Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2016 11:37 AM GMT Updated On
date_range 1 Jan 2016 11:37 AM GMT2015 ബാക്കിവെച്ചത് പുലരാത്ത സ്വപ്നങ്ങള്‍
text_fieldsbookmark_border
ആലപ്പുഴ: പ്രതീക്ഷയോടെ വരവേറ്റ 2015 കടന്നുപോകുന്നത് കാര്യമായ നേട്ടങ്ങള്‍ സമ്മാനിക്കാതെ. കാത്തിരുന്ന സ്വപ്നങ്ങള്‍ പലതും ഇനിയും പൂവണിഞ്ഞില്ല. ഇതിന്‍െറ നിരാശക്ക് ഇടയിലും വികസനത്തിന്‍െറ നേരിയ പ്രകാശങ്ങള്‍ അവിടവിടെയായി ഉണ്ടെന്നത് പ്രതീക്ഷ ഉണര്‍ത്തുന്നു. കര്‍ഷകര്‍ ഏറെ സ്വ്പനങ്ങള്‍ മെനഞ്ഞ കുട്ടനാട് പാക്കേജ് ലക്ഷ്യമിട്ടതുപോലെ യാഥാര്‍ഥ്യമാക്കാന്‍ കഴിയാതെ വന്നത് ജില്ലയുടെ കാര്‍ഷികമേഖലക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. പാക്കേജ് പൂര്‍ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജില്ലയുടെ മാത്രമല്ല, കാര്‍ഷിക കേരളത്തിന്‍െറയാകെ വികസനത്തിന് മുതല്‍ക്കൂട്ടാകുമായിരുന്നു. നെല്‍വില പലതവണ വര്‍ധിപ്പിച്ചെങ്കിലും പ്രകൃതിക്ഷോഭത്തില്‍നിന്ന് കൃഷിയെ സംരക്ഷിക്കുന്നതിലടക്കം അടിസ്ഥാനസൗകര്യം കുട്ടനാട്ടില്‍ ഉണ്ടായില്ളെന്നുമാത്രമല്ല, യഥാസമയം നെല്‍വില കുടിശ്ശിക ലഭിക്കാതെ കര്‍ഷകര്‍ കടക്കെണിയില്‍ നട്ടംതിരിയുകയുമാണ്. കുട്ടനാട്ടിലെ കര്‍ഷകര്‍ പട്ടിണി സമരത്തോടെയാണ് പുതുവത്സരത്തെ വരവേല്‍ക്കുന്നതെന്നതും വിഷയത്തിന്‍െറ ഗൗരവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. തകഴിയിലെ ആധുനിക റൈസ് മില്‍ അടക്കമുള്ള പ്രഖ്യാപനം യാഥാര്‍ഥ്യമാകാത്തത് കര്‍ഷകരെ നിരാശരാക്കുന്നു. വ്യവസായമേഖലയിലും ജില്ലയുടെ പ്രതീക്ഷകള്‍ സഫലമാക്കാനായില്ല. ആരോഗ്യമേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന കെ.എസ്.ഡി.പിയുടെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും യാഥാര്‍ഥ്യമായില്ളെന്നുമാത്രമല്ല, കെ.എസ്.ഡി.പി ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലുമാണ്. കോമളപുരം സ്പിന്നിങ് മില്‍ തുറക്കാനുള്ള നടപടി ഉണ്ടായെങ്കിലും ഇതിലെ കാലതാമസം വലിയ നഷ്ടംതന്നെയാണ്. ഓട്ടോകാസ്റ്റിനെ സംബന്ധിച്ച പ്രതീക്ഷകളും അസ്ഥാനത്തായി. ആയിരക്കണക്കിന് പാവപ്പെട്ട തൊഴിലാളികള്‍ പണിയെടുക്കുന്ന കയര്‍മേഖലയും തകര്‍ന്നടിഞ്ഞ അവസ്ഥയാണ്. മത്സ്യലഭ്യതക്ക് കുറവ് വന്നതോടെ തീരദേശത്ത് മത്സ്യത്തൊഴിലാളികളും ദുരിതത്തിലായി. വികസനം മുരടിച്ച അവസ്ഥയിലാണ് ഇപ്പോഴും നാഫ്തയില്‍ പ്രവര്‍ത്തിക്കുന്ന കായംകുളം താപനിലയം. സ്വകാര്യമേഖലയിലും പുതിയ സ്ഥാപനമൊന്നും ഉണ്ടായില്ല. ആലപ്പുഴ സഹകരണ ആശുപത്രിയുടെ അവസ്ഥയും ശോചനീയമാണ്. ഹരിപ്പാട്ട് പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ നടപടി നീങ്ങുമ്പോഴും നിലവിലെ മെഡിക്കല്‍ കോളജിന്‍െറ പരിതാപകരമായ അവസ്ഥക്കും പരിഹാരം ഇല്ലാതെ തുടരുന്നു. ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ കാര്യവും അനിശ്ചിതമായി നീളുകയാണ്. പുന്നമട സായി കേന്ദ്രത്തില്‍ നാല് വനിതാ കായികതാരങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവം ജില്ലയെ സംബന്ധിച്ച് നടുക്കുന്ന ഓര്‍മയാണ്. ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റവാളികള്‍ ഇപ്പോഴും സുരക്ഷിതരായി കഴിയുന്നു. കണിച്ചുകുളങ്ങര മോഡലില്‍ ഒറ്റമശേരിയില്‍ ഉണ്ടായ ഇരട്ടക്കൊലപാതകമാണ് വേദനിപ്പിക്കുന്ന മറ്റൊരു ഓര്‍മ. ഏറെ കാലമായി കാത്തിരുന്ന ബൈപാസിന്‍െറ നിര്‍മാണം പുനരാരംഭിക്കാന്‍ കഴിഞ്ഞത് ജില്ലയുടെ വികസനസ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ആലപ്പുഴ നഗരത്തില്‍ പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമായതും സര്‍ക്കാര്‍ ഉടമസ്ഥതയിലെ രണ്ട് തിയറ്ററുകള്‍ തുറന്നതും എടുത്തുപറയാവുന്ന നേട്ടങ്ങളായി. ജലഗതാഗത വകുപ്പിന്‍െറ ആസ്ഥാനത്ത് പുതിയ ഡ്രൈഡോക്ക് യാഥാര്‍ഥ്യമായതാണ് മറ്റൊരു നേട്ടം. ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷത്തിന്‍െറ പങ്കാളിത്ത മികവിന് ജില്ലക്ക് ദേശീയ പുരസ്കാരം ലഭിച്ചതും ജില്ലയെ സംബന്ധിച്ച് അഭിമാനനേട്ടമാണ്. സി.പി.എം സമ്മേളനത്തിന് വേദിയായ ആലപ്പുഴ ഒരുസമയം രാഷ്ട്രീയകേരളത്തിന്‍െറ ശ്രദ്ധാകേന്ദ്രമായി. ഒടുവില്‍ എസ്.എന്‍.ഡി.പിയുടെ പുതിയ രാഷ്ട്രീയപാര്‍ട്ടിയുടെ രൂപവത്കരണത്തിന്‍െറ ചര്‍ച്ചകളുടെ കേന്ദ്രമായും ആലപ്പുഴ മാറി. ജില്ലയില്‍ രൂപംകൊണ്ട ജെ.എസ്.എസിലെ കലഹങ്ങളും പിളര്‍പ്പും രാഷ്ട്രീയരംഗത്ത് ഏറെ ചര്‍ച്ചയായി. വാശിയേറിയ പ്രചാരണത്തിനൊടുവില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേട്ടംകൊയ്തു. ഇനി നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പോരാട്ടത്തിന് തയാറെടുപ്പിലാണ് രാഷ്ട്രീയരംഗം. പോയവര്‍ഷം ഒട്ടേറെ പ്രശസ്തരും നമ്മോട് വിടപറഞ്ഞു. സംവിധായകന്‍ ആലപ്പി ഷെരീഫ്, വയലിനിസ്റ്റ് കളര്‍കോട് മഹാദേവന്‍, ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരണത്തിന് ഓടിനടന്ന ദേവദത്ത് ജി. പുറക്കാട്, കഥകളി ആചാര്യന്‍ മുട്ടാര്‍ ശിവരാമന്‍, പരസ്യചിത്ര സംവിധായകന്‍ മാത്യു പോള്‍ എന്നിവരൊക്കെ വേര്‍പാടിന്‍െറ വേദന സമ്മാനിച്ച് കടന്നുപോയി.
Next Story