Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജില്ലാ റോഡ് സുരക്ഷാ...

ജില്ലാ റോഡ് സുരക്ഷാ അടിയന്തര യോഗം: റോഡ് സുരക്ഷിതത്വം ഉറപ്പാക്കാന്‍ പദ്ധതി രേഖ

text_fields
bookmark_border
ആലപ്പുഴ: ജില്ലയിലെ ദേശീയപാതയില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിരേഖ തയാറാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റി യോഗം തീരുമാനിച്ചു. കെ.സി. വേണുഗോപാല്‍ എം.പി, ജി. സുധാകരന്‍ എം.എല്‍.എ, ജില്ലാ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ എന്‍. പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചത്. കഴിഞ്ഞവര്‍ഷം ജില്ലയില്‍ 2,962 അപകടങ്ങളാണ് നടന്നത്. ഇതില്‍ 367 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 3,266 പേര്‍ക്ക് പരിക്കേറ്റു. ഈ വര്‍ഷം ആഗസ്റ്റ് വരെ 269 പേരുടെ ജീവന്‍ ദേശീയപാതയില്‍ നഷ്ടപ്പെട്ടു. ജില്ലയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന പ്രശ്നം പാര്‍ലമെന്‍റിന്‍െറ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പാര്‍ലമെന്‍റ് സമിതിയില്‍ അവതരിപ്പിച്ച് ജില്ലക്ക് കൂടുതല്‍ റോഡ് സുരക്ഷാ ഫണ്ട് അനുവദിപ്പിക്കുന്നതിന് ശ്രമിക്കുമെന്നും കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. ജില്ലയില്‍ മൂന്ന് വര്‍ഷത്തിനിടെ നടന്ന റോഡപകടങ്ങളുടെ എണ്ണം, ഒരു വര്‍ഷത്തിനിടെ ദേശീയപാതയില്‍ നടന്ന അപകടങ്ങളുടെ വിവരം, അപകടമേഖലകള്‍ എന്നിവ കണ്ടത്തെി ഈമാസം 22നകം റിപ്പോര്‍ട്ട് നല്‍കണം. ദേശീയപാതയുടെ 110 കിലോമീറ്റര്‍ ദൂരമാണ് ജില്ലയിലൂടെ കടന്നുപോകുന്നത്. അപകടങ്ങള്‍ വര്‍ധിച്ചതിനാല്‍ ജില്ലക്ക് പ്രത്യേക പരിഗണന ലഭിക്കണം. ജില്ലക്ക് വേണ്ടവിധത്തില്‍ റോഡ് സുരക്ഷാ ഫണ്ട് ലഭിക്കാത്ത സാഹചര്യം പരിഹരിക്കാന്‍ കേന്ദ്രതലത്തില്‍ നടപടിയെടുക്കും. റോഡ് സേഫ്റ്റി സംബന്ധിച്ച് ബോധവത്കരണം നടത്താനും റോഡ് സുരക്ഷ സംബന്ധിച്ച് കുട്ടികള്‍ക്ക് പരിശീലനം നല്‍കാനും നടപടിയെടുക്കാന്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസറോട് എം.പി ആവശ്യപ്പെട്ടു. ദേശീയപാതയോരത്ത് അനധികൃതമായി കൂട്ടിയിട്ടിരിക്കുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ കേസെടുക്കുകപോലും ചെയ്യരുതെന്ന് ജി. സുധാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് കുഴിക്കുന്നതിന് മുമ്പ് വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മില്‍ ധാരണയിലത്തെണം. അല്ലാതെ റോഡ് കുഴിക്കരുത്. ജില്ലയില്‍ ട്രാഫിക് പൊലീസിന്‍െറ പ്രവര്‍ത്തനം തൃപ്തികരമല്ളെന്നും അദ്ദേഹം പറഞ്ഞു. പാതയോരത്തെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. പാതയോരത്ത് ഗതാഗത തടസ്സമുണ്ടാക്കുന്ന കൈയേറ്റങ്ങള്‍ക്കെതിരെ ഉടന്‍ നോട്ടീസ് നല്‍കി പ്രത്യേക അധികാരം ഉപയോഗിച്ച് നടപടിയെടുക്കും. ജില്ലയിലെ റോഡുകളിലെ അപകടമേഖലകള്‍ കണ്ടത്തെി അതിന്‍െറ മാപ്പ് തയാറാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ദേശീയപാതയില്‍ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാന്‍ വേണ്ട പദ്ധതികളുടെ എസ്റ്റിമേറ്റ് തയാറാക്കി രണ്ടാഴ്ചക്കകം സമര്‍പ്പിക്കാന്‍ ദേശീയപാതാ വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ.പി. പ്രഭാകരന്‍ ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ അനുമതി കേന്ദ്രത്തില്‍നിന്ന് ഉടന്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കും. ദേശീയപാതയില്‍ ട്രാഫിക് സിഗ്നല്‍ വേണ്ട സ്ഥലങ്ങള്‍, ദിശാബോര്‍ഡുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍, ദേശീയപാതയിലെ പാലങ്ങളുടെ ബീമുകള്‍ തമ്മില്‍ ചേരുന്ന സ്ഥലത്ത് തകരാറുള്ള സ്ഥലങ്ങള്‍, റോഡില്‍നിന്ന് വളരെ താഴ്ന്നുനില്‍ക്കുന്ന നടപ്പാതയുള്ള സ്ഥലങ്ങള്‍ എന്നിവ കണ്ടത്തെി പദ്ധതികള്‍ക്ക് എസ്റ്റിമേറ്റ് തയാറാക്കാന്‍ യോഗം നിര്‍ദേശിച്ചു. ഇതിനായി ഉദ്യോഗസ്ഥസംഘം ദേശീയപാതയില്‍ പരിശോധന നടത്തും. റോഡിന്‍െറ ഉയരത്തിനൊപ്പം നടപ്പാത ഉയര്‍ത്തും. ഒരു മീറ്റര്‍ വീതിയില്‍ നടപ്പാത നിര്‍മിക്കും. റോഡപകടങ്ങള്‍ സംബന്ധിച്ച് കുട്ടികളില്‍ ബോധവത്കരണം നടത്താന്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബോധവത്കരണത്തിന് സ്ഥിരം സംവിധാനം ആലോചിച്ച് നടപ്പാക്കും. യോഗത്തില്‍ എ.ഡി.എം ടി.ആര്‍. ആസാദ്, ഡെപ്യൂട്ടി കലക്ടര്‍ കെ.ആര്‍. ചിത്രാധരന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Next Story