Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്ഥാനാര്‍ഥി...

സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കായംകുളത്ത് സി.പി.എമ്മില്‍ പ്രതിഷേധം

text_fields
bookmark_border
കായംകുളം: പ്രമുഖനേതാക്കളെ വെട്ടിനിരത്താന്‍ പുതുമുഖത്തെ പരിഗണിക്കാനുള്ള തീരുമാനം പ്രാദേശികതലങ്ങളില്‍ സി.പി.എമ്മില്‍ പൊട്ടിത്തെറിക്ക് കാരണമായി. നേതൃത്വത്തില്‍നിന്ന് പ്രഖ്യാപനം വരുമ്പോള്‍ തങ്ങള്‍ക്ക് പലതും തുറന്നുപറയേണ്ടി വരുമെന്ന മുന്നറിയിപ്പാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്. ജില്ലാ നേതൃത്വത്തിന്‍െറ തീരുമാനം വിഭാഗീയ ചിന്തകള്‍ക്കും ആക്കംകൂട്ടിയിരിക്കുകയാണ്. ജില്ലാസെക്രട്ടേറിയറ്റിന്‍െറ സ്ഥാനാര്‍ഥി തീരുമാനത്തിനെതിരെ സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ നിരവധി പരാതിയാണ് കായംകുളത്തുനിന്ന് പോയിരിക്കുന്നത്. ഭരണിക്കാവ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് രജനി പാറക്കാടിനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശമാണ് ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്. ഭരണിക്കാവ് പഞ്ചായത്ത് പരിധിയില്‍പോലും വേണ്ടത്ര ബന്ധങ്ങളില്ലാത്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സുരക്ഷിത മണ്ഡലം നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നാണ് പരാതിക്കാരുടെ വാദം. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സിറ്റിങ് എം.എല്‍.എ സി.കെ. സദാശിവന്‍, സി.എസ്. സുജാത, സി.ബി. ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് അഡ്വ. യു. പ്രതിഭാഹരി എന്നിവരെ ഒഴിവാക്കുന്നതിനാണ് രജനിയെ സ്ഥാനാര്‍ഥി ആക്കിയതെന്നാണ് പറയുന്നത്. അതേസമയം, നിര്‍ബന്ധിത സാഹചര്യത്തിലാണ് രജനി പാറക്കാട് ബ്ളോക് പഞ്ചായത്തിലേക്ക് മത്സരിക്കുകയും പിന്നീട് പ്രസിഡന്‍റാവുകയും ചെയ്തത്. ഇക്കാര്യം മത്സരസമയത്ത് പൊതുവേദികളില്‍തന്നെ ഇവര്‍ പറഞ്ഞിരുന്നു. കെല്‍ട്രോണില്‍ ഉന്നത ഉദ്യോഗം വഹിച്ചിരുന്ന രജനി ഭരണിക്കാവില്‍ സ്ഥിരതാമസമാക്കിയിട്ട് കുറഞ്ഞ നാളുകളെ ആയിട്ടുള്ളൂ. ജൈവകൃഷിയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനിടെയാണ് ബ്ളോക് പഞ്ചായത്ത് ഡിവിഷനിലേക്ക് അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിത്വം ലഭിക്കുന്നത്. ഇടതുസ്വതന്ത്രയായാണ് മത്സരിച്ചത്. അതേസമയം, നിയമസഭാ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തനിക്ക് അറിയില്ളെന്നും ഒൗദ്യോഗികമായി തന്നെ ആരും സമീപിച്ചിട്ടില്ളെന്നും രജനി പാറക്കാട്ട് ’മാധ്യമ’ത്തോട് പറഞ്ഞു. സി.കെ. സദാശിവനെ ഒഴിവാക്കുമ്പോള്‍ പകരമായി സി.എസ്. സുജാതയെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, വി.എസ് പക്ഷം ഒതുക്കപ്പെട്ടു. കഴിഞ്ഞ പാര്‍ലമെന്‍റ്-തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് വ്യക്തമായ മേല്‍കൈ ലഭിച്ച മണ്ഡലം യു.ഡി.എഫിന് അടിയറവെക്കാനുള്ള ചിലരുടെ താല്‍പര്യങ്ങളാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതക്ക് കാരണമെന്ന തരത്തിലാണ് നേതൃത്വത്തിന് പരാതി പോയിരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തോടുള്ള തുറന്ന വിമര്‍ശസമീപനമാണ് ഫേസ്ബുക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും നിറയുന്നത്.
Show Full Article
TAGS:LOCAL NEWS
Next Story