Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2016 2:57 PM GMT Updated On
date_range 2016-12-07T20:27:00+05:30കൈയിലെ പണം തികഞ്ഞില്ല; പുരട്ച്ചി തലൈവിയെ ഒരുനോക്ക് കാണാനാകാതെ ഹനുമന്തന്‍
text_fieldsആലപ്പുഴ: കൈയില്‍ പണം തികയാത്തതിനാല്‍ തമിഴ്നാട്ടിലത്തെി പുരട്ച്ചി തലൈവിയെ ഒരുനോക്ക് കാണാന്‍ കഴിയാത്ത ദു$ഖം സേലം കോട്ടകൗണ്ടിപ്പെട്ടി സ്വദേശിയായ എസ്. ഹനുമന്തന്‍ (45) മറച്ചുവെച്ചില്ല. ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഹനുമന്തന്‍ ആലപ്പുഴയില്‍ എത്തിയത്. നിര്‍മാണ വിഭാഗത്തിലെ പ്ളാന്‍റ് ഫില്‍റ്ററായി നിയമിതനായിട്ട് മൂന്നുമാസം കഴിഞ്ഞു. ഗുരുതരാവസ്ഥയിലായ ജയലളിത ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന വലിയ പ്രതീക്ഷയായിരുന്നു ഹനുമന്തനുണ്ടായിരുന്നത്. എപ്പോഴും ജോലിത്തിരക്ക് ആയതിനാല്‍ വിവരമൊന്നും അറിയാന്‍ കഴിഞ്ഞിരുന്നില്ല. അടിസ്ഥാന വിദ്യാഭ്യാസം മാത്രം നേടിയ ഹനുമന്തന്‍, നാട്ടില്‍നിന്ന് ഭാര്യ വിളിച്ചപ്പോള്‍ മാത്രമാണ് തങ്ങളുടെ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് അറിഞ്ഞത്. അന്നുമുതല്‍ എങ്ങനെയെങ്കിലും നാട്ടിലത്തെി ‘അമ്മ’യെ കാണണമെന്ന ആഗ്രഹത്തിലായിരുന്നു. സഹപ്രവര്‍ത്തകരായ നാട്ടുകാര്‍ ചെന്നൈക്ക് പോയപ്പോള്‍ ഹനുമന്തന് പോകാന്‍ കഴിഞ്ഞില്ല. പണം ആവശ്യത്തിന് ഇല്ലാതിരുന്നതാണ് കാരണം. അവസാനം ജയലളിതയുടെ മരണവിവരം അറിഞ്ഞപ്പോള്‍ തേങ്ങിക്കരയാനേ കഴിഞ്ഞുള്ളൂ. ഒരുകാലത്ത് വിദ്യാഭ്യാസപരമായും മറ്റും പിന്നാക്കമായിരുന്ന തന്‍െറ കുടുംബത്തെ കൈപിടിച്ച് ഉയര്‍ത്തിയത് ജയലളിത സര്‍ക്കാറാണ്. മരംവെട്ട് തൊഴിലാളിയായിരുന്ന താന്‍ ഈ രംഗത്ത് പഠിച്ചത്തെിയത് അവരുടെ പദ്ധതികള്‍ കൊണ്ടുള്ള സഹായമാണ്. അത് ഒരിക്കലും മറക്കാനാവില്ല. തമിഴ്നാട്ടിലെ തന്നെപോലുള്ള പാവപ്പെട്ടവരുടെ അമ്മയും പ്രിയപ്പെട്ട മുഖ്യമന്ത്രിയും ആയത് അങ്ങനെയാണ്. തനിക്ക് ഇത്തരത്തിലുള്ള തൊഴില്‍ സ്ഥിരത ഉണ്ടായതുകൊണ്ട് മക്കളെ എന്‍ജിനീയറാക്കാന്‍ കഴിഞ്ഞു. നാട്ടില്‍ ഭേദപ്പെട്ട ജോലി ഭാര്യക്കുണ്ട്. ഹനുമന്തന്‍ പറഞ്ഞു.
Next Story