Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2016 4:08 PM IST Updated On
date_range 10 July 2016 4:08 PM ISTസംയോജിത കൃഷിയില്‍ കരുത്ത് തെളിയിച്ച് റജീന സലീം
text_fieldsbookmark_border
പൂച്ചാക്കല്‍: സംയോജിത കൃഷിയില്‍ പെണ്‍കരുത്ത് തെളിയിച്ച് റജീന ചെയ്യുന്ന ജൈവകൃഷിക്ക് പ്രത്യേകതകള്‍ ഏറെ. പാണാവള്ളി പഞ്ചായത്ത് 12ാം വാര്‍ഡ് മുല്ലപ്പറമ്പില്‍ സലീമിന്‍െറ ഭാര്യ റജീനയാണ് കാര്‍ഷികമേഖലക്ക് പുത്തന്‍ ഉണര്‍വ് നല്‍കി പ്രവര്‍ത്തിക്കുന്നത്. വീടിനോട് ചേര്‍ന്ന് പ്രത്യേകം നിര്‍മിച്ച മഴമറയില്‍ 12 ഇനം മുളകുകളും അഞ്ചിനം വെണ്ടയുമാണ് വിളയുന്നത്. വഴുതന, തക്കാളി, കാപ്സിക്കം, പാവല്‍, പടവലം, നിത്യവഴുതന, പീച്ചില്‍, പയറുകള്‍, ചീര തുടങ്ങിയവയാണ് പ്രധാന വിളകള്‍. കൂടാതെ ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, വാഴ, ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങിയ ഇടവിളകളും കൃഷിയിടത്തിലുണ്ട്. ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവര്‍, പാലക്ക് എന്നിവ റജീനയുടെ കൃഷിയിലെ പ്രത്യേക ഇനങ്ങളാണ്. ഇവ കൂടാതെ വര്‍ഷങ്ങളായി വീടിന്‍െറ മട്ടുപ്പാവില്‍ പച്ചക്കറികള്‍ വിളയിക്കുന്നുണ്ട്. കൂടാതെ, ഇവിടെയുള്ള പൂകൃഷികളുടെ വൈവിധ്യം ഈ കൃഷിയിടത്തിന് ഭംഗി വര്‍ധിപ്പിക്കുന്നു. ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചിട്ടും ഉല്‍പാദനത്തില്‍ ഒരു കുറവും വരുന്നില്ളെന്ന് റജീന തെളിയിച്ചു. കുമിള്‍നാശിനിയായ ട്രൈക്കോഡര്‍മ, ജീവാമൃതം, മണ്ണിര കമ്പോസ്റ്റ് എന്നിവയാണ് പ്രധാന വളങ്ങള്‍. പുകയില കഷായം, വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം, ഗോമൂത്രം, കാന്താരിമുളക് മിശ്രിതം എന്നിവയാണ് കീടനാശിനിയായി ഉപയോഗിക്കുന്നത്. ഇവിടെനിന്ന് വിത്തുകളും ചെടികളും ഉല്‍പാദിപ്പിച്ച് വിപണനം ചെയ്യുന്നുണ്ട്. പച്ചക്കറിയോടൊപ്പം കാസര്‍കോട് ഇനത്തിലെ പശു, ബി.വി ത്രി ഇനത്തിലെ കോഴികള്‍ എന്നിവയും ഇവിടെയുണ്ട്. ഇവയുടെ വിസര്‍ജ്യങ്ങളും കൃഷിക്ക് ഉപയോഗിക്കും. വി.എഫ്.പി.സി.കെ, ആത്മ, കൃഷിഭവന്‍, ജെ.എല്‍.ജി എന്നിവയുമായി ചേര്‍ന്ന് റജീന കാര്‍ഷിക മേഖലയില്‍ എത്തിയിട്ട് 12 വര്‍ഷമായി. ഇവ നടത്തുന്ന ബോധവത്കരണ പരിപാടികള്‍, പ്രായോഗിക പരിജ്ഞാന പരിശീലനങ്ങള്‍ തുടങ്ങിയവയില്‍ റജീന നിറസാന്നിധ്യമാണ്. പ്രദേശത്ത് കൃഷിഭവന്‍ വഴി വിതരണം ചെയ്യുന്ന പച്ചക്കറി വിത്തുകളിലും ചെടികളിലും അധികവും നല്‍കുന്നത് റജീനയുടെ കൃഷിയിടത്തില്‍നിന്നാണ്. റജീനക്ക് ജീവിക്കാനാവശ്യമായ നേട്ടം കൃഷിയില്‍നിന്ന് ലഭിക്കുന്നുണ്ട്. റജീനയെ കൃഷിയില്‍ സഹായിക്കാന്‍ പ്രവാസിയായിരുന്ന ഭര്‍ത്താവ് സലീമും കോളജ് വിദ്യാര്‍ഥിയായ മകന്‍ സുല്‍ഫിക്കറും കൂടെയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story