Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2016 5:24 PM IST Updated On
date_range 18 Sept 2016 5:24 PM ISTകായംകുളത്ത് സി.പി.എം- സി.പി.ഐ പോര് മൂര്‍ധന്യത്തില്‍
text_fieldsbookmark_border
കായംകുളം: മയക്കുമരുന്ന് മാഫിയകളുടെയും കുറ്റവാളികളുടെയും സംരക്ഷകനായി മാറുന്ന നഗരസഭാ ചെയര്‍മാനെതിരെ നടപടി സ്വീകരിക്കാന്‍ സി.പി.എം നേതൃത്വം തയാറാകണമെന്ന് സി.പി.ഐ മണ്ഡലം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഡ്വ. കെ.എച്ച്. ബാബുജാന്‍ ഏരിയാ സെക്രട്ടറി ആയപ്പോള്‍ പുറത്താക്കിയിരുന്ന കുറ്റവാളി സംഘങ്ങള്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞതോടെ വീണ്ടും സി.പി.എം ഓഫിസില്‍ അന്തേവാസികളായി മാറിയിരിക്കുകയാണ്. നഗരസഭാ ചെയര്‍മാനായ അഡ്വ. എന്‍. ശിവദാസന്‍െറ പിന്‍ബലമാണ് സി.പി.എം ഓഫിസ് ഇത്തരക്കാര്‍ താവളമാക്കാന്‍ കാരണം. സി.പി.ഐ നേതാവ് ഷിജിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ സംരക്ഷിക്കുന്നതും ചെയര്‍മാനാണ്. ഓണാഘോഷങ്ങളുടെ ഭാഗമായി നഗരസഭയില്‍ നടത്തിയ ഓണസദ്യയില്‍ പ്രതികള്‍ പങ്കെടുത്തത് ഇതിന് തെളിവാണ്. ചടങ്ങില്‍ കുറ്റവാളി സംഘങ്ങള്‍ എത്തപ്പെട്ടത് എങ്ങനെയാണെന്ന് വ്യക്തമാക്കാന്‍ ചെയര്‍മാന്‍ തയാറാകണം. ക്രിമിനല്‍ പശ്ചാത്തലങ്ങളുള്ളവര്‍ കായംകുളം വില്ളേജ് സഹകരണ ബാങ്കിലെ കലക്ഷന്‍ ഏജന്‍റായി നിയമിതനായത് ആരുടെ താല്‍പര്യപ്രകാരമാണെന്നും നേതൃത്വം വ്യക്തമാക്കണം. നഗരത്തിലെ വ്യാപാരസ്ഥാപനം ആക്രമിച്ചവരെ സംരക്ഷിക്കാനും നഗരസഭാ ചെയര്‍മാന്‍ പ്രത്യേക താല്‍പര്യമെടുത്തതായി സി.പി.ഐ നേതാക്കള്‍ ആരോപിച്ചു. കായംകുളം നഗരസഭയെ സ്വകാര്യ സ്വത്താക്കി മാറ്റാനുള്ള ചെയര്‍മാന്‍െറ ശ്രമം അംഗീകരിക്കില്ല. നഗരസഭാ ചെയര്‍മാനോടുള്ള വിയോജിപ്പ് സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഉചിതമായ നടപടി പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തിരുത്തലുകള്‍ ഉണ്ടായില്ളെങ്കില്‍ പ്രത്യക്ഷ പ്രതിഷേധ പരിപാടികള്‍ ആലോചിക്കേണ്ടിവരുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം സെക്രട്ടറി എ.എ. റഹീം, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എ. ഷാജഹാന്‍, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അഡ്വ. എ. അജികുമാര്‍, ജില്ലാ കമ്മിറ്റിയംഗം അഡ്വ. സി.എ. അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. അതേസമയം, ഇടതുമുന്നണിയിലെ തമ്മിലടി കാരണം കായംകുളം നഗരസഭാ ഭരണം സ്തംഭനത്തിലാണെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്‍റ് പാലമുറ്റത്ത് വിജയകുമാര്‍ ആരോപിച്ചു. കൗണ്‍സില്‍ കൂടിയിട്ട് ഒന്നരമാസത്തോളമായി. മാലിന്യനീക്കം നടക്കാത്തതിനാല്‍ നഗരം നാറുകയാണ്. റോഡുകളും വഴിയോരങ്ങളും കൈയേറുന്നത് തടയാനാകുന്നില്ല. ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നതിനുള്ള ഫയലുകള്‍ നീങ്ങാത്ത അവസ്ഥയാണ്. പെന്‍ഷന്‍ അദാലത് വാഗ്ദാനത്തില്‍ മാത്രമായി ഒതുങ്ങി. ഈ സാഹചര്യത്തില്‍ ഭരണസ്തംഭനം പരിഹരിക്കാനാവശ്യമായ ഇടപെടലുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story