Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2016 12:07 PM GMT Updated On
date_range 2 Jun 2016 12:07 PM GMTഅക്ഷരമുറ്റത്ത് ഉത്സവച്ഛായയില്‍ വരവേല്‍പ്
text_fieldsbookmark_border
ആലപ്പുഴ: അക്ഷരമുറ്റത്തേക്ക് ആദ്യമായത്തെിയ കുരുന്നുകള്‍ക്ക് ജില്ലയിലെ സ്കൂളുകളില്‍ ഉത്സവച്ഛായയില്‍ വരവേല്‍പ്. രാവിലെതന്നെ രക്ഷിതാക്കളുടെ കൈയില്‍ തൂങ്ങിയത്തെിയ കുട്ടികളെ വരവേല്‍ക്കാന്‍ സ്കൂളുകളില്‍ വിവിധ പരിപാടികളാണ് ഒരുക്കിയത്. ബാന്‍ഡ് മേളത്തിന്‍െറയും ചെണ്ടമേളത്തിന്‍െറയും അകമ്പടിയോടെയും പാട്ടുപാടിയുമൊക്കയാണ് പല സ്കൂളുകളും കുട്ടികളെ സ്വീകരിച്ചത്. നവാഗതരെ വരവേല്‍ക്കാനായി ദിവസങ്ങള്‍ക്കുമുമ്പേ ഒരുക്കം തുടങ്ങിയിരുന്നു. പെയ്ന്‍റടിച്ച് ഭംഗികൂട്ടിയും ചുമരുകളില്‍ ചിത്രങ്ങള്‍ വരച്ചും തയാറായിരുന്നു. 10 മണിക്ക് ആദ്യമണി മുഴങ്ങിയതോടെ അധ്യാപകര്‍ കുട്ടികളെ ക്ളാസിലേക്ക് വിളിച്ചിരുത്തി. അത്രയും നേരം കണ്ണുകളില്‍ കൗതുകവുമായി രക്ഷിതാക്കളുടെ വിരല്‍ത്തുമ്പ് വിടാതെ നിന്നവര്‍ക്ക് ക്ളാസ് റൂമില്‍ ഇരുന്നപ്പോള്‍ ചെറിയ പരിഭവങ്ങള്‍. ചിലര്‍ വലിയവായില്‍ കരയാന്‍ തുടങ്ങി. ചിലര്‍ക്ക് ചെറിയ പരിഭവം മാത്രം. ചുരുക്കം ചിലര്‍ പുതിയ കൂട്ടുകാരെ കിട്ടിയതിന്‍െറ സന്തോഷത്തിലും. ഒന്നിനുപിറകെ ഒന്നായി കരച്ചിലുയര്‍ന്നതോടെ ആദ്യ സ്കൂള്‍ നിമിഷങ്ങള്‍ കരച്ചിലില്‍ മുങ്ങി. ബലൂണുകളും റിബണുകളും നല്‍കിയിട്ടും മധുരപലഹാരങ്ങള്‍ കൊടുത്തിട്ടും രക്ഷയില്ലാതായി. ചിലരെ ആശ്വസിപ്പിക്കാന്‍ ടീച്ചര്‍മാരും ഏറെ പണിപ്പെട്ടു. ചില വിരുതന്മാര്‍ ക്ളാസില്‍നിന്ന് ഇറങ്ങി ഓടാനും ശ്രമിച്ചു. ചിലര്‍ ക്ളാസില്‍ കയറാതെ അമ്മയെ കെട്ടിപിടിച്ച് കരയുന്നതും കാണാമായിരുന്നു. ഒടുവില്‍ അധ്യാപകര്‍ ഏറെ പണിപ്പെട്ട് ഓരോരുത്തരെയായി പാട്ടുപാടിയും കൈയടിപ്പിച്ചും അനുനയിപ്പിച്ച് ബെഞ്ചില്‍ ഇരുത്തി. പൊന്നോമനകള്‍ ക്ളാസിലിരിക്കുന്നത് കാണാനും ഫോട്ടോയെടുക്കാനും ജനലിനുപുറത്ത് രക്ഷിതാക്കളും തിരക്കുകൂട്ടി. ആദ്യ ദിവസത്തില്‍ ഉച്ചവരെയെ ക്ളാസുണ്ടായിരുന്നുള്ളൂ. ഉച്ചക്ക് ഒന്നിന് കൂട്ടമണിയടിച്ചതോടെ പുറത്ത് കാത്തുനിന്ന രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക്. പലരുടെയും തേങ്ങല്‍ അപ്പോഴും അടങ്ങിയിട്ടുണ്ടായില്ല. കഞ്ഞിക്കുഴി ജി.എസ്.എം.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു ജില്ലാതല പ്രവേശനോത്സവം. ജില്ലയിലെ 847 സ്കൂളുകളിലേക്ക് 12,365 കുട്ടികളാണ് പുതുതായത്തെിയത്.
Next Story