Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിവാദങ്ങള്‍ മൂടിയ...

വിവാദങ്ങള്‍ മൂടിയ സ്ത്രീസൗഹൃദ കേന്ദ്രം ഉദ്ഘാടനം 15ന്

text_fields
bookmark_border
ആലപ്പുഴ: ജില്ലാപഞ്ചായത്തിന്‍െറ സ്ത്രീസൗഹൃദ കേന്ദ്രത്തിന്‍െറ ഉദ്ഘാടനം 15ന് നടക്കും. വര്‍ഷങ്ങളായി വിവാദങ്ങള്‍ മൂടിക്കിടന്ന ജെന്‍റര്‍ പാര്‍ക്ക് അഥവാ സ്ത്രീസൗഹൃദ കേന്ദ്രം ജില്ലാപഞ്ചായത്ത് ഭരണസമിതിക്കുമേല്‍ വീണ കറുത്തപാടായി ഏറെനാള്‍ നിലനിന്നിരുന്നു. സ്ത്രീസൗഹൃദ കേന്ദ്രം ആലപ്പുഴ നഗരത്തില്‍ അനിവാര്യവും പ്രയോജനപ്രദവുമാണ്. അതിനായി സ്ഥലവും കെട്ടിടവും ഏറ്റെടുത്തത് സംബന്ധിച്ചാണ് വിവാദം നിലനിന്നത്. നഗരത്തിന്‍െറ ഹൃദയഭാഗത്ത് ഗേള്‍സ് എച്ച്.എസ്.എസിന് സമീപം പ്രമുഖ വസ്ത്ര വ്യവസായിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയും കെട്ടിടവുമാണ് ജില്ലാപഞ്ചായത്ത് വിലക്കു വാങ്ങിയത്. ഭൂമിയുടെ വില സംബന്ധിച്ച തര്‍ക്കമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. പദ്ധതിയുടെ ഗുണപരവും സാമൂഹിക തല്‍പരവുമായ വിഷയം ഉയര്‍ത്തി ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് യു. പ്രതിഭാഹരി സ്ഥലം ഏറ്റെടുക്കലിനെ ന്യായീകരിച്ചെങ്കിലും പാളയത്തില്‍തന്നെ പടയുണ്ടായത് അവര്‍ക്ക് ഏറെ ക്ഷീണമായി. ഇടത് ഭരണത്തിലുള്ള ജില്ലാപഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റും സി.പി.ഐ അംഗവുമായ തമ്പി മേട്ടുതറയാണ് ജെന്‍റര്‍ പാര്‍ക്ക് സ്ഥലം ഇടപാടില്‍ അഴിമതി നടന്നതായി യോഗത്തില്‍ ആരോപിച്ചത്. പുറമെയുള്ള ചില സംഘടനകളും അത് ഏറ്റുപിടിച്ചു. പ്രശ്നം സി.പി.എം-സി.പി.ഐ പോരിന് കളമൊരുക്കി. വിഷയത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി പി. തിലോത്തമന്‍ ഇടപെട്ടു. അതിനെതിരെ അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു പ്രതികരിച്ചു. കലക്ടര്‍ നിര്‍ദേശിച്ച വിലയെക്കാള്‍ കൂട്ടി ഭൂമി വാങ്ങിയെന്നായിരുന്നു ആരോപണം. ഇതുമൂലം ജില്ലാപഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത്രെ. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു ഭവനം ആലപ്പുഴയില്‍ ഇല്ളെന്ന പരാധീനതകള്‍ ഒഴിവാക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ ആവശ്യമാണ്. പ്രത്യേകിച്ച് ദൂരസ്ഥലങ്ങളില്‍നിന്ന് ഇവിടെയത്തെുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒരു താവളമില്ലാത്തത് ഒട്ടേറെ പ്രയാസങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അതിന് പരിഹാരമായാണ് സ്ത്രീസൗഹൃദ കേന്ദ്രം എല്ലാ സംവിധാനങ്ങളോടെയും ആരംഭിക്കുന്നത്. എന്നാല്‍, ലക്ഷ്യം നല്ലതാണെങ്കിലും മാര്‍ഗം ശരിയായില്ളെന്ന തരത്തിലായിരുന്നു വിമര്‍ശം ഏറെയുമുണ്ടായത്. സാമ്പത്തികമായ ഒട്ടേറെ ക്രമക്കേടുകള്‍ നടന്നതായും ഭരണസമിതിയില്‍നിന്നുതന്നെ വിമര്‍ശമുയര്‍ന്നു. അവസാനം വിജിലന്‍സ് കേസായി വിഷയം മാറി. അതിന്‍െറ അവസാനം ഇപ്പോഴും എത്തിയിട്ടില്ല. സര്‍ക്കാര്‍ കാര്യം മുറപോലെയായതിനാല്‍ അഥവാ സാമ്പത്തിക ഇടപാടില്‍ ക്രമക്കേട് ഉണ്ടെങ്കില്‍തന്നെ അതും കാലം മൂടിക്കളയുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷത്തുള്ളവര്‍. 60 സെന്‍റ് സ്ഥലവും 4300 ചതുരശ്ര അടി വിസ്തീര്‍ണം വീതമുള്ള രണ്ട് കെട്ടിടങ്ങളും ആറുകോടി രൂപക്കാണ് ജില്ലാപഞ്ചായത്ത് വാങ്ങിയത്. 50ലധികം മുറികളും അനുബന്ധ സൗകര്യങ്ങളുമുണ്ട്. ഇപ്പോള്‍ ഈ തുകക്ക് ഇത്രയും ഭൂമിയും കെട്ടിടവും കിട്ടുമെന്ന് ചിന്തിക്കാന്‍ കഴിയില്ല. അതിനാല്‍ ഭാവിയിലേക്കുള്ള ജില്ലാപഞ്ചായത്തിന്‍െറ ആസ്തിയില്‍ ഇത് ഏറെ നേട്ടമാകും. ഒപ്പം മറ്റ് ജില്ലാപഞ്ചായത്തുകളില്‍ ഇല്ലാത്ത ഒരു പദ്ധതി ആവിഷ്കരിച്ചു എന്നതിന്‍െറ ക്രെഡിറ്റും. ഇപ്പോള്‍ സി.പി.എം-സി.പി.ഐ തര്‍ക്കം ആ നിലയില്‍ ഇല്ല. വൈസ് പ്രസിഡന്‍റിന് വേണ്ട പരിഗണന ജില്ലാപഞ്ചായത്തില്‍ ലഭിക്കുന്നില്ളെന്ന ആക്ഷേപം മാത്രമേ സി.പി.ഐക്കുള്ളൂ. അത് പരസ്യമായി പ്രകടിപ്പിക്കുന്നുമില്ല. എന്തായാലും സ്ത്രീ സൗഹൃദ കേന്ദ്രം എന്ന ആശയത്തെ സ്വാഗതംചെയ്യുമ്പോള്‍ തന്നെ ഒരുകാലത്ത് അതിന്‍െറ പേരിലുണ്ടായ ആരോപണങ്ങളും സംശയങ്ങളും പുകമൂടി നില്‍ക്കുകയാണ്. പ്രതിപക്ഷം കൂടി പലപ്പോഴും വേണ്ടത്ര സഹകരണം ഇതിന്‍െറ സ്ഥാപനത്തിനായി നല്‍കിയിട്ടുള്ളതിനാല്‍ ഉള്ളുതുറന്നുള്ള പ്രതിഷേധം ജില്ലാപഞ്ചായത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിന് നടത്താനും കഴിയില്ല. രാവിലെ 10.30ന് ജി. സുധാകരന്‍ എം.എല്‍.എയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. കെ.സി. വേണുഗോപാല്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തിയുള്ള ജില്ലാപഞ്ചായത്തിന്‍െറ അഭിമാന പദ്ധതിയായാണ് ഇതിനെ പ്രസിഡന്‍റ് വിശേഷിപ്പിക്കുന്നത്. വനിതകള്‍ക്കായുള്ള ഹോസ്റ്റല്‍, റസ്റ്റാറന്‍റ്, സാംസ്കാരിക കേന്ദ്രം, സ്ത്രീസുരക്ഷ ലക്ഷ്യമാക്കുന്ന വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ഭരണനിര്‍വഹണ ഓഫിസുകള്‍, ഇന്‍റര്‍നെറ്റ് കഫേ, ബുക്സ്റ്റാള്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, ജൈവ പച്ചക്കറി സ്റ്റാളുകള്‍ തുടങ്ങിയവ ഉണ്ടാകും.
Show Full Article
Next Story