Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭക്തിയുടെ നിറവില്‍...

ഭക്തിയുടെ നിറവില്‍ നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു

text_fields
bookmark_border
ആലപ്പുഴ: ഭക്തിയുടെയും സമര്‍പ്പണത്തിന്‍െറയും നിറവില്‍ നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു. പള്ളികളിലും ഈദ്ഗാഹുകളിലും വിശ്വാസികളുടെ തിരക്കായിരുന്നു. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും ആശംസകള്‍ കൈമാറിയും വിശ്വാസി സമൂഹം പെരുന്നാളിന്‍െറ ആഹ്ളാദത്തില്‍ മുഴുകി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച ഈദ്ഗാഹില്‍ സ്ത്രീകള്‍ അടക്കം ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ആലപ്പുഴ ടൗണ്‍ ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ കടപ്പുറത്ത് കടല്‍പ്പാലത്തിന് സമീപം നടന്ന പ്രാര്‍ഥനക്കും ഖുതുബക്കും ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ശരീഅ ഫാക്കല്‍റ്റി കെ.എം. അശറഫ് നീര്‍ക്കുന്നം നേതൃത്വം നല്‍കി. മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഇസ്ലാം സമാധാനത്തിന്‍െറ മതമാണ്. ഭയത്തില്‍നിന്ന് നിര്‍ഭയവും അശാന്തിയില്‍നിന്ന് ശാന്തിയും അസമാധാനത്തില്‍നിന്ന് സമാധാനവുമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. ചിലയിടങ്ങളില്‍ മതത്തിന്‍െറ പേരില്‍ നടത്തുന്ന കലാപങ്ങള്‍ ഒന്നുംതന്നെ മതവുമായി ബന്ധം ഇല്ലാത്തവരാണ് നടത്തുന്നത്. അഭയാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവും സംരക്ഷണവും നല്‍കുക എന്നത് ഓരോ വിശ്വാസിയുടെയും കടമയും കര്‍ത്തവ്യവുമാണ്. മനുഷ്യനെ ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലത എല്ലാവര്‍ക്കും വേണമെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയല്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ്ഗാഹിന് നീര്‍ക്കുന്നം ഹുദാ മസ്ജിദ് ഇമാം എസ്. ഫസലുദ്ദീന്‍ നേതൃത്വം നല്‍കി. കായംകുളം മേഖലാ ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.എസ്.എം കോളജ് മൈതാനിയില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് മൗലവി വി.എ. യൂനുസ് ഉമരിയും ജമാഅത്തെ ഇസ്ലാമി ഡാണാപ്പടി യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ മസ്ജിദുല്‍ ഹുദായില്‍ നടന്ന ഈദ്ഗാഹിന് ഇമാം എസ്.എസ്. അക്ബറും നേതൃത്വം നല്‍കി. ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ കെ.എന്‍.എം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഈദ്ഗാഹിന് പി.എച്ച്. അബ്ദുല്‍ സലാം മൗലവിയും പുന്നപ്ര ജെ.ബി.എസ് ഗ്രൗണ്ടില്‍ കെ.എച്ച്. ഹബീബുല്ല മൗലവിയും മണ്ണഞ്ചേരി അടിവാരത്ത് ഉബൈദുല്ല മൗലവിയും കുത്തിയതോട് എന്‍.സി.സി കവലക്ക് സമീപം അഷ്റഫ് ഇസ്ലാഹിയും നദ്വത്ത് നഗര്‍ നദ്വത്തുല്‍ ഇസ്ലാം ഹൈസ്കൂള്‍ മൈതാനിയില്‍ അഹമ്മദ് അനസ് മൗലവിയും വയലാര്‍ നാഗംകുളങ്ങര ജങ്ഷന് സമീപം ശിഹാബുദ്ദീന്‍ മൗലവിയും കായംകുളം ഗവ. ഗേള്‍സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ എം. അശറഫ് കോയ സുല്ലമിയും ഈദ്ഗാഹിന് നേതൃത്വം നല്‍കി. മുജാഹിദ് ദഅ്വ സമിതി ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ടൗണ്‍ സ്ക്വയറില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് നസീര്‍ അന്‍വാരി നേതൃത്വം നല്‍കി.
Show Full Article
Next Story