Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2016 8:02 PM IST Updated On
date_range 1 March 2016 8:02 PM ISTആലപ്പുഴ നഗരസഭ ബജറ്റ്: നിര്‍ധന രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ്; ‘വിശപ്പില്ലാത്ത നഗരം’ പദ്ധതി
text_fieldsbookmark_border
ആലപ്പുഴ: ആലപ്പുഴ നഗരസഭക്ക് 2016-17 സാമ്പത്തിക വര്‍ഷത്തേക്ക് 233,98,12,230 രൂപ വരവും 223,93,44,020 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ വൈസ് ചെയര്‍പേഴ്സണ്‍ ബീന കൊച്ചുബാവയാണ് പുതിയ യു.ഡി.എഫ് ഭരണസമിതിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് അവതരണത്തില്‍നിന്ന് പ്രതിപക്ഷാംഗങ്ങള്‍ വിട്ടുനിന്നു. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പിന്നീട് നഗരസഭാ കവാടത്തിന് മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തു. ജനക്ഷേമകരവും ശ്രദ്ധയാകര്‍ഷിക്കുന്നതുമായ നിരവധി പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രഥമ പരിഗണന സമ്പൂര്‍ണ ഭവന പദ്ധതിക്കാണ്. നഗരത്തിലെ ഭവനരഹിതര്‍ക്ക് വാസയോഗ്യമായ വീടുകള്‍ നിര്‍മിച്ചുനല്‍കുകയാണ് പ്രഖ്യാപിത ലക്ഷ്യമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് വൈസ് ചെയര്‍പേഴ്സണ്‍ പറഞ്ഞു. ഈ വര്‍ഷം തന്നെ 1000പേര്‍ക്ക് കേന്ദ്രസഹായം കൂടി പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ വീടുവെച്ച് നല്‍കാന്‍ ലക്ഷ്യമിടുന്നു. ഇതിനായി 30 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 5000 പേര്‍ക്ക് ഈനിലയില്‍ വീടുവെച്ചുനല്‍കാനാണ് ശ്രമിക്കുന്നത്. നഗരത്തിലെ മധ്യവര്‍ഗത്തില്‍പെട്ടവര്‍ക്കും ഭവന നിര്‍മാണത്തിനും ഭവനങ്ങള്‍ വാങ്ങുന്നതിനും പലിശ സബ്സിഡിയുള്ള പദ്ധതിയും കേന്ദ്രസഹായത്തോടെ നടപ്പാക്കും. ആലപ്പുഴ കുടിവെള്ള പദ്ധതി ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കുമെന്ന് ബജറ്റില്‍ പറയുന്നു. 33 കോടി രൂപ മുടക്കി വിതരണ ലൈനുകള്‍ മാറ്റുന്നതിനുള്ള പ്രവൃത്തികളും ആരംഭിക്കും. സാധാരണക്കാര്‍ക്കായി സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കുമെന്നും ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നു. ആര്‍.ഒ പ്ളാന്‍റുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. വനിതാ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന കുടിവെള്ള ബോട്ട്ലിങ് പദ്ധതിക്ക് പത്തുലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി. നഗരജ്യോതി പദ്ധതി നടപ്പാക്കാന്‍ ബജറ്റില്‍ 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വഴിവിളക്കുകള്‍ എത്തിച്ചേരാത്ത മുഴുവന്‍ പ്രദേശങ്ങളിലും ലൈന്‍ വലിച്ച് വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ 55 ലക്ഷം രൂപ വകയിരുത്തി. പട്ടികജാതി വിഭാഗങ്ങള്‍ ഏറെ വസിക്കുന്ന നെഹ്റു ട്രോഫി മേഖലയിലേക്ക് അമൃത് പദ്ധതിയില്‍പെടുത്തി ചെറിയ വാഹനങ്ങള്‍ക്ക് കയറാവുന്ന പാലം നിര്‍മിക്കും. 