Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപരാധീനതക്ക് നടുവില്‍...

പരാധീനതക്ക് നടുവില്‍ ജനറല്‍ ആശുപത്രി; പ്രഖ്യാപനങ്ങള്‍ പാഴായി

text_fields
bookmark_border
ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്ന കെട്ടിട സമുച്ചയങ്ങള്‍ ജനറല്‍ ആശുപത്രിയായി മാറിയപ്പോള്‍ എല്ലാ സൗകര്യവും ഉപയോഗപ്പെടുത്തി റഫറല്‍ സംവിധാനത്തോടെയുള്ള ആതുരാലയമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച അധികാരികളുടെ വാക്കുകള്‍ പതിരായി മാറി. ഇന്ന് ആലപ്പുഴ നഗരത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രി പരാധീനതകളുടെ നടുവില്‍. ആവശ്യത്തിന് കെട്ടിടങ്ങളോ സ്ഥലസൗകര്യങ്ങളോ ഇല്ലാതിരുന്നിട്ടല്ല, ഉള്ളവ ഉപയോഗിക്കാന്‍ ആവശ്യമായ മനുഷ്യവിഭവശേഷിയോ സാങ്കേതിക സംവിധാനങ്ങളോ ഇല്ലാത്തതാണ് പ്രശ്നം. അടിക്കടി രോഗികളുടെ ദുരിതങ്ങള്‍ വര്‍ധിക്കുന്നു. ശരിയായ ചികിത്സ ലഭിക്കാതെ ആശുപത്രിയില്‍ എത്തുന്നവര്‍ ദു$ഖിതരായി മടങ്ങുന്നു. ജനറല്‍ ആശുപത്രി എന്നത് പ്രാഥമികശുശ്രൂഷ നല്‍കാനുള്ള ഇടം മാത്രമായി ചുരുങ്ങുകയാണ്. എന്തിനും രോഗികളെ വണ്ടാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാനാണ് അധികാരികള്‍ക്ക് താല്‍പര്യം. ജനറല്‍ ആശുപത്രിക്ക് ആവശ്യമായ സംവിധാനങ്ങള്‍ മാനദണ്ഡം അനുസരിച്ച് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇവിടെ അതൊന്നും പാലിക്കപ്പെടുന്നില്ല.അടിക്കടി ഓരോ ഉദ്ഘാടനങ്ങള്‍ക്ക് എത്തുന്ന ആരോഗ്യമന്ത്രിയാകട്ടെ തികഞ്ഞ വിവേചനമാണ് ആലപ്പുഴയിലെ ആശുപത്രിയോട് കാണിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ കുറവായ നഗരത്തില്‍ സാധാരണക്കാരുടെ ഏക ആശ്രയമാണിത്. നഗരത്തിലെയും കിഴക്കന്‍ പ്രദേശങ്ങളിലെയും സാധാരണക്കാരാണ് ആശുപത്രിയുടെ ഗുണഭോക്താക്കള്‍. പഴയ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് ഇന്ന് പ്രൈമറി ഹെല്‍ത്ത് സെന്‍ററാണോ എന്ന് സംശയിച്ചുപോകും. മതിയായ ചികിത്സ ലഭിക്കാതെ അത്യാസന്നനിലയില്‍ എത്തുകയും അവസാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും അവിടെനിന്ന് മറ്റ് ജില്ലകളിലെ സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ പറഞ്ഞുവിടുകയും ചെയ്യുന്ന സംഭവങ്ങള്‍ ഏറെയാണ്. ഇത്തരം സാഹചര്യങ്ങള്‍ സംഘര്‍ഷത്തിലേക്കും എത്താറുണ്ട്. ഡോക്ടര്‍മാരുടെ കുറവും ഉള്ളവരുടെ അമിതജോലിയും പ്രധാനപ്രശ്നമാണ്. പല പ്രധാനവിഭാഗങ്ങളിലും ഡോക്ടര്‍മാര്‍ ഇല്ല. കിടത്തിച്ചികിത്സിക്കേണ്ട രോഗികളെ പോലും മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. ഒരുദിവസം നൂറുകണക്കിന് രോഗികളാണ് ഒ.പിയില്‍ എത്തുന്നത്. അവരെ പരിശോധിക്കാന്‍ വേണ്ടത്ര ഡോക്ടര്‍മാരില്ല. ജനറല്‍ മെഡിസിനില്‍ ഒരു ഡോക്ടറാണുള്ളത്. അനസ്തേഷ്യ, ഓര്‍ത്തോ, ശ്വാസകോശ രോഗങ്ങള്‍, ദന്തവിഭാഗം, നേത്രവിഭാഗം എന്നിവിടങ്ങളിലൊന്നും ഡോക്ടര്‍മാര്‍ ഇല്ല. ബ്ളഡ് ബാങ്കിന്‍െറ പ്രവര്‍ത്തനവും തുടങ്ങിയിട്ടില്ല. ആവശ്യത്തിന് നഴ്സുമാരോ പാരാമെഡിക്കല്‍ സ്റ്റാഫോ ഇല്ല. ഇത്തരത്തില്‍ പരാധീനതകളുടെ പട്ടികയുമായി കിടക്കുന്ന ജനറല്‍ ആശുപത്രിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് താല്‍പര്യം കാണിക്കുന്നില്ല. അതുകൊണ്ട് അടിക്കടി ആശുപത്രിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ ഉണ്ടാവുകയും അത് ഡോക്ടര്‍മാരും രോഗികളും കൂട്ടിരിപ്പുകാരും തമ്മിലെ വഴക്കായി മാറുകയും ചെയ്യുന്നു.
Show Full Article
Next Story