Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒറ്റമശ്ശേരി കൊലപാതകം...

ഒറ്റമശ്ശേരി കൊലപാതകം കണിച്ചുകുളങ്ങര മോഡലിന്‍െറ ആവര്‍ത്തനം

text_fields
bookmark_border
ചേര്‍ത്തല: സാധാരണ വാഹനാപകടമെന്ന് തുടക്കത്തില്‍ കരുതുകയും ആ രീതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് തയാറാക്കുകയും ചെയ്തശേഷം വ്യക്തമായ കൊലപാതകത്തിന്‍െറ പേരായിരുന്നു കണിച്ചുകുളങ്ങര മോഡല്‍. ഓരോ ദിവസവും നാടിനെ നടുക്കുന്ന സംഭവവികാസങ്ങളുടെ സൂചകങ്ങളായി 2005 ജൂലൈയില്‍ കണിച്ചുകുളങ്ങരയില്‍ നടന്ന അപകടത്തിന്‍െറ ദുരൂഹതകള്‍ മാറിയിരുന്നു. അതിന് ഏറെക്കുറെ സമാനമായ സംഭവമാണ് വെള്ളിയാഴ്ച രാത്രി ചേര്‍ത്തലക്കടുത്ത് ഒറ്റമശ്ശേരിയില്‍ നടന്നത്. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ കൊലപാതകം എന്ന കൃത്യം നിര്‍വഹിച്ച് മടങ്ങുന്ന ക്വട്ടേഷന്‍ സംഘത്തിന്‍െറ ജോലിയാണ് അവിടെയും നടന്നത്. എവറസ്റ്റ് ചിട്ടി ഉടമ രമേശ് ഉള്‍പ്പെടെ മൂന്നുപേരെയാണ് കണിച്ചുകുളങ്ങരയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെടുത്തിയത്. കാറില്‍ സഞ്ചരിച്ചിരുന്നവരെ ലോറിയിടിപ്പിച്ച് കൊല്ലുകയായിരുന്നു. അത് സാമ്പത്തികം ഉള്‍പ്പെടെയുള്ള പകയുടെയും ചിട്ടി സാമ്രാജ്യം വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങളുടെയും പേരിലുണ്ടായ വിരോധവുമൊക്കെയായിരുന്നു. എന്നാല്‍, ഇവിടെ തീരപ്രദേശത്തെ രണ്ട് കുടുംബങ്ങളുടെ അത്താണിയാണ് പകമൂലം ഇല്ലാതായത്. ജോണ്‍സണും സുബിനും അവരുടേതായ കുടുംബത്തിന്‍െറ പ്രതീക്ഷകളായിരുന്നു. തീരപ്രദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പെട്ടവര്‍. ദിവസങ്ങള്‍ക്ക് മുമ്പുതന്നെ വധഭീഷണി മൂലം ഭീതിയില്‍ കഴിഞ്ഞ ജോണ്‍സന്‍െറ കുടുംബം ആ വിവരം സ്ഥലം എം.എല്‍.എ വഴി പൊലീസിന്‍െറ പ്രദേശത്തെ മേലധികാരിയെ അറിയിച്ചെങ്കിലും ഒരന്വേഷണം പോലും നടന്നില്ല. എതിരാളികളെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘം ശ്രമിച്ചതുതന്നെ ചേര്‍ത്തലക്കടുത്ത് കണിച്ചുകുളങ്ങരയില്‍ നടന്ന സമാന സംഭവത്തിന്‍െറ പ്രേരണയിലാണ്. അന്നും ആ കൊലപാതകം അന്വേഷിച്ച മാരാരിക്കുളം പൊലീസ് അപകടമരണമെന്ന് ഏകദേശം നിജപ്പെടുത്തിയ ശേഷമാണ് കുടിപ്പകയുടെ ചുരുള്‍ അഴിഞ്ഞുവന്നത്. ഇവിടെയും വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും വരെ സാധാരണ അപകടമെന്ന് പൊലീസ് തീര്‍ച്ചപ്പെടുത്തിയിരുന്നു. എന്നാല്‍, പട്ടണക്കാട് പഞ്ചായത്ത് 17ാം വാര്‍ഡ് നിവാസികളായ മരിച്ചവരുടെ കുടുംബങ്ങളും നാട്ടുകാരും നവംബര്‍ ഒമ്പതിന് പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്തിയ സംശയങ്ങളാണ് കൊലപാതകമാണ് നടന്നതെന്ന് വ്യക്തമാക്കിയത്. സംഭവത്തില്‍ പിടിയിലായ ലോറി ഡ്രൈവര്‍ ഷിബുവിനെ ചോദ്യംചെയ്തതോടെ ആസൂത്രിത കൊലപാതകത്തിന്‍െറ അകത്തളങ്ങളിലേക്ക് പൊലീസിന് എത്താന്‍ കഴിഞ്ഞു. കൊലപാതകത്തിനുശേഷം രക്ഷപെട്ട ഗുണ്ടകള്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണ്. അവരെക്കൂടി പിടിച്ചാല്‍ മാത്രമേ സംഭവത്തില്‍ വ്യക്തത കൂടുതലുണ്ടാകൂ. മത്സ്യത്തൊഴിലാളി മേഖലയില്‍ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. മുന്‍കൂട്ടി അറിയാവുന്ന വധഭീഷണിയെ പ്രതിരോധിക്കാന്‍പോലും കഴിയാതെ പോയതിലുള്ള നിസ്സഹായാവസ്ഥയും വേദനയും അവര്‍ പങ്കുവെക്കുന്നു. ഒപ്പം പരാതി നല്‍കിയിട്ടും ഒന്നും അന്വേഷിക്കാന്‍ പോലും താല്‍പര്യപ്പെടാത്ത പൊലീസിന്‍െറ നിലപാടുകളോടുള്ള വെറുപ്പും വിദ്വേഷവും അവര്‍ പ്രകടിപ്പിക്കുന്നു.
Show Full Article
TAGS:LOCAL NEWS
Next Story