Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതുടക്കം മുതല്‍ ഒടുക്കം...

തുടക്കം മുതല്‍ ഒടുക്കം വരെ പോളിങ് ഉഷാര്‍

text_fields
bookmark_border
ആലപ്പുഴ: കാലാവസ്ഥ ചതിക്കുമോ എന്ന ആശങ്ക ഉണ്ടായെങ്കിലും തുടക്കം മുതല്‍ ഒടുക്കം വരെ പോളിങ് ഉഷാര്‍. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. വോട്ടുയന്ത്രങ്ങള്‍ ചില സ്ഥലത്ത് പണിമുടക്കിയെങ്കിലും പെട്ടെന്നുതന്നെ പരിഹരിച്ചതിനാല്‍ വോട്ടെടുപ്പിനെ ബാധിച്ചില്ല. വോട്ടെടുപ്പ് മന്ദഗതിയില്‍ നടന്ന ചില ബൂത്തുകളില്‍ വേട്ടെടുപ്പിന്‍െറ സമയപരിധിയായ ആറുമണി കഴിഞ്ഞും പോളിങ് തുടര്‍ന്നു. വൈകുന്നേരത്തെ മഴയെ പേടിച്ച് രാവിലെ മുതല്‍തന്നെ വോട്ടര്‍മാര്‍ കൂട്ടമായി പോളിങ് ബൂത്തുകളില്‍ എത്തുകയായിരുന്നു. വോട്ടെടുപ്പ് തുടങ്ങും മുമ്പുതന്നെ തീരദേശത്തെയും കുട്ടനാട്ടിലെയുമൊക്കെ പല ബൂത്തുകളിലും നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. ആദ്യ ഒരുമണിക്കൂറില്‍തന്നെ പല ബൂത്തുകളിലും പോളിങ് എട്ടുശതമാനം വരെ എത്തി. തുടര്‍ന്നുള്ള ഓരോ മണിക്കൂറിലും എഴു മുതല്‍ എട്ടു ശതമാനം വരെ പോളിങ് ഉയര്‍ന്നുകൊണ്ടിരുന്നു. ചില സ്ഥലങ്ങളില്‍ രാവിലെ മഴ അല്‍പം ബുദ്ധിമുട്ടിച്ചെങ്കിലും പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് ദൃശ്യമായത്. 11 മണിയായപ്പോള്‍ മിക്ക ബൂത്തുകളിലും 40 ശതാമനം പോളിങ് രേഖപ്പെടുത്തി. എന്നാല്‍ 12 മണിയായപ്പോള്‍ രാവിലെ വലിയ തിരക്ക് അനുഭവപ്പെട്ട ഏതാണ്ട് മിക്ക ബൂത്തുകളും തിരക്കൊഴിഞ്ഞ് ആരും ഇല്ലാതായി. ഒന്നും രണ്ടും പേര്‍ ഇടക്കിടക്ക് വന്നും പോയുമിരുന്നു. ഇതോടെ ആങ്കലാപ്പിലായ പാര്‍ട്ടി പ്രവര്‍ത്തകര്‍ വാഹനങ്ങളുമായി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഏതാണ്ട് രണ്ട് മണിവരെയും ഇതുതന്നെയായിരുന്നു മിക്ക ബൂത്തുകളിലെയും സ്ഥിതി. എന്നാല്‍, രണ്ടുമണിക്കുശേഷം വോട്ടര്‍മാര്‍ കൂട്ടത്തോടെ എത്താന്‍ തുടങ്ങിയതോടെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട വരിയാണ് കാണാന്‍ കഴിഞ്ഞത്. വോട്ടര്‍മാരുടെ നീണ്ട ക്യൂ മിക്കയിടങ്ങളിലും ബൂത്തുകളുടെ കോമ്പൗണ്ടും കടന്ന് റോഡിലേക്ക് നീണ്ടു. ഭൂരിഭാഗം ബൂത്തുകളിലും വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എങ്ങും വോട്ട് യന്ത്രങ്ങള്‍ കാര്യമായി പണിമുടക്കിയില്ല എന്നതാണ് സ്ഥിതി. വൃദ്ധര്‍, ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം മുന്തിയ പരിഗണനയാണ് ബൂത്തുകളില്‍ നല്‍കിയത്. ഇവരെ പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നതിനായി നാട്ടുകാരും എത്തിയിരുന്നു. തീരപ്രദേശങ്ങളില്‍ സജീകരിച്ച പോളിങ് ബൂത്തുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഗവ. ഹൈസ്കൂള്‍ പൊള്ളേത്തൈ, മാരാരിക്കുളം സെന്‍റ് അഗസ്റ്റിന്‍ എച്ച്.