Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമതേതരത്വം തകര്‍ക്കാന്‍...

മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വെറുതെവിടില്ല –വി.എസ്

text_fields
bookmark_border
ആലപ്പുഴ: കേരളത്തിന്‍െറ മതേതര പാരമ്പര്യം തകര്‍ക്കാന്‍ ഒരുശക്തിയെയും അനുവദിക്കില്ളെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്ത മതേതര പാരമ്പര്യം ഇല്ലായ്മ ചെയ്യാന്‍ ആസൂത്രിതശ്രമം നടക്കുകയാണ്. അത്തരക്കാരെ വെറുതെവിടില്ളെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു വി.എസ്. കമ്യൂണിസ്റ്റുകളും ക്രിസ്ത്യാനികളും മുസ്ലിംകളുമാണ് തങ്ങളുടെ പ്രധാന ശത്രുക്കളെന്ന് ആര്‍.എസ്.എസ് തലവന്‍ ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കൂട്ടര്‍ക്കെതിരെയുള്ള പോരാട്ടമാണ് ആര്‍.എസ്.എസിന്‍െറ ലക്ഷ്യം. രാജ്യത്തെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ഭരണഘടനാതത്ത്വമായി അനുവദിക്കപ്പെട്ട സംവരണം ഇല്ലായ്മ ചെയ്യാനാണ് ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നത്. ആദിവാസി-പിന്നാക്ക-പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിനെതിരെയാണ് ആര്‍.എസ്.എസ് നീങ്ങുന്നത്. ഇതിനെതിരെ പ്രതികരിച്ചതിനാണ് ജെ.എന്‍.യുവിലും ഹൈദരാബാദ് സര്‍വകലാശാലയിലും ദലിത് വിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെട്ടത്. ഇത്തരം നിലപാടുകാരുമായി യോജിക്കുന്ന വെള്ളാപ്പള്ളി നടേശനെ ബി.ജെ.പി കൂട്ടുകെട്ടിനുള്ള പാലമായാണ് ഉമ്മന്‍ ചാണ്ടി ഉപയോഗിക്കുന്നത്. മതേതര ജനാധിപത്യം ദുര്‍ബലപ്പെടാതിരിക്കാന്‍ ശക്തമായ പോരാട്ടംതന്നെ നടത്തേണ്ടിവരും. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തിയാല്‍ എന്തും നടക്കുമെന്നാണ് സംവരണ വിരോധികള്‍ കരുതുന്നത്. അതിന് അനുവദിച്ചുകൂടാ. വെള്ളാപ്പള്ളിക്കെതിരെയുള്ള കേസുകള്‍ ഉമ്മന്‍ ചാണ്ടി പ്രത്യുപകാരമെന്നോണം ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല, ഇടുക്കിയിലെ കണ്ണായ സ്ഥലം നടേശനെ സ്വാധീനിക്കാന്‍ ഉമ്മന്‍ ചാണ്ടി എഴുതിക്കൊടുക്കുകയും ചെയ്തു. കൊടിയ അഴിമതി പരമ്പരയും ഭൂമി കച്ചവടവുമൊക്കെ നടത്തി വീണ്ടും ഭരണത്തില്‍ ഇരിക്കാന്‍ മോഹിക്കുന്ന ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും തെരഞ്ഞെടുപ്പ് കടുത്ത തിരിച്ചടിയാകുമെന്നും വി.എസ് പറഞ്ഞു. വിവിധ യോഗങ്ങളില്‍ ചേര്‍ത്തല, അമ്പലപ്പുഴ, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലെ ഇടതുസ്ഥാനാര്‍ഥികളും നേതാക്കളും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story