Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2016 5:38 PM IST Updated On
date_range 24 Feb 2016 5:38 PM ISTവിദ്യാലയങ്ങളില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു
text_fieldsbookmark_border
ആലപ്പുഴ: മക്കള്‍ക്ക് ആവശ്യത്തിലേറെ പോക്കറ്റ്മണിയും മൊബൈല്‍ഫോണും നല്‍കി സ്കൂളിലേക്ക് അയക്കുന്ന രക്ഷിതാക്കള്‍ ജാഗ്രത പാലിക്കുക. സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കള്‍ വില്‍പന നടത്തുന്ന മാഫിയ സംഘങ്ങള്‍ എങ്ങും കാത്തിരിപ്പുണ്ട്. സേഫ് കാമ്പസ്, ക്ളീന്‍ കാമ്പസ് തുടങ്ങി വിവിധ പദ്ധതികളുമായി പൊലീസും കൂടാതെ എക്സൈസും വ്യാപകമായി ലഹരിക്കെതിരെ ബോധവത്കരണ പ്രവര്‍ത്തനങ്ങളും വില്‍പന നടത്തുന്നവരെ കണ്ടത്തൊന്‍ റെയ്ഡുകളും നടത്തുന്നുണ്ടെങ്കിലും ഈ സംവിധാനങ്ങളുടെയെല്ലാം കണ്ണുവെട്ടിച്ച് മാഫിയാസംഘങ്ങള്‍ എങ്ങും കൂടുതല്‍ സജീവമാകുകയാണെന്നാണ് അടുത്തിടെ ഉണ്ടായ പല സംഭവങ്ങളും സൂചിപ്പിക്കുന്നത്. പ്രധാനമായും സമ്പന്ന കുടുംബങ്ങളില്‍ നിന്ന് എത്തുന്ന ഹയര്‍സെക്കന്‍ഡറി ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് ഇവര്‍ വലവീശുന്നത്. സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റ് പദ്ധതി നടപ്പാക്കിയിട്ടുള്ള സ്കൂളുകളില്‍ ലഹരിമാഫിയയുടെ പ്രവര്‍ത്തനം ശക്തമായി ചെറുക്കാന്‍ കഴിയുന്നുണ്ട്. അധ്യാപക-രക്ഷാകര്‍തൃ കമ്മിറ്റികള്‍ ശക്തമായ സ്ഥലങ്ങളിലും സ്കൂള്‍ അധികൃതര്‍ ജാഗ്രതയോടെ നിരീക്ഷണം നടത്തുന്ന വിദ്യാലയങ്ങളിലും ഇവര്‍ക്ക് കടന്നുചെല്ലാന്‍ കഴിയുന്നില്ല. ഗ്രാമപ്രദേശങ്ങളിലും ഇക്കൂട്ടരെ പേടിക്കേണ്ട സ്ഥിതി നിലവിലില്ല. എന്നാല്‍, ഇതൊന്നുമില്ലാത്ത നഗര പ്രദേശങ്ങളിലെ സ്കൂളുകളാണ് ലഹരി മാഫിയ വിദ്യാര്‍ഥികളെ വലയിലാക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കടയില്‍ പോകാതെ, ഒരു ഫോണ്‍ വിളിയില്‍ ആഗ്രഹിക്കുന്ന സാധനം ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചുനല്‍കുന്നു എന്നതാണ് വിദ്യാര്‍ഥികളെ വലയില്‍ കുടുങ്ങാന്‍ അവസരമൊരുക്കുന്നത്. ആര്‍ക്കും സംശയങ്ങള്‍ക്ക് ഇടനല്‍കാതെ ബൈക്കില്‍ പറന്നത്തെി ഞൊടിയിടക്കുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ കൈമാറി പണവും വാങ്ങി മാഫിയാസംഘം സ്ഥലംവിടും. ഇരുചക്രവാഹനങ്ങളില്‍ അമിതമായി ശബ്ദമുണ്ടാക്കിയും വേഗത്തില്‍ ഓടിച്ചും നീങ്ങുന്ന യുവാക്കളുടെ സംഘങ്ങളാണ് ലഹരിവസ്തുക്കളുടെ വിതരണക്കാരായി പല