എസ്.എസ് എന്നിവിടങ്ങള്‍ കേന്ദ്ര സേനയുടെ നിരീക്ഷണത്തിലാണ് പോളിങ് നടന്നത്. കണിച്ചുകുളങ്ങര പെരുന്നേര്‍ മംഗലം മാതൃകാ പോളിങ് സ്റ്റേഷന്‍ ആക്കുമെന്ന നിര്‍ദേശം പാലിക്കപ്പെട്ടില്ല. ഇതിനെതിരെ വോട്ടുചെയ്യാനത്തെിയവര്‍ ചോദ്യം ചെയ്തു. ചേര്‍ത്തല ഗവ. ടൗണ്‍ എല്‍.പി.എസിലെ 65ാം നമ്പര്‍ പോളിങ് ബൂത്തില്‍ മാതൃക പോളിങ് ബൂത്ത് സജ്ജീകരിച്ചിരുന്നു. വോട്ട് ചെയ്യാന്‍ എത്തിയവര്‍ക്ക് നന്ദി എന്ന് പ്രവേശ കവാടത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് കൂടാതെ കുടിവെള്ളം, അമ്പതുപേര്‍ക്ക് ഇരിക്കുന്നതിനുള്ള സജ്ജീകരണം, ഹെല്‍പ് ഡെസ്ക്, വോട്ടര്‍മാര്‍ക്ക് പരാതി ബോധിപ്പിക്കാനുള്ള സജ്ജീകരണം എന്നിവ ഒരുക്കിയിരുന്നു. പ്രശ്നബാധിത ബൂത്തുകളില്‍ പൊലീസ് നിരീക്ഷണത്തിന് ഒപ്പം വെബ് കാമറയും ഘടിപ്പിച്ചിരുന്നു. പൊലീസും കേന്ദ്രസേനയും നിരീക്ഷണം ശക്തമാക്കിയതോടെ സമാധാനപരമായി പോളിങ് അവസാനിപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു. അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം, പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, തുടങ്ങി പാഞ്ചായത്തുകളില്‍ തുടക്കം മുതല്‍ ഒടുക്കം പോളിങ് ഉഷാറായിരുന്നു. രാവിലെ മുതല്‍ കാറുമുടിക്കിടക്കുന്ന അന്തരീക്ഷവും ഇടപെട്ടുപെയ്യുന്ന മഴയും ഇവിടത്തുകാരെ തളര്‍ത്തിയില്ല. അദ്യ മണിക്കൂറില്‍തന്നെ നല്ളൊരുശതമാനം പോളിങ് നടന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ വലിയ ക്യൂവാണ് എല്ലായിടത്തും കാണാന്‍ സാധിച്ചത്. തൃച്ചാറ്റുകുളം എന്‍.എസ്.എസ് സ്കൂളിലെ 62ാം ബൂത്തിലെ തറയിലെ ടൈല്‍സ് വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടായി. ഭിത്തിയില്‍ ഒട്ടിക്കേണ്ട ടൈല്‍സാണ് സ്കൂളില്‍ നിലത്ത് ഒട്ടിച്ചിരുന്നത്. വോട്ടര്‍മാരായ സ്ത്രീകള്‍ ഇതില്‍ തെന്നിവീഴുകയും പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് വരുകയും ചെയ്തു. അരൂര്‍ നിയമസഭാ മണ്ഡലത്തിലെ പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി മേഖലകളില്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിച്ചിരുന്നതിനാല്‍ ഇവിടങ്ങളിലൊന്നും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ചില ബൂത്തുകളില്‍ പോളിങ് പൊതുവെ മന്ദഗതിയിലായിരുന്നു. ഓടമ്പള്ളി ഗവ. എല്‍.പി.എസിലെ 67ാം നമ്പര്‍ ബൂത്തിലും തേവര്‍ വട്ടം ഗവ. ഹൈസ്കൂളിലെ 96ാം നമ്പര്‍ ബൂത്തിലുമായിരുന്നു ഏറെ മന്ദഗതി. ഇവിടങ്ങളില്‍ വൈകീട്ട് ആറിന് ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ കൊടുക്കുകയായിരുന്നു. 