Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോതമംഗലത്തെ വിജയവും...

കോതമംഗലത്തെ വിജയവും തോല്‍വിയും ഇരുമുന്നണികളെയും അമ്പരപ്പിക്കുന്നത്

text_fields
bookmark_border
കോതമംഗലം: ഇടത് സ്ഥാനാര്‍ഥി ആന്‍റണി ജോണിന്‍െറ മണ്ഡലത്തിലെ എക്കാലത്തെയും ഭൂരിപക്ഷത്തിലുള്ള വിജയം ഇരു മുന്നണികളെയും അമ്പരപ്പിക്കുന്നത്. കഴിഞ്ഞതവണ വിജയിച്ച കുരുവിള നേടിയത് 12,222 വോട്ടാണ് മണ്ഡലത്തിലെ മികച്ച ഭൂരിപക്ഷം. ഇതും മറികടന്ന് 19,282 വോട്ടിനാണ് ഉറച്ച വലതുപക്ഷ മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ ഇടതു സ്ഥാനാര്‍ഥിയുടെ വിജയം. 25,000 മുകളില്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് യു.ഡി.എഫ് ക്യാമ്പ് അവകാശപ്പെട്ടിരുന്നത്. ഇടതുക്യാമ്പ് കണക്ക് കൂട്ടിയിരുന്നത് ഏറിയാല്‍ 4500 വോട്ടിന്‍െറ ഭൂരിപക്ഷവും. എം.എ കോളജ് യൂനിയന്‍ ചെയര്‍മാന്‍ എന്നനിലയിലും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ജില്ലാ നേതാവെന്ന നിലയിലും യുവതലമുറക്കുള്ളിലെ സ്വാധീനം എല്ലാ നിലയിലും ആന്‍റണിക്ക് വോട്ടായി മാറി. ഏരിയ നേതൃത്വത്തെ മറികടന്ന് സമുദായിക സമവാക്യങ്ങളില്‍ മാറ്റം പ്രതീക്ഷിച്ചാണ് ജില്ലാനേതൃത്വം കത്തോലിക്ക സമുദായാംഗമായ ആന്‍റണി ജോണിനെ സ്ഥാനാര്‍ഥിയാക്കിയത്. ജില്ലാ നേതൃത്വത്തിന്‍െറ തീരുമാനം ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. എക്കാലത്തും യു.ഡി.എഫിന് മുന്‍തൂക്കം നല്‍കുന്ന നഗരസഭ, കിരം പാറ, പിണ്ടിമന, കവളങ്ങാട് പഞ്ചായത്തുക്കളില്‍ ആന്‍റണിക്ക് ലഭിച്ച ഭൂരിപക്ഷം കത്തോലിക്കസഭാ വിശ്വാസികള്‍ ഇടത് സ്ഥാനാര്‍ഥിക്ക് ഒപ്പംനിന്നു എന്ന് തെളിയിക്കുന്നതാണ്. യാക്കോബായ വോട്ടുകളും മുസ്ലിം ന്യൂനപക്ഷ വോട്ടുകളും ആന്‍റണിയുടെ വിജയത്തിന്‍െറ ഗ്രാഫ് ഉയര്‍ത്തുന്നതിന് ഘടകമായി. നെല്ലിക്കുഴി പഞ്ചായത്തില്‍ മുസ്ലിം ലീഗ് ഭരണം നടത്തുന്ന പല്ലാരിമംഗലത്ത് ഏഴുന്നൂറില്‍പരം വോട്ടുകളുടെ ഭൂരിപക്ഷം ആന്‍റണി നേടി. 