Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2016 12:36 PM GMT Updated On
date_range 20 May 2016 12:36 PM GMTഅരൂരിന്‍െറ അഭിമാനമായി വീണ്ടും ആരിഫ്
text_fieldsbookmark_border
ആലപ്പുഴ: ജില്ലയിലെ ഉയര്‍ന്ന ഭൂരിപക്ഷം കരസ്ഥമാക്കി അഡ്വ. എ.എം. ആരിഫ് അരൂര്‍ മണ്ഡലത്തില്‍ നേടിയത് ഹാട്രിക് വിജയം. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇഞ്ചോടിഞ്ച് പോരാട്ടത്തെ അഭിമുഖീകരിച്ച ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ വര്‍ധിച്ച ഭൂരിപക്ഷം സ്വന്തം അണികളെയും വിസ്മയിപ്പിച്ചിട്ടുണ്ട്. ആരിഫിന് അരൂര്‍ മണ്ഡലത്തില്‍ പതിവായി ലഭിക്കുന്ന നിഷ്പക്ഷ വോട്ടുകളുടെയും വ്യക്തി സ്വാധീനത്തിന്‍െറയും വര്‍ധിച്ച പ്രതിഫലനമാണ് ഇത്തവണത്തെ മികച്ച ഭൂരിപക്ഷം. ഇതോടൊപ്പം യു.ഡി.എഫിലെ ഘടനാപരമായ പാളിച്ചകളും കോണ്‍ഗ്രസില്‍ നിന്നുള്ള ചോര്‍ച്ചയും ന്യൂനപക്ഷ വിഭാഗങ്ങളുടെ ഇടയില്‍നിന്ന് ലഭിച്ച പിന്തുണയും സഹായകമായി. വോട്ടെണ്ണല്‍ സമയത്ത് ഒരിക്കല്‍പോലും എതിരാളിയെ മുന്നിലേക്ക് വിടാതെയാണ് ആരിഫ് വിജയത്തിലേക്കടുത്തത്. തുടക്കംമുതല്‍ അടിവെച്ച കയറ്റമായിരുന്നു. ലീഡ് വര്‍ധിച്ചുവന്ന വോട്ടെണ്ണലിന്‍െറ പകുതിഘട്ടത്തില്‍ തന്നെ ഏറെക്കുറെ വിജയം ഉറപ്പാക്കി. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. സി.ആര്‍. ജയപ്രകാശിനെ ബഹുദൂരം പിന്നിലാക്കിയപ്പോള്‍ അരൂര്‍ മണ്ഡലം ഒരിക്കല്‍ കൂടി ഇടതിന് ഒപ്പമെന്ന വിധിയെഴുത്ത് പൂര്‍ണമായി. ഇത്തവണ ലഭിച്ച 38,519 എന്ന ഭൂരിപക്ഷം അരൂര്‍ മണ്ഡലത്തിന്‍െറ ചരിത്രത്തില്‍ സമീപകാലത്ത് ആരും നേടിയിട്ടില്ല. ഭൂരിപക്ഷം 10,000 വും 20000 വും കവിഞ്ഞ് 30,000 ആയി ഉയരുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്തിന് സ്ഥാനാര്‍ഥി പോലും കരുതിയില്ല. എന്നാല്‍, ജനങ്ങളുടെ വര്‍ധിച്ച പിന്തുണയും എതിര്‍പാളയത്തില്‍ നിന്നുള്ള അടിയൊഴുക്കുകളും നന്നായി ഉപയോഗപ്പെടുത്തിയ ആരിഫിന് അത് അര്‍ഹിക്കുന്ന ഭൂരിപക്ഷമായി മാറി. ശക്തമായ എതിര്‍ പ്രചാരണത്തെ അതിജീവിച്ചാണ് ആരിഫ് ഈ നേട്ടം കൊയ്തത്. സി.ആര്‍. ജയപ്രകാശിന് 46,201 വോട്ട് ലഭിച്ചപ്പോള്‍ ആരിഫിന് 84,720 വോട്ട് ലഭിച്ചു. 2011ല്‍ 16,852 വോട്ടിന്‍െറ ഭൂരിപക്ഷമാണ് ആരിഫിന് ലഭിച്ചത്. അന്ന് എതിര്‍ സ്ഥാനാര്‍ഥി എ.എ. ഷുക്കൂറിന് 59,823 വോട്ടും. ഷുക്കൂറിനേക്കാള്‍ താഴെയാണ് ജയപ്രകാശിന് ലഭിച്ച വോട്ടുകള്‍. 2006ല്‍ 4,753 വോട്ടിന്‍െറ ഭൂരിപക്ഷമായി ആദ്യമായി അരൂരില്‍ മത്സരിച്ച ആരിഫിന് ലഭിച്ചത്. അന്ന് എതിരാളി കെ.ആര്‍. ഗൗരിയമ്മയായിരുന്നു. അതിനുമുമ്പ് 2001ല്‍ അരൂരില്‍ ഗൗരിയമ്മക്ക് 12,342 വോട്ടിന്‍െറ ഭൂരിപക്ഷമാണ് ലഭിച്ചത്. ’96ല്‍ ഗൗരിയമ്മക്ക് ലഭിച്ച ഭൂരിപക്ഷം 16,533ഉം. ഈ കണക്കുകള്‍വെച്ച് നോക്കുമ്പോള്‍ അതിശയിപ്പിക്കുന്ന ഭൂരിപക്ഷമാണ് ആരിഫ് ഇത്തവണ നേടിയത്. യു.ഡി.എഫ് കൂടാതെ ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തി ബി.ഡി.ജെ.എസിലെ അനിയപ്പനും രംഗത്തുണ്ടായിരുന്നു. 27,753 വോട്ട് നേടി. ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യത്തിന്‍െറ പ്രവര്‍ത്തനംവെച്ച് നോക്കുമ്പോള്‍ അത് നിസ്സാരമല്ല. 2011ല്‍ ബി.ജെ.പി അരൂരില്‍ നേടിയ 7,486 വോട്ടിന്‍െറ സ്ഥാനത്താണിത്. മണ്ഡലത്തിലെ വികസനവും ജനങ്ങളുമായുള്ള ബന്ധവും പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ സ്വാധീനവും സര്‍വോപരി എതിര്‍പാളയത്തിലെ പിണക്കങ്ങളും സമര്‍ഥമായി ഉപയോഗപ്പെടുത്താന്‍ ആരിഫിന് കഴിഞ്ഞു. അതോടൊപ്പം ഇടതുപക്ഷ മുന്നണി നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളും ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിന് കാരണമായി.
Next Story