1.5 കോടിയാണ് ഇതിന് നീക്കിവെച്ചത്. വിദ്യാഭ്യാസ മേഖലയില്‍ ‘അക്ഷരവെട്ടം’ എന്ന സമഗ്ര പദ്ധതിയും പ്രഖ്യാപിച്ചു. നാലാംക്ളാസ് വരെയുള്ള വിദ്യാര്‍ഥികളുടെ പഠനസാഹചര്യം മികവുറ്റതാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 2.30 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ഹാജര്‍ നിലവാര പരിശോധനക്ക് ഐ.കെ.എമ്മിന്‍െറ സഹായത്തോടെ സോഫ്റ്റ്വെയറും നടപ്പാക്കും. പത്താംക്ളാസ്, പ്ളസ് ടു വിജയികള്‍ക്ക് നഗരസഭാതല അവാര്‍ഡ് വിതരണവും നടത്തും. വഴിയോര കച്ചവടക്കാരുടെ പുനരധിവാസം അടക്കം ലക്ഷ്യമിട്ട് ‘സമൃദ്ധ നഗരം’ പദ്ധതിയും നടപ്പാക്കും. ഇതിന് 6.50 കോടി രൂപയാണ് വകയിരുത്തിയത്. വ്യാപാരി വ്യവസായി സംഘടനകളുടെയും ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍െറയും മറ്റും സഹകരണത്തോടെ നടപ്പാക്കുന്ന ‘വിശപ്പില്ലാത്ത നഗരം’ പദ്ധതിക്ക് പ്രവാസി സമൂഹത്തിന്‍െറ പിന്തുണയും ഉറപ്പാക്കും. നഗരസഭാ ശാന്തിമന്ദിരത്തില്‍ 1.25 കോടി ചെലവില്‍ പുതിയ കെട്ടിടം, 12 കോടി ചെലവിട്ട് നഗരസഭാ സ്റ്റേഡിയം പൂര്‍ത്തീകരണം, 25 ലക്ഷം രൂപ ചെലവില്‍ ടൗണ്‍ഹാള്‍ നവീകരണം എന്നിവയും ഏറ്റെടുക്കും. നിരത്തുകള്‍ ടൈല്‍ പാകി മനോഹരമാക്കുക, കടത്തുവള്ളങ്ങള്‍ക്ക് പകരം യന്ത്രവത്കൃത ബോട്ടുകള്‍ ഏര്‍പ്പെടുത്തുക, അങ്കണവാടികള്‍ക്ക് അഞ്ചുവര്‍ഷത്തിനുള്ളില്‍ സ്വന്തമായി സ്ഥലവും കെട്ടിടവും നിര്‍മിക്കുക, ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസിന് സംവിധാനമൊരുക്കുക, ഒരുകോടി ചെലവിട്ട് നഗരത്തില്‍ 20 എയ്റോബിക് കമ്പോസ്റ്റുകള്‍ കൂടി സ്ഥാപിക്കുക, അറവുശാലകള്‍ നവീകരിക്കുക എന്നിവയും ലക്ഷ്യമാണ്. തരിശുകിടക്കുന്ന പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കും. ‘എന്‍െറ സ്വന്തം ആലപ്പുഴ’ എന്ന പേരില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി ആരംഭിക്കും. പ്ളാസ്റ്റിക് പുനരുപയോഗത്തിന് പ്ളാസ്റ്റിക് പെല്ലറ്റ് നിര്‍മാണ യൂനിറ്റിനും പദ്ധതിയുണ്ട്. നഗരസേവാ കേന്ദ്രങ്ങള്‍ എല്ലാ വാര്‍ഡുകളിലും ആരംഭിക്കും. ഇതിന് 26 ലക്ഷം രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. യോഗത്തില്‍ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. ബജറ്റ് അവതരണം ബഹിഷ്കരിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ കവാടത്തില്‍ നടത്തിയ ധര്‍ണ പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story