Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2017 1:50 PM GMT Updated On
date_range 25 Feb 2017 1:50 PM GMTമതസൗഹാര്‍ദത്തിന്‍െറ വേദിയായി മാന്നാറിലെ ശിവരാത്രി ഘോഷയാത്ര
text_fieldsbookmark_border
മാന്നാര്‍: ഓട്ടുപാത്രങ്ങളുടെ നാടായ മാന്നാറില്‍ നടന്ന ശിവരാത്രി ഘോഷയാത്ര മതസൗഹാര്‍ദത്തിന്‍െറ വേദിയായി മാറി. ചരിത്രപ്രധാനമായ മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്‍െറ സമാപനംകുറിച്ച് നടന്ന എതിരേല്‍പ് ഘോഷയാത്രയാണ് മതസൗഹാര്‍ദത്തിന്‍െറ വേദിയായത്. നിരവധി ഉത്സവ ഫ്ളോട്ടുകള്‍, കൊട്ടക്കാവടി, ഭസ്മക്കാവടി, അമ്മന്‍കുടം, നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ എന്നിവയുടെ അകമ്പടിയോടെ കടപ്ര കൈനിക്കര മഠം മഹാവിഷ്ണു ക്ഷേത്രത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി കെ.ആര്‍. ശിവസുതന്‍ പിള്ള ഉദ്ഘാടനം ചെയ്തു. മധ്യതിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന വര്‍ണശബളമായ എതിരേല്‍പ് ഘോഷയാത്രക്ക് മാന്നാര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വീകരണം നല്‍കിയത്. കൂടാതെ പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് ശീതളപാനീയവും ലഘുഭക്ഷണവും നല്‍കി. മാന്നാറില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദത്തിന്‍െറ സന്ദേശമുയര്‍ത്തിയുള്ള സ്വീകരണത്തിന് വലിയ പിന്തുണയാണ് മറ്റു പ്രദേശങ്ങളില്‍നിന്ന് ലഭിക്കുന്നത്. വര്‍ഷങ്ങളായി നബിദിന റാലിക്ക് മഹാദേവ ക്ഷേത്രത്തിന്‍െറ പടിഞ്ഞാറേ നടയില്‍ ക്ഷേത്രോപദേശക സമിതി, മഹാദേവ സേവ സമിതി എന്നിവയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിവരുന്നുണ്ട്. മാന്നാര്‍ മുസ്ലിം പള്ളിക്ക് സമീപം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണം കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാന്നാര്‍ ജമാഅത്ത് ഇമാം എം.എ. മുഹമ്മദ് ഫൈസി, ജമാഅത്ത് പ്രസിഡന്‍റ് എന്‍.എ. സുബൈര്‍, കെ.എ. കരിം, ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളായ വി.കെ. രാജു, കലാധരന്‍ പിള്ള, വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story