Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2016 12:13 PM GMT Updated On
date_range 14 Jun 2016 12:13 PM GMTകൃഷിമന്ത്രി എത്തുന്നു; കുട്ടനാടിന് പ്രതീക്ഷ
text_fieldsbookmark_border
ആലപ്പുഴ: പരിസ്ഥിതിയെയും കൃഷിയെയും സ്നേഹിക്കുന്ന പുതിയ കൃഷിമന്ത്രിയുടെ സന്ദര്‍ശനത്തില്‍ കുട്ടനാടിന് പ്രതീക്ഷ. കാല്‍നൂറ്റാണ്ടോളം മുടങ്ങിയ ശേഷം കഴിഞ്ഞ വര്‍ഷം കൃഷി പുനരാരംഭിച്ച റാണി, ചിത്തിര കായല്‍നിലങ്ങളിലെ പ്രശ്നങ്ങള്‍ വിലയിരുത്താനാണ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ചൊവ്വാഴ്ച കുട്ടനാട്ടില്‍ എത്തുന്നത്. വെള്ളിയാഴ്ച വിവാദമായ മെത്രാന്‍ കായലും മന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. വെള്ളപ്പൊക്ക ഭീഷണിക്കിടെയാണ് മന്ത്രിയുടെ കുട്ടനാട് സന്ദര്‍ശനം. ഓരോ വെള്ളപ്പൊക്കത്തിലും കൃഷി നശിച്ച് കുട്ടനാടിന് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. നെല്‍കൃഷി മാത്രമല്ല കരകൃഷിയും വ്യാപകമായി നശിക്കാറുണ്ട്. വീടുകളില്‍ വെള്ളംകയറിയും മറ്റും ജനജീവിതം താറുമാറാകുന്ന പ്രശ്നം വേറെയും. ഇതിനൊക്കെ പൂര്‍ണപരിഹാരമായിരുന്നു കുട്ടനാട് പാക്കേജ്. എന്നാല്‍, ലക്ഷ്യമിട്ടതൊന്നും നടപ്പായില്ല. പുറബണ്ട് സംരക്ഷണം ഉള്‍പ്പെടെ അടിയന്തരപ്രാധാന്യത്തോടെ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ എങ്ങുമത്തെിയില്ല. മൃഗസംരക്ഷണ മേഖലയില്‍ പശു, ആട് വിതരണത്തിന് കോടികള്‍ ചെലവിട്ടെങ്കിലും കുട്ടനാട്ടിലെ പാലുല്‍പാദനം വര്‍ധിച്ചില്ല. പോളവാരല്‍ തുടങ്ങിയ പദ്ധതികളില്‍ കോടികളുടെ അഴിമതിയും നടന്നു. കായല്‍നിലങ്ങളിലെ പുറബണ്ട് നിര്‍മാണത്തിലെ അഴിമതി വിജിലന്‍സ് അന്വേഷണത്തിലാണ്. ഈ നിലയില്‍ അഴിമതിയും കെടുകാര്യസ്ഥതയും മൂലം പാതിവഴിയില്‍ മുടങ്ങിയ കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിച്ച് കാര്‍ഷികസമൃദ്ധി വീണ്ടെടുക്കാനുള്ള ശ്രമം മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ച് നടക്കുന്ന വയല്‍നികത്തലാണ് കുട്ടനാട് നേരിടുന്ന മറ്റൊരു പ്രശ്നം. കുട്ടനാടിന്‍െറ പരിസ്ഥിതി സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ തലങ്ങും വിലങ്ങും നിര്‍മിച്ച റോഡുകള്‍ ഇവിടെ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് വലിയ അവസരമാണ് തുറന്നത്. ഉള്‍പ്രദേശങ്ങളില്‍പോലും റോഡുകളോട് ചേര്‍ന്ന് ഏക്കറുകണക്കിന് വയല്‍ ഇതിനകം നികത്തപ്പെട്ടു. പലയിടത്തും നികത്തല്‍ നിര്‍ബാധം തുടരുകയാണ്. വീടുനിര്‍മാണത്തിനെന്ന പേരില്‍ സമ്പാദിക്കുന്ന അനുമിതിയുടെ മറവിലാണ് നികത്തല്‍. നികത്താന്‍ ലക്ഷ്യമിട്ട് ഏക്കര്‍ കണക്കിന് വയല്‍ കൃഷിചെയ്യാതെ തരിശിട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ റവന്യൂ വകുപ്പിന്‍േറതടക്കം പിന്തുണ ഉറപ്പാക്കി കൃഷിമന്ത്രിയുടെ ഭാഗത്തുനിന്ന് ഗൗരവമായ ഇടപെടലാണ് കുട്ടനാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്. ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് വിളയിച്ചെടുക്കുന്ന നെല്ലിന് യഥാസമയം വില ലഭിക്കാത്തതാണ് മറ്റൊരു പ്രശ്നം. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് മാത്രം ഇപ്പോള്‍ 72 കോടി രൂപയാണ് നെല്ല് സംഭരിച്ച വകയില്‍ സപൈ്ളകോ കൊടുക്കാനുള്ളത്. ഇക്കാര്യങ്ങളിലൊക്കെ മന്ത്രിയുടെ ഭാഗത്തുനിന്ന് സജീവമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നതായി കുട്ടനാട് വികസന സമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ പറഞ്ഞു. ദുരിതാശ്വാസ നടപടികള്‍ക്കപ്പുറം മടവീഴ്ച തടയാന്‍ അടിയന്തര ഇടപെടലുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെല്‍വില കുടിശ്ശിക അടിയന്തരമായി കൊടുത്തുതീര്‍ക്കാന്‍ കൃഷിമന്ത്രി മുന്‍കൈ എടുക്കണമെന്ന് നെല്‍കര്‍ഷക കൂട്ടായ്മ സംസ്ഥാന പ്രസിഡന്‍റ് പി.ആര്‍. സലീംകുമാറും പറഞ്ഞു.
Next Story