Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസൗരോര്‍ജ...

സൗരോര്‍ജ വഴിവിളക്കുകള്‍ അനാഥാവസ്ഥയില്‍

text_fields
bookmark_border
ആറാട്ടുപുഴ: ലക്ഷങ്ങള്‍ ചെലവഴിച്ച് എന്‍.ടി.പി.സി സ്ഥാപിച്ച സൗരോര്‍ജ വഴിവിളക്കുകള്‍ അനാഥാവസ്ഥയില്‍. അതിനിടെ, സൗരോര്‍ജ വഴിവിളക്കിന്‍െറ ബാറ്ററി മോഷണംപോയി. ആറാട്ടുപുഴ എം.ഇ.എസ് ജങ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള വഴിവിളക്കിന്‍െറ ആയിരങ്ങള്‍ വിലവരുന്ന ബാറ്ററിയാണ് കഴിഞ്ഞദിവസം മോഷണംപോയത്. ഒരുവര്‍ഷം മുമ്പ് എന്‍.ടി.പി.സിയാണ് തീരദേശ റോഡിന്‍െറ അരികില്‍ വിളക്കുകള്‍ സ്ഥാപിച്ചത്. വിളക്കുകാലില്‍ സ്ഥാപിച്ച ഇരുമ്പുപെട്ടിയുടെ അകത്തായിരുന്നു ബാറ്ററി വെച്ചിരുന്നത്. തുരുമ്പെടുത്ത പെട്ടി മാസങ്ങളായി പൊളിഞ്ഞുകിടക്കുകയായിരുന്നു. മുന്‍ പഞ്ചായത്ത് അധികാരികളെപോലെ തന്നെ നിലവിലെ അധികാരികളും തുടരുന്ന അലംഭാവമാണ് മോഷണത്തിന് വഴിവെച്ചതെന്നാണ് ആരോപണം. പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 15 സൗരോര്‍ജ വഴിവിളക്കുകളാണ് എന്‍.ടി.പി.സി സ്ഥാപിച്ചത്. ഏഴ് ലക്ഷത്തോളമാണ് ഇതിന് ചെലവഴിച്ചത്. പിറ്റേദിവസം മുതല്‍തന്നെ വിളക്കുകള്‍ കണ്ണടക്കാന്‍ തുടങ്ങി. ഒരുമാസത്തിനുള്ളില്‍ ഭൂരിഭാഗം വിളക്കുകളും കണ്ണടച്ചു. വിവരം എന്‍.ടി.പി.സിയെ ധരിപ്പിച്ചതിനെ തുടര്‍ന്ന് കമ്പനിക്കാരെക്കൊണ്ട് അറ്റകുറ്റപ്പണി നടത്തി. എന്നാല്‍, പലതിനും അധിക നാള്‍ ആയുസ്സുണ്ടായിരുന്നില്ല. വീണ്ടും എന്‍.ടി.പി.സിയെ വിവരം ധരിപ്പിച്ചപ്പോള്‍, പഞ്ചായത്തിനാണ് തുടര്‍ന്നുള്ള അറ്റകുറ്റപ്പണി നടത്തുന്നതിന്‍െറ ഉത്തരവാദിത്തം എന്ന മറുപടിയാണ് ലഭിച്ചത്. വിളക്ക് സ്ഥാപിച്ച ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയെ ബന്ധപ്പെടാനുള്ള വിവരങ്ങളും പഞ്ചായത്തിന് കൈമാറിയിട്ടുണ്ടെന്നും എന്‍.ടി.പി.സി അധികൃതര്‍ പറഞ്ഞു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിളക്കുപോലും മിഴിതുറന്നില്ല. തങ്ങള്‍ക്ക് ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചിട്ട് കമ്പനിയുടെ ഒരാളെ പോലും ലഭിച്ചില്ളെന്നാണ് പഞ്ചായത്ത് അധികാരികള്‍ പറഞ്ഞത്. ഗാരന്‍റി കാലാവധി തീരുന്നതിനുമുമ്പ് കമ്പനിയുമായി ബന്ധപ്പെട്ട് വിളക്കുകളുടെ തകരാര്‍ പരിഹരിക്കാന്‍ മുന്‍ പഞ്ചായത്ത് അധികാരികള്‍ കാര്യക്ഷമമായ ഒരു ഇടപെടലും നടത്തിയിരുന്നില്ല. വിളക്കുകള്‍ ഒന്നുംതന്നെ നിലവില്‍ കത്തുന്നില്ല. കടല്‍ത്തീരത്ത് വിളക്ക് സ്ഥാപിച്ചതാണ് വിളക്കുകള്‍ അകാല ചരമംപൂകാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. വിളക്കുകള്‍ തീരത്തുനിന്ന് മാറ്റി കിഴക്കന്‍ ഭാഗങ്ങളില്‍ സ്ഥാപിച്ചാല്‍ ഉപയോഗപ്രദമാക്കാന്‍ കഴിയും. വൈദ്യുതി ചാര്‍ജ് ഇനത്തില്‍ തന്നെ പ്രതിവര്‍ഷം പതിനായിരങ്ങള്‍ ലാഭിക്കാനും കഴിയും. സംഗതികളെല്ലാം ബോധ്യപ്പെട്ടിട്ടും പ്രായോഗിക നടപടി കൈക്കൊള്ളാന്‍ വൈകുകയാണ്. സൗരോര്‍ജ വിളക്കുകള്‍ തങ്ങളുടെ അധികാരപരിധിയില്‍ അല്ലാത്തതിനാല്‍ കെ.എസ്.ഇ.ബിയും തിരിഞ്ഞുനോക്കുന്നില്ല. പ്രധാന ജങ്ഷനുകളില്‍ സ്ഥാപിച്ച വിളക്കുകള്‍ എല്ലാം അണഞ്ഞതോടെ ജനങ്ങള്‍ ദുരിതത്തിലാണ്. ശേഷിക്കുന്ന വിളക്കുകളുടെ ബാറ്ററികളും മോഷണം പോകാനുള്ള സാധ്യത ഏറെയാണ്. ഇത് സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും വിളക്കുകള്‍ ഉപയോഗയോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS
Next Story