Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2015 12:38 PM GMT Updated On
date_range 28 Sep 2015 12:38 PM GMTവയലാര്‍ ഗ്രാമവിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കം
text_fieldsbookmark_border
ചേര്‍ത്തല: വയലാര്‍ ഗ്രാമവിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കം. മലയാള കാവ്യ സിംഹാസനത്തിലെ അതുല്യ പ്രതിഭ വയലാര്‍ രാമവര്‍മ ആദ്യക്ഷരങ്ങള്‍ കുറിച്ച ഈ വിദ്യാലയം ഇന്ന് ആ കാവ്യ പ്രതിഭയുടെ പേരില്‍ അറിയപ്പെടുന്ന വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആയി മാറിയിരിക്കുകയാണ്. 1916 ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ തന്നെയാണ് രാഷ്ട്രീയ രംഗത്ത് അതികായരായി വളര്‍ന്ന വയലാര്‍ രവിയും മണ്‍മറഞ്ഞ സി.കെ. ചന്ദ്രപ്പനും പഠിച്ചത്. 1960ല്‍ യു.പി സ്കൂളായും 79ല്‍ ഹൈസ്കൂളായും പിന്നീട് 2004ല്‍ ഹയര്‍സെക്കന്‍ഡറിയായും ഉയര്‍ന്ന ഈ മുത്തശ്ശി സ്കൂളിന്‍െറ ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷം സ്വന്തം ആഘോഷമാക്കാന്‍ ഗ്രാമവാസികള്‍ തയാറെടുക്കുകയാണ്. കവിയുടെ നാമധേയത്തില്‍ അറിയപ്പെടുന്ന ഈ സ്കൂള്‍ അദ്ദേഹത്തിന്‍െറ ചിത്രങ്ങള്‍കൊണ്ടും കാവ്യശകലങ്ങളുടെ ചിത്രീകരണങ്ങള്‍കൊണ്ടും പെയിന്‍റിങ്ങിലൂടെ മനോഹരമായി അലങ്കരിച്ചാണ് ശതാബ്ദി ആഘോഷങ്ങള്‍ക്കായി തയാറാക്കിയത്. സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിക്കാത്തൊരു തത്ത്വശാസ്ത്രത്തെയും എന്ന പ്രശസ്തമായ വയലാര്‍ ഈരടികളാണ് പ്രവേശ കവാടത്തില്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നത്. അവിടെനിന്നും സ്കൂള്‍ വരാന്തയിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ത്തന്നെ കവിയുടെ ചിരിക്കുന്ന ചിത്രമാണ് ഏവരെയും വരവേല്‍ക്കുന്നത്. തുടര്‍ന്ന്, ക്ളാസ് മുറികളുടെപുറം ചുവരുകളെല്ലാം കവിയുടെ ഗാനങ്ങളുടെയും കവിതകളുടെയും ചിത്രീകരണമാണ് ആലേഖനം ചെയ്തിരിക്കുന്നത്. ദൈവപുത്രന് വീഥിയൊരുക്കുവാന്‍ സ്നാപകയോഹന്നാന്‍ വന്നതും, സന്ധ്യ മയങ്ങും നേരം ഗ്രാമ ചന്ത പിരിയുന്നതിന്‍െറ വശ്യതയും, പെയിന്‍റിങ്ങില്‍ മനോഹരമായാണ് ആര്‍ട്ടിസ്റ്റ് ഗോപകുമാര്‍ വരച്ചിട്ടത്. മാത്രമല്ല, കവിയുടെ എല്ലാമായിരുന്ന അമ്മയുടെ ചിത്രവും കവിയുടെ പഠന മുറിയും വര്‍ണങ്ങളില്‍ കോറിയിട്ടിരിമ്പോള്‍ത്തന്നെ, കയറുപിരിക്കും തൊഴിലാളിക്കൊണ്ടൊരു കഥ, യുജ്ജ്വല സമരകഥ എന്ന ചിത്രീകരണവും ആയിഷയുടെയും അദ്രമാന്‍േറയും തനതു രൂപങ്ങളും ചുവരുകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ കലാലയം കവിയുടെയും കാവ്യ പ്രപഞ്ചത്തിന്‍െറയും മാസ്മരിക ലോകത്തേക്ക് കാണികളെയത്തെിക്കുന്ന പ്രതീതിയാണനുഭവപ്പെടുന്നത്. ശതാബ്ദിയാഘോഷത്തിന്‍െറ ഭാഗമായി നടത്തുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് വയലാര്‍ രവി എം.പിയാണ്. പി. തിലോത്തമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വയലാര്‍ രാമവര്‍മയുടെ സഹധര്‍മിണി ഭാരതി തമ്പുരാട്ടിയും മകന്‍ ശരത്ച്ചന്ദ്രവര്‍മയും ചേര്‍ന്നാണ് വയലാര്‍ ചിത്രങ്ങളുടെ അനാഛാദന കര്‍മം നിര്‍വഹിക്കുന്നത്. എ.എം. ആരിഫ് എം.എല്‍.എ, യു. പ്രതിഭാ ഹരി, കെ.ആര്‍. രാജേന്ദ്രപ്രസാദ്, മനു സി. പുളിക്കല്‍, ദിലീപ് കണ്ണാടന്‍, ബീന തങ്കരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.
Next Story