Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകടലാക്രമണ...

കടലാക്രമണ പ്രതിരോധനടപടി സ്വീകരിച്ചില്ല: റോഡ് തകര്‍ന്ന് ഖജനാവിന് നഷ്ടം 80 ലക്ഷം

text_fields
bookmark_border
ആറാട്ടുപുഴ: റോഡ് നിര്‍മാണത്തില്‍ പൊതുമരാമത്ത് വകുപ്പ് കാട്ടിയ ബുദ്ധിശൂന്യതയും അനാവശ്യ ധിറുതിയും മൂലം ഖജനാവിന് നഷ്ടമായത് 80 ലക്ഷം രൂപ. ചെറുതായൊന്ന് കടലിളകിയാല്‍ നശിക്കുമെന്ന ബോധ്യവും തീരവാസികളുടെ മുന്നറിയിപ്പും അവഗണിച്ച് നിര്‍മിച്ച റോഡ് ആഴ്ചകള്‍ക്കുള്ളില്‍ കടലെടുത്തതാണ് ലക്ഷങ്ങള്‍ പാഴാകാന്‍ കാരണം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ തയാറായിട്ടില്ല. ബസ് സ്റ്റാന്‍ഡ് മുതല്‍ കള്ളിക്കാട് എ.കെ.ജി നഗര്‍ വരെ 570 മീറ്റര്‍ സ്ഥലത്ത് റോഡ് നിര്‍മിക്കുന്നതിനായാണ് 80 ലക്ഷം പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. റോഡരിക് കരിങ്കല്ലടുക്കി ബലപ്പെടുത്തുന്നതിന് വലിയഴീക്കല്‍ ബസ് സ്റ്റാന്‍ഡ് റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായി കരാറില്‍ വ്യവസ്ഥചെയ്തിരുന്നു. 570 മീറ്റര്‍ സ്ഥലത്തെ റോഡ് നിര്‍മാണം കഴിഞ്ഞ മാര്‍ച്ച് ആദ്യ ആഴ്ചയില്‍ പൂര്‍ത്തീകരിച്ചു. അരികില്‍ കരിങ്കല്ലടുക്കുന്ന പണിയും തൊട്ടുടനെ നടത്തിയെങ്കിലും കോണ്‍ക്രീറ്റ് ചെയ്തില്ല. റോഡരികില്‍ ഗ്രാവലിടുന്ന പണികളും അടയാളങ്ങള്‍ രേഖപ്പെടുത്തുന്ന അവസാനഘട്ട പണികളുമായിരുന്നു റോഡ് നിര്‍മാണത്തില്‍ ശേഷിച്ചിരുന്നത്. എന്നാല്‍, ഏപ്രില്‍ അവസാനത്തോടെ ആരംഭിച്ച കടലാക്രമണത്തില്‍ റോഡ് കടലെടുക്കാന്‍ തുടങ്ങി. അരികില്‍ അടുക്കിയ കരിങ്കല്ലുകള്‍ റോഡില്‍ നിരക്കുകയും യാത്ര മാസങ്ങളോളം തടസ്സപ്പെടുകയും ചെയ്തു. തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍ റോഡ് ഭൂരിഭാഗവും തകര്‍ന്നു. തൃക്കുന്നപ്പുഴ-വലിയഴീക്കല്‍ തീരദേശ റോഡില്‍ ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ് മുതല്‍ തെക്കോട്ട് കള്ളിക്കാട് എ.കെ.ജി നഗര്‍ വരെ അര കിലോമീറ്റര്‍ പ്രദേശമണ് കടലാക്രമണ സമയത്തെ നിത്യദുരിത മേഖല. ഇവിടെ കടലും റോഡും തമ്മില്‍ കടല്‍ ഭിത്തിയുടെ അകലം മാത്രമാണുള്ളത്. അറ്റകുറ്റപ്പണി പോലും വര്‍ഷങ്ങളായി ഇവിടെ നടത്തിയിരുന്നില്ല. ശക്തമായ കടലാക്രമണ പ്രതിരോധ നടപടികള്‍ക്ക് ശേഷം മാത്രമെ ഇവിടെ റോഡ് നിര്‍മാണം നടത്താന്‍ കഴിയൂവെന്ന നിലപാടിലായിരുന്നു പൊതുമരാമത്ത് വകുപ്പ്. തീരവാസികളും കടല്‍ ഭിത്തികെട്ടിയിട്ട് റോഡ് നിര്‍മിച്ചാല്‍ മതിയെന്ന അഭിപ്രായത്തിലായിരുന്നു. ഈ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് 80 ലക്ഷം മുടക്കി കാലവര്‍ഷത്തിന് തൊട്ടുമുമ്പ് പൊതുമരാമത്ത് വകുപ്പ് ഇവിടെ റോഡ് നിര്‍മാണത്തിന് അനുമതി നല്‍കുന്നത്. ആഴ്ചകള്‍ കഴിയുമ്പോള്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നും റോഡ് തകരുമെന്നും തീരവാസികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ചെവിക്കൊണ്ടില്ല. ദേശീയ ഗുണനിലവാരം ഉറപ്പുവരുത്തി നിര്‍മിച്ച റോഡ് നിര്‍മാണത്തിന്‍െറ അവസാനഘട്ടത്തില്‍ തകര്‍ന്നടിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ വികസന നേട്ടങ്ങളുടെ പട്ടികയില്‍ റോഡ് നിര്‍മാണം ഉള്‍പ്പെടുത്താന്‍ രാഷ്ട്രീയക്കാര്‍ നടത്തിയ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ പൊതുമരാമത്ത് വകുപ്പ് വഴങ്ങുകയായിരുന്നു എന്നാണ് ആക്ഷേപം. കാത്തിരിപ്പിനൊടുവില്‍ കിട്ടിയ റോഡ് ഒരുമാസം പോലും ഉപകാരപ്പെടാതെ പോയതിന്‍െറ രോഷവും സങ്കടവും തീരവാസികള്‍ക്ക് അടക്കാനാകുന്നില്ല. തെരഞ്ഞെടുപ്പിന് മുമ്പുവരെ റോഡ് തകര്‍ന്നാല്‍ ഗതാഗതം പുന$സ്ഥാപിക്കാന്‍ കടലടങ്ങിയാല്‍ ഉടന്‍ എത്തുമായിരുന്ന പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഇപ്പോള്‍ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ളെന്ന ആക്ഷേപവുമുണ്ട്.
Show Full Article
TAGS:LOCAL NEWS
Next Story