Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2016 8:01 PM IST Updated On
date_range 6 Aug 2016 8:01 PM ISTകുറ്റിത്തെരുവ് ബിയര്‍ പാര്‍ലര്‍: എന്‍.ഒ.സി വിവാദത്തില്‍ വെട്ടിലായി ഇടത് നേതൃത്വവും
text_fieldsbookmark_border
കായംകുളം: യു.ഡി.എഫ് ഭരണത്തില്‍ അഴിമതിയുടെ പിന്നാമ്പുറകഥകള്‍ ഏറെ പ്രചരിച്ച കുറ്റിത്തെരുവിലെ വിവാദ ഹോട്ടലിന് ബിയര്‍ പാര്‍ലര്‍ അനുമതിയില്‍ ഇടത് നിലപാടും സംശയങ്ങള്‍ക്കിടയാക്കുന്നു. സി.പി.എമ്മും സി.പി.ഐയും അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ മുന്നണിക്കുള്ളിലെ ചെറുകക്ഷികളുടെ എതിര്‍പ്പാണ് അനുമതി വിഷയം താല്‍ക്കാലികമായി ഉപേക്ഷിക്കാന്‍ കാരണമായത്. കുറ്റിത്തെരുവിനൊപ്പം റെയില്‍വേ മേല്‍പാലത്തിന് സമീപമുള്ള ഹോട്ടലിനും പാര്‍ലര്‍ അനുമതി നല്‍കണമെന്ന താല്‍പര്യവും ഭരണനേതൃത്വത്തിനുണ്ട്. ഹോട്ടലിന് സമീപം ഗവ. ഐ.ടി.ഐ വരാനുള്ള സാഹചര്യം വിലയിരുത്തിയാണ് മേല്‍പാലത്തിന് സമീപമുള്ള ഹോട്ടലിന് നേരത്തേ അനുമതി നിഷേധിച്ചത്. ഹോട്ടലിനെ സഹായിക്കാന്‍ ഐ.ടി.ഐ സ്ഥലം ഏറ്റെടുപ്പ് സാങ്കേതികതടസ്സം ചൂണ്ടിക്കാട്ടി ഇല്ലാതാക്കാനുള്ള ശ്രമം അണിയറയില്‍ പുരോഗമിക്കുകയാണ്. എന്‍.സി.പി, ഐ.എന്‍.എല്‍ പാര്‍ട്ടികളും സ്വതന്ത്ര കൗണ്‍സിലര്‍മാരുമാണ് പാര്‍ലറിന് എതിരെ ഉറച്ചുനില്‍ക്കുന്നത്. ബാര്‍ വിഷയത്തില്‍ യു.ഡി.എഫിന്‍െറ അഴിമതി ഉയര്‍ത്തിക്കാട്ടി ജയിച്ചുകയറിയ തങ്ങള്‍ക്ക് ഇതിനെ അനുകൂലിക്കാനാകില്ളെന്നാണ് ഇവര്‍ പറയുന്നത്. മദ്യവിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ സി.പി.ഐയിലെ ജലീല്‍ പെരുമ്പളത്തും അനുമതി നല്‍കരുതെന്ന നിലപാടിലാണ്. ഭരണത്തില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാത്തതാണ് ബാര്‍ അനുകൂല നീക്കം പൊളിയാന്‍ കാരണമായത്. 44 അംഗ കൗണ്‍സിലില്‍ 21 പേരുടെ പിന്തുണയാണ് ഭരണത്തിനുള്ളത്. ഇതിലെ അഞ്ചുപേരാണ് അനുമതിക്കെതിരെ നിലകൊള്ളുന്നത്. ബിയര്‍ പാര്‍ലര്‍ വിരുദ്ധ നിലപാടുള്ള യു.ഡി.എഫിലെ 16ഉം എല്‍.ഡി.എഫിലെ എതിര്‍പ്പുകാരും കൂടി കൈകോര്‍ക്കുന്നത് ഭരണനേതൃത്വത്തിന് തിരിച്ചടിയാകും. ബാറിന് അനുകൂല നിലപാടുള്ള ബി.ജെ.പിയുടെ ഏഴ് കൗണ്‍സിലര്‍മാര്‍ പിന്തുണക്കാന്‍ തയാറാണ്. എന്നാല്‍, ഇത് രാഷ്ട്രീയതിരിച്ചടിക്ക് വഴിതെളിക്കുമെന്നതിനാലാണ് ഇടതുമുന്നണിയുടെ മദ്യനയം വരുന്നതുവരെ തീരുമാനം മാറ്റിവെക്കാനുറച്ചത്. കുറ്റിത്തെരുവ് മുസ്ലിം പള്ളിക്ക് സമീപമുള്ള ഹോട്ടലിന് ദൂരപരിധിയെ സാങ്കേതികമായി വ്യാഖ്യാനിച്ചാണ് യു.ഡി.എഫ് ബാര്‍ അനുമതി നല്‍കിയത്. ഇതാണ് യു.ഡി.എഫിന്‍െറ നഗരത്തിലെ കുത്തകഭരണം അവസാനിക്കാന്‍ പ്രധാനകാരണം. വിവാദത്തില്‍ ഉള്‍പ്പെട്ട നേതാക്കളെല്ലാം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഇതിനുപിന്നില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായി അന്നത്തെ പ്രതിപക്ഷമായ സി.പി.എമ്മും സി.പി.ഐയുമാണ് ആരോപണം ഉന്നയിച്ചത്. യു.ഡി.എഫിലെ ധാരണപ്രകാരം ചെയര്‍പേഴ്സണ്‍ മാറിവന്നപ്പോള്‍ ബാര്‍ ഫയലില്‍നിന്ന് രേഖകള്‍ കീറിമാറ്റി അനുമതി നല്‍കാന്‍ നീക്കം നടത്തിയതും ആരോപണത്തിന് ബലം നല്‍കി.നിയമപോരാട്ടത്തിലൂടെയെ ഇതിന് പരിഹാരം കാണാനാകൂവെന്നിരിക്കെ ഇടതുഭരണത്തിലെ അഴകൊഴമ്പന്‍ നിലപാടും പ്രശ്നമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story