754 കോടി രൂപയുടെ വികസനത്തെ മുന്‍നിര്‍ത്തി കുരുവിള നിരത്തിയ വാദങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചില്ളെന്നതാണ് ഫലം വ്യക്തമാക്കുന്നത്. തങ്കളം കാക്കനാട് നാലുവരിപ്പാത, ചേലാട് മിനി സ്റ്റേഡിയം, നഗരത്തിലെ റിങ് റോഡുകള്‍ എന്നിവ കുരുവിള ഇടതുപക്ഷത്തോടൊപ്പം ഇരിക്കുമ്പോള്‍ ആരംഭിച്ചതും എന്നാല്‍, 10 വര്‍ഷത്തിനുശേഷവും പൂര്‍ത്തീകരിക്കപ്പെടാതെ പോയതും തുറന്ന് കാണിക്കപ്പെടുകയും ചെയ്തു. കാര്‍ഷിക മേഖലയില്‍ ഊന്നല്‍നല്‍കിയുള്ള ഒരു പദ്ധതിയും നടപ്പാക്കാതെപോയതും തിരിച്ചടിയായി. എന്‍.ഡി.എ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പി.സി. സിറിയക്കിന്‍െറ രംഗപ്രവേശം കാര്‍ഷിക കൂട്ടായ്മകള്‍ വഴി യു.ഡി.എഫ് വോട്ടുകള്‍ ചോര്‍ത്തുകയും ചെയ്തു. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയിലും യു.ഡി.എഫ് ക്യാമ്പിലും നിലനിന്നിരുന്ന കല്ലുകടി പോളിങ് ദിവസം വരെ നീണ്ടു നില്‍ക്കുകയും ചെയ്തു. എന്നാല്‍, ആദ്യം മടിച്ചുനിന്ന എല്‍.ഡി.എഫ് നേതൃത്വം പതുക്കെ രംഗം കൈയടക്കുകയും ചെയ്തു. എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് ബി.ഡി.ജെ.എസ് വഴി കൂടുതല്‍ വോട്ട് ലഭിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍, ഫലം നല്‍കുന്ന സൂചന കാര്യമായ വോട്ടുകള്‍ കിട്ടിയില്ളെന്നാണ്. ഒരു പഞ്ചായത്തില്‍പോലും യു.ഡി.എഫ് സ്ഥാനര്‍ഥിക്ക് മേല്‍ക്കൈ നേടാനായില്ല എന്നതും ശ്രദ്ധേയമാണ്. കോട്ടപ്പടി-1466, പിണ്ടിമന-1308, കുട്ടമ്പുഴ-1591, കീരംപാറ-271, നഗരസഭ-3098, നെല്ലിക്കുഴി-7210, വാരപ്പെട്ടി-2066, പല്ലാരിമംഗലം-720, കവളങ്ങാട്-2126 എന്നിങ്ങനെയാണ് ആന്‍റണി നേടിയ ഭൂരിപക്ഷം. യു.ഡി.എഫ് കേന്ദ്രങ്ങളില്‍ വന്‍ പൊട്ടിത്തെറിക്ക് വഴിവെക്കുന്നതാണ് തോല്‍വി. സീറ്റ് കേരള കോണ്‍ഗ്രസില്‍നിന്ന് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് മണ്ഡലം നേതാക്കള്‍ നടത്തിയ ചരടുവലിയാണ് തോല്‍വിയുടെ ആഴം വര്‍ധിപ്പിച്ചതെന്ന ആക്ഷേപം ഉയര്‍ന്നു. കേരള കോണ്‍ഗ്രസിനകത്ത് രൂപംകൊണ്ട പടലപ്പിണക്കവും നേതാക്കള്‍ തമ്മില്‍ പരസ്പര വിശ്വാസമില്ലായ്മയും പ്രചാരണത്തില്‍ പ്രതിഫലിച്ചതായി ചൂണ്ടി കാണിക്കപ്പെടുന്നു. അടിയൊഴുക്കുകളെ സംബന്ധിച്ച് ഇടതുനേതാക്കള്‍ക്ക് ഒരുധാരണയുമില്ലായിരുന്നു എന്ന് തെളിയിക്കുന്നതുമാണ് മത്സരഫലം.
Show Full Article
TAGS:LOCAL NEWS
Next Story