Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2015 10:50 AM GMT Updated On
date_range 29 Sep 2015 10:50 AM GMTശതാബ്ദിയുടെ നിറമണിഞ്ഞ് രാജാരവിവര്‍മ കോളജ്
text_fieldsbookmark_border
മാവേലിക്കര: ചിത്രകലാ രംഗത്ത് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത മാവേലിക്കര രാജാരവിവര്‍മ കോളജ് ശതാബ്ദി ആഘോഷത്തിന്‍െറ നിറവില്‍. വിവിധ പരിപാടികള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും. രാജാരവിവര്‍മയുടെ പേരില്‍ ആരംഭിച്ച കോളജിലൂടെ നൂറുകണക്കിന് ചിത്രകാരന്മാരാണ് പഠിച്ചിറങ്ങിയിട്ടുള്ളത്. 1915 ഫെബ്രുവരി മൂന്നിനാണ് രാജാരവിവര്‍മയുടെ പെയ്ന്‍റിങ് സ്റ്റുഡിയോ പ്രവര്‍ത്തിച്ചിരുന്ന രവിവിലാസത്തില്‍ മകന്‍ രാമവര്‍മരാജ ചിത്രകലാ പഠനകേന്ദ്രം ആരംഭിച്ചത്. 1956 വരെ ഇവിടെനിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് മദ്രാസ് സര്‍ക്കാറിന്‍െറ ടെക്നിക്കല്‍ എജുക്കേഷന്‍ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. 1956 ഒക്ടോബര്‍ 10നാണ് സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തത്. തുടര്‍ന്ന് ഇവിടെ പെയ്ന്‍റിങ്ങും ശില്‍പകലയും പഠിപ്പിക്കുന്ന പഞ്ചവത്സര ഡിപ്ളോമ കോഴ്സ് തുടങ്ങി. പിന്നീട് ഇത് രാജാരവിവര്‍മ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സ് എന്ന പേരില്‍ അറിയപ്പെട്ടു. 2000ല്‍ ബിരുദ കോഴ്സുകള്‍ ആരംഭിച്ചു. അതോടെ രാജാരവിവര്‍മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്സ് എന്ന പേരായി. ഒരുവര്‍ഷം മുമ്പ് കേരള സര്‍വകലാശാല നേരിട്ട് നടത്തുന്ന പി.ജി കോഴ്സ് തുടങ്ങി. അപ്പോഴും പേരിന് മാറ്റംവന്നു. രാജാരവിവര്‍മ സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സ് എന്നായി. നാല് ബാച്ചുകളിലായി 160 വിദ്യാര്‍ഥികളും 14 അധ്യാപകരുമാണ് കോളജിലുള്ളത്. ഇതുമാത്രമാണ് രാജാരവിവര്‍മയുടെ പേരിലുള്ള ശ്രദ്ധേയ സ്ഥാപനം. അദ്ദേഹത്തിന്‍െറ രണ്ടാമത്തെ മകനും ചിത്രകാരനുമായ രാമവര്‍മരാജ ഇത് തുടങ്ങിയതുതന്നെ ചിത്രകലയോടും പിതാവിനോടുമുള്ള പ്രതിബദ്ധതയുംകൊണ്ടാണ്. കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയര്‍മാനായും മാവേലിക്കര നഗരസഭാ ചെയര്‍മാനായും രാമവര്‍മരാജ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാമവര്‍മരാജയുടെ ജന്മദിനമായ 29നാണ് കോളജിന്‍െറ ശതാബ്ദി ആഘോഷം തുടങ്ങുക. അദ്ദേഹത്തിന്‍െറ പേരിലുള്ള ഗാലറി രാവിലെ 10.30ന് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമനും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ചിത്രപ്രദര്‍ശനം ശില്‍പി പ്രഫ. എന്‍.എന്‍. റിന്‍സണും ഉദ്ഘാടനം ചെയ്യും. സെമിനാറിന്‍െറ ഉദ്ഘാടനം ടെക്നിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. വിജയകുമാര്‍ നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. ടെന്‍സിങ് ജോസഫ് അധ്യക്ഷത വഹിച്ചു. ഒക്ടോബര്‍ ഒന്നുവരെ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് കോളജിലെ പൂര്‍വവിദ്യാര്‍ഥി സമിതിയുടെ നേതൃത്വത്തില്‍ 500 ചിത്രകാരന്മാര്‍ ചൊവ്വാഴ്ച രാവിലെ നഗര പാതയോരത്ത് ഛായാചിത്ര രചനാസംഗമം നടത്തും. രാവിലെ 11ന് ബുദ്ധ ജങ്ഷനില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ ആര്‍ട്ടിസ്റ്റ് ബോസ് കൃഷ്ണമാചാരിയും മിച്ചല്‍ ജങ്ഷന് വടക്ക് കാര്‍ട്ടൂണിസ്റ്റ് യേശുദാസനും സംഗമം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണ്‍, ചിത്രകാരന്മാരായ ടി. കലാധരന്‍, ആര്‍. അജയകുമാര്‍, ആര്‍. രാജേഷ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് പാതയോര കവിസംഗമവും നടക്കും. ഉച്ചക്ക് രണ്ടിന് ടൗണ്‍ഹാളില്‍ പൂര്‍വവിദ്യാര്‍ഥി അധ്യാപക സംഗമം. ഒക്ടോബര്‍ 29 വരെ ഒരുമാസം നീളുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുക. അഞ്ചുമുതല്‍ 10 വരെ ചലച്ചിത്രോത്സവവും 12 മുതല്‍ 17 വരെ ചിത്രപ്രദര്‍ശനവും നടക്കും. നവംബറിലും വിവിധ പരിപാടികള്‍ നടത്തും.
Next Story