Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2016 4:39 PM IST Updated On
date_range 3 Oct 2016 4:39 PM ISTപദ്ധതി വിനിയോഗം; അയല്‍ക്കൂട്ടങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കണം –എം.പി
text_fieldsbookmark_border
ആലപ്പുഴ: കേന്ദ്രാവിഷ്കൃത പദ്ധതി വിനിയോഗത്തില്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കണമെന്ന് കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍ക്ക് കെ.സി. വേണുഗോപാല്‍ എം.പി നിര്‍ദേശം നല്‍കി. ദേശീയ നഗര ഉപജീവന മിഷന്‍, പ്രധാനമന്ത്രി ആവാസ് യോജന, അമൃത്, എസ്.എ.ജി.വൈ എന്നീ പദ്ധതികളുടെ പുരോഗതി എം.പി വിലയിരുത്തി. നഗര ദാരിദ്ര്യം ലഘൂകരിക്കുന്നതിനും നഗരപ്രദേശത്തെ പാവപ്പെട്ടവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ആവിഷ്കരിച്ചിട്ടുള്ള നഗര ഉപജീവന മിഷന്‍ പദ്ധതിയില്‍ ആലപ്പുഴ നഗരസഭാ പ്രദേശത്തെ 50 വാര്‍ഡുകളിലായി 370 അയല്‍ക്കൂട്ടങ്ങള്‍ക്ക് 10,000 രൂപ വീതവും 52 എ.ഡി.എസുകള്‍ക്ക് 50,000 രൂപ വീതവും റിവോള്‍വിങ് ഫണ്ട് നല്‍കിയിട്ടുണ്ട്. ഇത് ചെറിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കും മറ്റുമായി വിനിയോഗിക്കണം.നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് അവരുടെ ഉല്‍പന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ടൂറിസം മേഖലയില്‍ ഉല്‍പന്നങ്ങളുടെ വില്‍പന പ്രയോജനപ്പെടുത്തും. അമൃത് പദ്ധതിയില്‍ 2015-16 മുതല്‍ 2017-18 വരെ 222.68 കോടിയുടെ പദ്ധതികളാണ് ആലപ്പുഴ നഗരപ്രദേശത്ത് നടപ്പാക്കുക. കുടിവെള്ള വിതരണ ശൃംഖലകള്‍ നവീകരിക്കുന്നതിന് 148.9 കോടിയും സ്യുവറേജിന് 10.09 കോടതിയും ഡ്രെയിനേജിന് 45.25 കോടിയും ഗതാഗതത്തിന് 14.1 കോടിയും ഗ്രീന്‍ സ്പെയ്സും പാര്‍ക്കുകള്‍ക്കും 4.34 കോടിയും ആണ് അനുവദിച്ചിരിക്കുന്നത്. 33.9 കോടി ചെലവില്‍ കൊമ്മാടി, നെഹ്റുട്രോഫി, പഴവങ്ങാടി, വലിയകുളം എന്നിവിടങ്ങളില്‍ ആലപ്പുഴ കുടിവെള്ള പദ്ധതിക്കായി നാല് ടാങ്കുകള്‍ നിര്‍മിക്കുന്നതിനുള്ള പ്രോജക്ട് ആലപ്പുഴ നഗരസഭ തയാറാക്കി ഭരണാനുമതിക്കും സാങ്കേതികാനുമതിക്കും അയച്ചിരിക്കുകയാണ്. അമൃത് പദ്ധതി ആരംഭിച്ചിട്ട് ഒരുവര്‍ഷമായെങ്കിലും നിര്‍മാണം ആരംഭിച്ച ഒരു പദ്ധതിപോലും ആലപ്പുഴയില്‍ ഇല്ല. അമൃത് പദ്ധതിക്ക് അനുമതി നല്‍കേണ്ട കമ്മിറ്റികള്‍ സംസ്ഥാനത്ത് രൂപവത്കരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടുന്ന ഹൈപവര്‍ സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുക്കും. വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് പലിശ സബ്സിഡിയോടെ ആറുലക്ഷം രൂപ വായ്പ അനുവദിക്കുന്നതിന് ബാങ്കുകളെയും ഗുണഭോക്താക്കളെയും പങ്കെടുപ്പിച്ച് ഓപണ്‍ അദാലത്തുകള്‍ സംഘടിപ്പിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് വേണുഗോപാല്‍ നിര്‍ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story