കും വേണം. ലോകാരോഗ്യ സംഘടന പല പ്രഖ്യാപനങ്ങളും നടത്തുന്നുണ്ട്. എന്നാല്‍, അതിന് മുമ്പുതന്നെ കേരളം അത് സ്വീകരിച്ചുകഴിയുന്നുണ്ട്. വിദ്യാഭ്യാസ-സാംസ്കാരിക അന്തരീക്ഷമാണ് ആരോഗ്യരംഗത്തെ കുതിപ്പിന് കാരണമായത്. ആലപ്പുഴ മെഡിക്കല്‍ കോളജിന്‍െറ കാര്യത്തില്‍ പ്രത്യേക പരിഗണനയാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്. വരാന്‍പോകുന്ന വര്‍ഷങ്ങള്‍ മികവിന്‍േറതായിരിക്കുമെന്ന സൂചനയും നല്‍കി. അതിന് ബലംനല്‍കുന്ന പ്രഖ്യാപനങ്ങളാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും നടത്തിയത്. ഇ-ഹെല്‍ത്ത് പദ്ധതിയില്‍ വരെ ആലപ്പുഴയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.എച്ച്-താലൂക്ക്-ജില്ലാതല ആശുപത്രികളില്‍ അനുവദിക്കപ്പെടുന്ന വിവിധങ്ങളായ പദ്ധതികളില്‍ ഒരുഭാഗം ആലപ്പുഴക്കും വകയിരുത്തിയിട്ടുണ്ട്. കച്ചവട താല്‍പര്യം മുന്‍നിര്‍ത്തിയുള്ള ചികിത്സ സമീപനം മാറ്റണമെന്ന പൊതുവികാരവും മന്ത്രിമാര്‍ പ്രകടിപ്പിച്ചു. ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും കുറവ് പരിഹരിക്കുമെന്ന പ്രഖ്യാപനവും ആരോഗ്യമന്ത്രി നടത്തി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അടിക്കടി ഉണ്ടാകുന്ന പരിശോധന യന്ത്രത്തകരാറുകള്‍ സ്വകാര്യ ലാബുകാരെ സഹായിക്കാന്‍ വേണ്ടിയാണോ എന്ന് സംശയമുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മെഡിക്കല്‍ കോളജിന്‍െറ പോരായ്മകള്‍ അടങ്ങിയ നിവേദനം അധികാരികള്‍ മന്ത്രിമാര്‍ക്ക് നല്‍കി. യോഗത്തില്‍ മന്ത്രിമാരായ തോമസ് ഐസക്, പി. തിലോത്തമന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എം.പി എന്നിവര്‍ എത്തിയിരുന്നില്ല. എം.എല്‍.എമാരായ കെ.കെ. രാമചന്ദ്രന്‍ നായര്‍, ആര്‍. രാജേഷ്, യു. പ്രതിഭ ഹരി, എ.എം. ആരിഫ്, കലക്ടര്‍ വീണ എന്‍. മാധവന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രജിത്ത് കാരിക്കല്‍, നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ അഫ്സത്ത്, ജി. വേണുലാല്‍, എം. ഷീജ, സുവര്‍ണ പ്രതാപന്‍, റഹ്മത്ത് ഹാമിദ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. റംലാബീവി, ജില്ല പഞ്ചായത്ത് അംഗം എ.ആര്‍. കണ്ണന്‍, ബ്ളോക്ക് പഞ്ചായത്ത് അംഗം യു.എം. കബീര്‍, ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എ. അബ്ദുല്‍ സലാം, ആര്‍.എം.ഒ ഡോ. നോനാം ചെല്ലപ്പന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്, ഡി.എം.ഒ ഡോ. വസന്ത ദാസ്, കോളജ് യൂനിയന്‍ ചെയര്‍മാന്‍ സായൂജ് എസ്. പൈ, പി.ടി.എ പ്രസിഡന്‍റ് അശോകന്‍, അലുമ്നി അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. വേണുഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഓഡിറ്റോറിയം നിര്‍മിച്ച കരാറുകാരന്‍ അബ്ദുല്‍ വാഹിദിന് മുഖ്യമന്ത്രി മെമന്‍േറാ നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story