സ്ഥലത്തും പ്രവര്‍ത്തിക്കുന്നത്. മുടി കാടുപോലെ വളര്‍ത്തി അശ്രദ്ധയോടെ വസ്ത്രധാരണവും ചെയ്ത് നീങ്ങുന്ന ഇത്തരക്കാരെ പെട്ടെന്നുതന്നെ തിരിച്ചറിയാന്‍ കഴിയുമെങ്കിലും ഇവരുടെ പ്രവര്‍ത്തനം തടയാന്‍ ഫലപ്രദമായ ഇടപെടലിന് പൊലീസ് തയാറാകുന്നില്ല. ആലപ്പുഴ ബീച്ചിന് പരിസരത്തെ വിജനമായ പ്രദേശങ്ങള്‍ ഇവരുടെ വിഹാരകേന്ദ്രമാണ്. മുമ്പ് ലഹരിമാഫിയയുടെ കെണിയില്‍വീണ പല വിദ്യാര്‍ഥികളും ഇപ്പോള്‍ അവരുടെ കാരിയര്‍മാരായി നഗരത്തിലടക്കം പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടികളെ ശല്യംചെയ്യുന്നതും ഇവരുടെ സ്ഥിരം കലാപരിപാടിയാണ്. ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെട്ട വിദ്യാര്‍ഥികളെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുമെങ്കിലും സ്കൂള്‍ അധികൃതരുടെയും രക്ഷകര്‍ത്താക്കളുടെയും അശ്രദ്ധമൂലം ഇവരെ തടയാന്‍ കഴിയുന്നില്ല. മുടിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെടുന്ന യുവാക്കളുടെ പ്രാഥമിക ലക്ഷണമെന്ന് ജില്ലയില്‍ ലഹരിവേട്ടക്ക് നേതൃത്വം നല്‍കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭക്ഷണം കഴിപ്പ് പൊതുവെ കുറവായിരിക്കും. കൂടുതല്‍ വെള്ളം കുടിക്കും. ചിലര്‍ക്ക് ഉറക്കം തീരെ കാണില്ല. മറ്റുചിലരാകട്ടെ കൂടുതല്‍ സമയവും ഉറക്കത്തിലായിരിക്കും. ഇത്തരക്കാര്‍ക്ക് പഠനത്തിലൊന്നും യാതൊരു ശ്രദ്ധയും ഉണ്ടാകില്ല. വീട്ടുകാര്‍ ഉപദേശിക്കാന്‍ ശ്രമിച്ചാല്‍ ചെറിയ കാര്യത്തിനുപോലും കലഹിക്കുകയും അക്രമവാസന പ്രകടിപ്പിക്കുകയും ചെയ്യും. മൊബൈല്‍ഫോണില്‍ കാള്‍ വന്നാല്‍ ഇവര്‍ വീടിനുള്ളില്‍ നിന്നും ഫോണും ചെവിയില്‍വെച്ച് പെട്ടെന്ന് പുറത്തേക്ക് ഓടുന്നതും കാണാം. പലപ്പോഴും അടുത്തദിവസം സാധനം എത്തിക്കേണ്ട സ്ഥലവും സമയവും അറിയിച്ചുകൊണ്ടുള്ള കാളായിരിക്കും ഇത്. ഇത്തരം കാര്യങ്ങളില്‍നിന്നൊക്കെ മക്കളുടെ വഴിവിട്ട യാത്ര മനസ്സിലാക്കാമെന്നിരിക്കെയും പല രക്ഷിതാക്കളും സ്നേഹം പ്രകടിപ്പിക്കാന്‍ മക്കള്‍ ചോദിക്കുന്ന പണംകൊടുത്ത് സ്കൂളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. വിദ്യാര്‍ഥികള്‍ പെട്ടെന്ന് പഠനത്തില്‍ പിന്നാക്കം പോകുന്നത് മനസ്സിലാക്കിയാലും വിദ്യാര്‍ഥികളുടെ ഭാവിയെ കുറിച്ച് ആശങ്കയില്ലാത്ത സ്കൂള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതും ലഹരി വ്യാപാരം കൊഴുക്കാന്‍ വഴിയൊരുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story