Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2015 4:42 PM IST Updated On
date_range 15 Nov 2015 4:42 PM ISTഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് ലീഗ്
text_fieldsbookmark_border
ആലുവ: കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് മുസ്ലിംലീഗ്. തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് ആലുവയില്‍ നടന്ന ജില്ലാ കമ്മിറ്റി യോഗമാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം അവകാശപ്പെടാന്‍ തീരുമാനിച്ചത്. പിന്നീട് എറണാകുളത്ത് നടന്ന യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യമുന്നയിച്ചു. ലീഗ് സംസ്ഥാന നേതൃത്വത്തോടും അവകാശവാദമുന്നയിക്കാന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് ലീഗിന് അര്‍ഹതയും അവകാശവുമുണ്ടെന്ന് യോഗം വിലയിരുത്തി. നഗരസഭകളിലും പഞ്ചായത്തുകളിലും അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമെടുത്തു. പായിപ്ര, ആയവന, പല്ലാരിമംഗലം, കോട്ടപ്പടി എന്നീ പഞ്ചായത്തുകളുടെ പ്രസിഡന്‍റ് സ്ഥാനവും ആവശ്യപ്പെടും. ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ ലീഗിന് ലഭിച്ചിരുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം ഇത്തവണയും വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. പാര്‍ട്ടിയുടെ ഏക ജില്ലാ പഞ്ചായത്തംഗമായ റസിയയെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണാക്കണമെന്നാണ് യു.ഡി.എഫിനോട് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ജില്ലയില്‍ ലീഗിന്‍െറ തോല്‍വിക്ക് പ്രധാന കാരണം കോണ്‍ഗ്രസിലെ വിമത പ്രശ്നമാണെന്ന് യോഗം വിലയിരുത്തി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ലീഗ് പ്രവര്‍ത്തകരും വിമത പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഈ വിഷയം പരിശോധിച്ച് ആവശ്യമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കും. കോണ്‍ഗ്രസിന്‍െറ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, യു.ഡി.എഫ് നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കും. ജില്ലാ പഞ്ചായത്ത് എടത്തല ഡിവിഷനില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കുണ്ടായ പരാജയത്തിന് കോണ്‍ഗ്രസിന്‍െറ ഗുരുതര വീഴ്ചയാണ് കാരണമായത്. ഇവിടെയടക്കം ആലുവ നിയോജകമണ്ഡലത്തില്‍ ലീഗിനെ പരാജയപ്പെടുത്താന്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ ഇടപെട്ടതായി തോന്നുന്നില്ല. എടത്തലയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വങ്ങളാണ് തോല്‍വിക്ക് പ്രധാന കാരണമായത്. പഞ്ചായത്തിലേക്ക് മത്സരിച്ച ലീഗ് വിമത സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് സഹായിച്ചിരുന്നതായും യോഗം വിലയിരുത്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ തെരഞ്ഞെടുപ്പിലുണ്ടായ മുറിവുകള്‍ ഉണക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് എം.പി. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ടി.എം. സലീം, കെ.എസ്. ഹംസ, ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുല്‍ മജീദ്, ട്രഷറര്‍ ആസിഫ് അഹമ്മദ്, വൈസ് പ്രസിഡന്‍റുമാരായ പി.ബി. അബ്ദുല്‍ അസീസ്, എ.കെ. സലീം, പി.എം. അമീറലി, എം.യു. ഇബ്രാഹീം, പി.എ. മമ്മു, ടി.എം. അബ്ബാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികള്‍ക്ക് പുറമെ നിയോജകമണ്ഡലം പ്രസിഡന്‍റ്-ജനറല്‍ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story