7.15ഓടെയാണ് ഇവിടെ പോളിങ് അവസാനിച്ചത്. പോളിങ് ഉദ്യോഗസ്ഥരുടെ പരിചയക്കുറവാണ് മന്ദഗതിക്ക് ഇടയാക്കിയത്. ചേര്‍ത്തലയില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാവിലെയുണ്ടായ മഴയെ തുടര്‍ന്ന് പോളിങ്ങില്‍ അല്‍പം മന്ദത ഉണ്ടായെങ്കിലും എട്ടോടെ ബൂത്തുകളില്‍ തിരക്ക് ആരംഭിച്ചു. ആദ്യത്തെ ഒരുമണിക്കൂറില്‍ അഞ്ചുശതമാനം പോളിങ് രേഖപ്പെടുത്തുകയുണ്ടായി. ഉച്ചയോടെ 40 ശതമാനത്തോളം പോളിങ്ങാണ് നടന്നത്. തീര പ്രദേശങ്ങളായ അര്‍ത്തുങ്കല്‍, തൈക്കല്‍ ആയിരം തൈ, ഒറ്റമശ്ശേരി, അന്ധകാരനഴി തുടങ്ങിയ പ്രദേശങ്ങളില്‍ രാവിലെ മുതല്‍ നല്ലരീതിയില്‍ പോളിങ് നടന്നു. കഞ്ഞിക്കുഴിയിലെ ഒരു ബൂത്തിലൊഴികെ വോട്ടുയന്ത്രത്തകരാറുകള്‍ മറ്റെങ്ങുമുണ്ടായില്ല. കഞ്ഞിക്കുഴി കയര്‍ സംഘത്തില്‍ വെളിച്ചക്കുറവ് നിമിത്തം ഒന്നര മണിക്കൂര്‍ പോളിങ് താമസിച്ചു. മുഹമ്മ പഞ്ചായത്തിലെ സി.എം.എസ് എല്‍.പി സ്കൂളില്‍ ഒഴികെ രാവിലെ ബൂത്തുകളിലൊന്നും കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഒന്നുമുണ്ടായില്ല. കടക്കരപ്പള്ളി പഞ്ചായത്തിലെ വട്ടക്കര ബൂത്തില്‍ രാവിലെ ഒരു സ്ഥാനാര്‍ഥിയുടെ ചിഹ്നം പതിച്ചിരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായെങ്കിലും ഉടന്‍ പരിഹരിക്കുകയുണ്ടായി. ചേര്‍ത്തല നഗരസഭയില്‍ നൈപുണ്യ കോളജിലെ ബൂത്തില്‍ വോട്ടുചെയ്യാനത്തെുന്നവരുടെ വിരലുകളില്‍ മഷി പുരട്ടുന്നില്ലായെന്ന പരാതി ഉയര്‍ന്നിരുന്നു. ചേര്‍ത്തല സൗത് പഞ്ചായത്തിലെ അരീപ്പറമ്പ് സ്കൂള്‍ ബൂത്തിനു മുന്നില്‍ പതിച്ചിരുന്ന സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളെല്ലാം പ്രവര്‍ത്തകരെക്കൊണ്ട് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യിച്ചു. നഗരത്തിലെ 54ാം നമ്പര്‍ ബൂത്തായ പൂത്തോട്ട പി.ഡബ്ള്യൂ.ഡി ഓഫിസിന ്സമീപം സ്ഥാപിച്ചിരുന്ന യു.ഡി.എഫ് ബൂത്ത് ഓഫിസ് ഞായറാഴ്ച രാത്രി ആരോ തകര്‍ത്തു. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ രാവിലെമുതല്‍ ഭൂരിഭാഗം ബൂത്തുകളിലും കനത്ത പോളിങ്ങാണ് ഉണ്ടായത്. ഏഴുമണിക്കുതന്നെ സ്ത്രീകളുടെയും പ്രായമായവരുടെയും സാന്നിധ്യം പ്രകടമായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ ഏറെയുള്ള പുറക്കാട് പഞ്ചായത്തിലെ തൈച്ചിറ, ഇല്ലിച്ചിറ ഭാഗത്തെ വോട്ടര്‍മാര്‍ പടിഞ്ഞാറുഭാഗത്തെ പോളിങ് ബൂത്തിലത്തൊന്‍ വള്ളങ്ങളെ ആശ്രയിച്ചു. ഇടത്തോടുകള്‍ കടന്നുവേണം ഇവര്‍ക്ക് മറുകരയില്‍ എത്താന്‍. മറുകരയിലത്തെി വാഹനങ്ങളിലാണ് വൃദ്ധരായ വോട്ടര്‍മാര്‍ ബൂത്തിലത്തെിയത്. പ്രായം മറന്നുള്ള വോട്ടര്‍മാരുടെ ആവേശം എവിടെയും പ്രകടമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story