Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2016 2:12 PM GMT Updated On
date_range 2016-12-15T19:42:41+05:30തണ്ണീര്‍മുക്കം ബണ്ടിന്‍െറ ഷട്ടറുകള്‍ അടച്ചുതുടങ്ങി
text_fieldsആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്‍െറ ഷട്ടറുകള്‍ അടിയന്തരമായി അടക്കാന്‍ കലക്ടറേറ്റില്‍ കൂടിയ ബണ്ട് ഉപദേശകസമിതി യോഗം തീരുമാനിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഷട്ടര്‍ അടക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങി. ആറുദിവസംകൊണ്ട് 62 ഷട്ടറുകളും അടക്കും. കരിയാര്‍ സ്പില്‍വേയുടെ ഷട്ടറുകളും അടക്കാന്‍ തീരുമാനിച്ചു. വേമ്പനാട്ടുകായലിലെ വെള്ളത്തില്‍ 10 ദിവസംകൊണ്ട് ലവണാംശം ക്രമാതീതമായി ഉയര്‍ന്നതായി ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ.ജെ. അബ്ദുല്‍ കരീം യോഗത്തില്‍ അറിയിച്ചു. തണ്ണീര്‍മുക്കം ബണ്ടിന്‍െറ പരിസരപ്രദേശങ്ങളില്‍ ലവണാംശം 11 മില്ലിമോള്‍സ് വരെ ഉയര്‍ന്നിട്ടുണ്ട്. ആവശ്യത്തിന് മഴ ലഭിക്കാതായതും നീരൊഴുക്ക് കുറഞ്ഞതുമാണ് ലവണാംശം കൂടാനിടയാക്കിയത്. രണ്ട് മില്ലിമോള്‍സില്‍ കൂടിയാല്‍ നെല്‍കൃഷിയെ ബാധിക്കുമെന്നതിനാല്‍ ഉടന്‍ ബണ്ടിന്‍െറ ഷട്ടറുകള്‍ അടക്കണമെന്ന് കൃഷിവകുപ്പ് ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലയില്‍ 20,000 ഹെക്ടറിലും കോട്ടയത്ത് 8200 ഹെക്ടറിലും പുഞ്ചകൃഷി ഇറക്കിയതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലവണാംശം ഉയര്‍ന്നാല്‍ പച്ചക്കറി കൃഷിയെയും ബാധിക്കുമെന്നതിനാല്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കോട്ടയം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മേരി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ഷട്ടറുകള്‍ക്ക് കീഴില്‍ കല്ലും തടിയും തിരുകിവെച്ച് മത്സ്യബന്ധനം നടത്തുന്നത് തടയാന്‍ പ്രത്യേക പട്രോളിങ്ങിന് പൊലീസിന് നിര്‍ദേശം നല്‍കി. തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ ഇതിനകം അടച്ചു. ഓരുമുട്ടുകള്‍ വേഗം പൂര്‍ത്തീകരിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഓരുമുട്ടുകള്‍ സ്ഥാപിക്കാന്‍ ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും കരാറെടുക്കാന്‍ ആരും തയാറായില്ളെന്ന് കുട്ടനാട് ഡിവിഷന്‍ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.പി. ഹരണ്‍ ബാബു പറഞ്ഞു. വീണ്ടും ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ഷട്ടര്‍ ഇടുന്നതുമൂലം മത്സ്യപ്രജനനത്തില്‍ കുറവുണ്ടാകുന്നതായും ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്നതായും മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തൊഴിലാളികള്‍ക്കായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിഷയം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തുമെന്ന് അധ്യക്ഷത വഹിച്ച എ.ഡി.എം മോന്‍സി പി. അലക്സാണ്ടര്‍ പറഞ്ഞു. ആലപ്പുഴ ആര്‍.ഡി.ഒ എസ്. ചന്ദ്രശേഖര്‍, കോട്ടയം ആര്‍.ഡി.ഒ കെ. രാമദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ തങ്കമണി ഗോപിനാഥ്, കെ.ജെ. സെബാസ്റ്റ്യന്‍, എം.പി. സജീവ്, ജോര്‍ജ് മാത്യു, ജലസേചനവകുപ്പ് മെക്കാനിക്കല്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.എസ്. ഗണേശ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്. സാജു, വൈക്കം കൃഷി അസി. ഡയറക്ടര്‍ ഇ.വി. ജയാമണി, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളായ എം.കെ. രാജു, എ. ദാമോദരന്‍, ടി.കെ. കാര്‍ത്തികേയന്‍, എന്‍.ആര്‍. ഷാജി എന്നിവര്‍ പങ്കെടുത്തു.
Next Story