Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകായംകുളം നഗരസഭാ...

കായംകുളം നഗരസഭാ കൗണ്‍സിലില്‍ കൈയാങ്കളി

text_fields
bookmark_border
കായംകുളം: കായംകുളം നഗരസഭാ കൗണ്‍സില്‍ യോഗം കൈയാങ്കളിയില്‍ കലാശിച്ചു. വൈസ് ചെയര്‍പേഴ്സണടക്കം നാല് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും രണ്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാരും ആശുപത്രിയില്‍. മുസ്ലിംലീഗ് കൗണ്‍സിലര്‍ക്ക് സസ്പെന്‍ഷന്‍. കൗണ്‍സിലര്‍മാര്‍ക്കെതിരെ പൊലീസ് കേസ്. 33 അജണ്ടകളുമായി വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സിലാണ് ആദ്യ അജണ്ടയില്‍ത്തന്നെ അടിച്ചുപിരിഞ്ഞത്. താലൂക്ക് ആശുപത്രിയില്‍ കോഫി മെഷീന്‍ സ്ഥാപിക്കാനായി അനധികൃത നിര്‍മാണം നടത്തിയത് സംബന്ധിച്ചായിരുന്നു ആദ്യ അജണ്ട. ഇതില്‍ ചെയര്‍മാനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെ മുസ്ലിംലീഗ് നേതാവിനെതിരെ ആരോപണം ഉന്നയിച്ചതാണ് പ്രകോപന കാരണമായത്. ഇതോടെ വാടാപോടാ വിളിയും കസേര ഏറുമായി ഇടത്-വലത് കൗണ്‍സിലര്‍മാര്‍ ഇരുഭാഗത്തുമായി നിലയുറപ്പിച്ചതോടെയാണ് കൗണ്‍സില്‍ യോഗം കൈയാങ്കളിയിലേക്ക് വഴിമാറിയത്. കൗണ്‍സിലില്‍ ഹാജരായ ഏതാണ്ടെല്ലാ കൗണ്‍സിലര്‍മാരും വിഷയത്തില്‍ അഭിപ്രായം പറഞ്ഞിരുന്നു. യു.ഡി.എഫ്-ബി.ജെ.പി ഭാഗത്തുനിന്ന് ചെയര്‍മാനെതിരെ രൂക്ഷവിമര്‍ശമാണ് ഉണ്ടായത്. ഇതിന് മറുപടി പറയുന്നതിനിടെയാണ് നേരത്തേ നഗരസഭാ വൈസ് ചെയര്‍മാനായിരുന്ന മുസ്ലിംലീഗ് നേതാവ് ആശുപത്രിയില്‍ ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചെയര്‍മാന്‍ പരാമര്‍ശിച്ചത്. ഇതോടെ പ്രതിഷേധവുമായി ലീഗ് കൗണ്‍സിലര്‍ നവാസ് മുണ്ടകത്തില്‍ അധ്യക്ഷവേദിയിലേക്ക് പാഞ്ഞടുത്തു. തുടര്‍ന്ന് വാടാപോടാ വിളിയും അസഭ്യം പറച്ചിലും കസേരയേറും കസേര നിലത്തടിക്കലും അരങ്ങേറി. മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ അവസരോചിതമായി ഇടപ്പെട്ടതാണ് വലിയ സംഘര്‍ഷം ഒഴിവാക്കാന്‍ കാരണമായത്. ബഹളത്തിനിടെ അജണ്ടകള്‍ ഒറ്റയടിക്ക് പാസാക്കിയതായി പ്രഖ്യാപിച്ച് ചെയര്‍മാന്‍ കൗണ്‍സില്‍ പിരിച്ചുവിടുകയായിരുന്നു. കൗണ്‍സിലില്‍ അപമര്യാദയായി പെരുമാറിയതിന് ലീഗ് കൗണ്‍സിലര്‍ നവാസ് മുണ്ടകത്തിലിനെ മൂന്നുമാസത്തേക്ക് കൗണ്‍സില്‍ നടപടികളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍ അറിയിച്ചു. കോഫി മെഷീന്‍ വിഷയം വിജിലന്‍സ് അന്വേഷണത്തിന് വിടാനും യു.ഡി.എഫ് കാലത്തെ അഴിമതികളെ സംബന്ധിച്ചുള്ള അന്വേഷണം വേഗത്തിലാക്കാനും തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. ഭരണപക്ഷത്തുനിന്ന് വൈസ് ചെയര്‍പേഴ്സണ്‍ ആര്‍. ഗിരിജ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കരിഷ്മ ഹാഷിം, പി. ശശികല, ആര്‍. ദീപു എന്നിവരെയും യു.ഡി.എഫുകാരായ ഭാമിനി സൗരഭന്‍, നവാസ് മുണ്ടകത്തില്‍, ഷാനവാസ് എന്നിവരുമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇരുമുന്നണികളും നല്‍കിയ പരാതിയില്‍ കൗണ്‍സിലര്‍മാക്കെതിരെ പൊലീസ് കേസ് എടുത്തു. ഏറെനാളായി ജനറല്‍ കൗണ്‍സില്‍ വിളിക്കുന്നില്ളെന്ന ആക്ഷേപത്തിനിടെയാണ് വ്യാഴാഴ്ച വിപുലമായ അജണ്ടകളോടെ ജനറല്‍ കൗണ്‍സില്‍ വിളിച്ചത്. പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ച കോഫി മെഷീന്‍, ബിയര്‍ പാര്‍ലര്‍ അനുമതി എന്നിവയാണ് ആദ്യ അജണ്ടകളായി ഉള്‍പ്പെടുത്തിയിരുന്നത്. ബാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് മുമ്പുതന്നെ കൗണ്‍സില്‍ യോഗം പിരിച്ചുവിടേണ്ടി വന്നതോടെ ബാര്‍വിരുദ്ധരായ ഭരണപക്ഷത്തെ ഒരുവിഭാഗം കൗണ്‍സിലര്‍മാര്‍ക്ക് മുഖം രക്ഷിക്കാനുമായി.
Show Full Article
TAGS:LOCAL NEWS
Next Story