Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2015 12:14 PM GMT Updated On
date_range 30 Nov 2015 12:14 PM GMTജലവിതരണ സംവിധാനത്തിലെ തകരാര്‍ പരിഹരിക്കുന്നതില്‍വീഴ്ച; പകര്‍ച്ചവ്യാധി ഭീഷണിയില്‍ നഗരം
text_fieldsbookmark_border
ആലപ്പുഴ: നഗരത്തിലെ ജലവിതരണശൃംഖലയിലെ തകരാര്‍ പരിഹരിക്കാന്‍ വൈകുന്നതുമൂലം നിലനില്‍ക്കുന്നത് ഗുരുതര സാഹചര്യം. നഗരത്തിന്‍െറ പലഭാഗത്തും മലിനജലം കുടിക്കേണ്ട സാഹചര്യമാണ് ഒരുമാസത്തിലേറെയായി നിലനില്‍ക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ തകരാര്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കേണ്ടതിന് പകരം വാട്ടര്‍ അതോറിറ്റി സ്വീകരിക്കുന്ന മെല്ളെപ്പോക്ക് സമീപനം കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സാമ്പത്തികശേഷി ഉള്ളവര്‍ കുടിക്കാനും പാചകത്തിനും വെള്ളം വിലകൊടുത്ത് വാങ്ങുമ്പോള്‍ സാധാരണക്കാര്‍ പൈപ്പിലൂടെ ലഭിക്കുന്ന മലിനജലംതന്നെ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുകയാണ്. നഗരത്തില്‍ എവിടെയോ പൈപ്പ്ലൈനില്‍ പൊട്ടലുണ്ടായി ഓടയിലെ വെള്ളം പൈപ്പില്‍ കയറുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. എന്നാല്‍, എവിടെയാണ് തകരാര്‍ ഉണ്ടായതെന്ന് കണ്ടത്തൊന്‍ മാസം ഒന്നായിട്ടും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. തകരാര്‍ പരിഹരിക്കുന്നതുവരെ വെള്ളം വാഹനത്തില്‍ എത്തിച്ചുനല്‍കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇത് പേരിനുമാത്രമാണ് നടക്കുന്നത്. സ്റ്റേഡിയം, എം.ഒ വാര്‍ഡ്, ഇരവുകാട് വാര്‍ഡുകളിലാണ് ഇപ്പോള്‍ ജലവിതരണ പൈപ്പുകളിലൂടെ മലിനജലം വരുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള പൈപ്പുകളാണ് നഗരത്തിലുള്ളത്. നഗരസഭയുടെ ചുമതലയില്‍ നടപ്പാക്കിയ സേതുപാര്‍വതി ബായി കുടിവെള്ള പദ്ധതിയില്‍ ആദ്യകാലത്ത് സ്ഥാപിച്ച പൈപ്പുകള്‍ കൂടാതെ, വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച പൈപ്പുകളും ഉണ്ട്. കാസ്റ്റ് അയണ്‍ പൈപ്പ്, ജി.ഐ പൈപ്പ്, പി.വി.സി പൈപ്പ്, ആസ്ബസ്റ്റോസ് പൈപ്പ് എന്നിവയൊക്കെ ജലവിതരണത്തിന് ഉപയോഗിക്കുന്നുണ്ട്. ഈ പൈപ്പുകളേറെയും കടന്നുപോകുന്നത് ഓടകള്‍ക്കും കൈത്തോടുകള്‍ക്കും സമീപത്തുകൂടിയാണ്. പൈപ്പുകളിലുണ്ടാകുന്ന ചെറിയ തകരാറുകള്‍ പോലും മലിനജലം കുടിവെള്ളത്തില്‍ കലരാന്‍ ഇടയാക്കും. നഗരത്തിലെ പൈപ്പുകളെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ എവിടെ തകരാറുണ്ടായാലും അത് മറ്റെല്ലാ സ്ഥലങ്ങളിലും ഏറിയും കുറഞ്ഞും ബാധിക്കുമെന്നതാണ് സ്ഥിതി. 20 വര്‍ഷം മുമ്പാണ് വാട്ടര്‍ അതോറിറ്റി നഗരസഭയുടെ ജലവിതരണ സംവിധാനത്തിന്‍െറ ചുമതല ഏറ്റെടുത്തത്. ഇപ്പോഴത്തെ ഉദ്യോഗസ്ഥര്‍ക്കൊന്നും പൈപ്പുകളുടെ സ്ഥാനത്തെ സംബന്ധിച്ച് വ്യക്തത ഇല്ളെന്നതാണ് സ്ഥിതി. ഇതിന് പരിഹാരമായി പഴയ ഉദ്യോഗസ്ഥരുടെ സേവനം കൂടി പ്രയോജനപ്പെടുത്തി ബ്ളൂ ബ്രിഗേഡ് പോലുള്ള വിദഗ്ധ സംഘത്തെയും രംഗത്തിറക്കി പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം. എന്നാല്‍, അര്‍ഹിക്കുന്ന ഗൗരവത്തോടെ പ്രശ്നത്തെ സമീപിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. ഈ നില തുടര്‍ന്നാല്‍, ഏതുസമയവും നഗരത്തില്‍ പകര്‍ച്ചവ്യാധിക്ക് സാധ്യതയും നിലനില്‍ക്കുന്നുണ്ട്. വീടുകളില്‍ വെള്ളം വിലകൊടുത്ത് വാങ്ങി പലരും ഉപയോഗിക്കുമ്പോള്‍ ഹോട്ടലുകളിലും മറ്റും മലിനജലം തന്നെയാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
Next Story