Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2015 5:30 PM IST Updated On
date_range 9 Dec 2015 5:30 PM ISTസ്കൂളുകള്‍ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ കാര്യക്ഷമമാക്കണം –കലക്ടര്‍
text_fieldsbookmark_border
ആലപ്പുഴ: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് ജില്ലയില്‍ എക്സൈസ് വകുപ്പ് അബ്കാരി മേഖലയിലെ കുറ്റക്യത്യങ്ങള്‍ തടയുന്നതിന് ജനുവരി അഞ്ചുവരെ സ്പെഷല്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്ന് കലക്ടറേറ്റില്‍ കൂടിയ അനധികൃത മദ്യത്തിന്‍െറ ഉല്‍പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഏതു സമയവും പരിശോധന നടത്തുന്നതിന് രണ്ട് സ്ട്രൈക്കിങ് ഫോഴ്സും രംഗത്തുണ്ട്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന്, വ്യാജ മദ്യം എന്നിവയുടെ ഉപയോഗം കൂടിവരുന്നതായി തനിക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ഇവിടങ്ങളില്‍ എക്സൈസും പൊലീസും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ജില്ലയിലെ എട്ടുമുതല്‍ 17 വരെ പ്രായമുള്ള വിദ്യാര്‍ഥികളില്‍ സംശയമുള്ള 388 പേരെ നിരീക്ഷിച്ചതില്‍നിന്ന് 26 ശതമാനം പേര്‍ പാന്‍പരാഗ് ഉപയോഗിക്കുന്നതായും 46 ശതമാനം പേര്‍ പുകവലിക്കുന്നതായും 25 ശതമാനം പേര്‍ മദ്യം ഉപയോഗിക്കുന്നതായും നാലു ശതമാനം പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി കണ്ടത്തെിയതായി ജില്ലാ കലക്ടര്‍ യോഗത്തില്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് സ്കൂളുകള്‍ക്ക് സമീപം പ്രത്യേക ശ്രദ്ധ നല്‍കാന്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. നഗരത്തിലെ സ്കൂളുകളില്‍ ലഹരിവിരുദ്ധ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ കൂടുതല്‍ തുക അനുവദിക്കുമെന്ന് യോഗത്തില്‍ സംസാരിച്ച ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു. നഗരത്തിലെ സ്കൂളുകളിലെ കുട്ടികളുടെ ഹാജര്‍ നില നഗരസഭയില്‍ 11 മണിക്കുതന്നെ അറിയുന്നതിനുള്ള സംവിധാനം നടപ്പാക്കാന്‍ നടപടികളായി വരുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യോഗത്തിനുശേഷം നാലുമാസത്തിനുള്ളില്‍ ജില്ലയില്‍ 3506 റെയ്ഡുകള്‍ നടത്തുകയും അതില്‍ 548 അബ്കാരി കേസുകളും 18 എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. കേസുകളില്‍ 595 പേരെ പ്രതികളായി ചേര്‍ക്കുകയും അതില്‍ 535 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. റെയ്ഡില്‍ 1760 ലിറ്റര്‍ സ്പിരിറ്റും 61.5 ലിറ്റര്‍ ചാരായവും 650 ലിറ്റര്‍ വിദേശമദ്യവും 4166 ലിറ്റര്‍ കോടയും 8.374 കിലോഗ്രാം കഞ്ചാവും 593.055 ലിറ്റര്‍ അരിഷ്ടവും 72.4 ലിറ്റര്‍ ബിയറും പിടിച്ചെടുത്തിട്ടുണ്ട്. 10073 വാഹന പരിശോധനകള്‍ നടത്തിയതില്‍ വ്യാജ മദ്യം കടത്തുന്നതിന് ഉപയോഗിച്ച 24 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും സര്‍ക്കാറിലേക്ക് മുതല്‍ കൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഈ കാലയളവില്‍ 3701 പരിശോധനകള്‍ കള്ളുഷാപ്പുകളിലും 33 പരിശോധനകള്‍ വിദേശമദ്യഷാപ്പുകളിലും അഞ്ച് പരിശോധനകള്‍ ബാറുകളിലും എട്ട് പരിശോധനകള്‍ അരിഷ്ടാസവ ഉല്‍പന കേന്ദ്രങ്ങളിലും നടത്തി. 12000 പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. പൊതുജനങ്ങള്‍ നല്‍കുന്ന പരാതികളുടെയും വിവരങ്ങളുടെയും, അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളില്‍ 57 കേസുകള്‍ വിവിധ റേഞ്ചുകളിലായി കണ്ടുപിടിച്ചിട്ടുണ്ട്. കമ്പം, തേനി മേഖലയില്‍ നിന്നും ആലപ്പുഴയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച അഞ്ചു കിലോ ഗ്രാം കഞ്ചാവുമായി രണ്ട് തേനി സ്വദേശികളെ ആലപ്പുഴ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഈ കാലയളവില്‍ പിടികൂടുകയുണ്ടായി. ജില്ലാ കലക്ടറുടെ നിര്‍ദേശത്തിന്‍െറയടിസ്ഥാനത്തില്‍ കായല്‍ മേഖലയില്‍നിന്ന് കഴിഞ്ഞ യോഗത്തിനുശേഷം നാലു കേസുകള്‍ കണ്ടെടുത്തിട്ടുണ്ട്. ജില്ലയില്‍ 185 കേസുകള്‍ പൊതു സ്ഥലത്തെ പുകവലിക്കെതിരെ എടുക്കുകയും 37000 രൂപ പിഴയായി ഈടാക്കുകയും ചെയ്തിട്ടുണ്ട്. വൈ.എം.സി.എ മുതല്‍ ഫിനിഷിങ് പോയന്‍റ് വരെയുള്ള റോഡിന്‍െറ ഇരു കരകളിലും പൊതു സ്ഥലത്തുള്ള മദ്യപാനം വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി 11 കേസുകള്‍ ആലപ്പുഴ റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എക്സൈസ് വകുപ്പിന് എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ജില്ലയിലെ എക്സൈസ് വകുപ്പിന് സ്പീഡ് ബോട്ട് അനുവദിക്കാനുള്ള നിര്‍ദേശം ഗവണ്‍മെന്‍റിന്‍െറ സജീവ പരിഗണനയിലാണെന്ന് കുട്ടനാട് എം.എല്‍.എ അറിയിച്ചതായി ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ആലപ്പുഴ ജില്ലയുടെ തെക്കന്‍ മേഖലകളില്‍ വ്യാജകള്ള് വ്യാപകമാകുന്നുവെന്ന പരാതിയില്‍ കായംകുളം റേഞ്ചിന്‍െറ അതിര്‍ത്തിയില്‍ പെട്ട ടി.എസ് നമ്പര്‍ 17,18 കള്ളുഷാപ്പില്‍ നിന്നും സ്പിരിറ്റ് കണ്ടെടുക്കുകയും, ഷാപ്പിന്‍െറ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യാന്‍ ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. മുഹമ്മ പഞ്ചായത്തില്‍ ഊട് വഴികളില്‍ പോലും മദ്യക്കച്ചവടം വ്യാപകമാകുന്നുവെന്ന പരാതിയില്‍ ചേര്‍ത്തല എക്സൈസ് വിഭാഗം പരിശോധന നടത്തുകയും രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story