Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2015 5:34 PM IST Updated On
date_range 4 Dec 2015 5:34 PM ISTകോമളപുരം സ്പിന്നിങ് മില്‍ തുറക്കാന്‍ നടപടി വേഗത്തിലാക്കുന്നു
text_fieldsbookmark_border
ആലപ്പുഴ: കോമളപുരം സ്പിന്നിങ്-വീവിങ് മില്‍ ജനുവരിയില്‍ തുറക്കാന്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ കലക്ടര്‍ എന്‍. പത്മകുമാറിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന തൊഴിലാളി യൂനിയന്‍, മാനേജ്മെന്‍റ് പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. സ്പിന്നിങ് മില്‍ എത്രയും പെട്ടെന്ന് തുറക്കാനുള്ള നടപടികള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ അറിയിച്ചു. പ്രവര്‍ത്തനം ആരംഭിക്കുന്നതിന്‍െറ ഭാഗമായി, പൂട്ടുന്നതിനുമുമ്പ് നിലവിലുണ്ടായിരുന്നതും സ്വയംവിരമിക്കല്‍ പദ്ധതിയില്‍പ്പെട്ടവരുമായ സ്ഥിരം, ബദലി തൊഴിലാളികളുടെ വിവരശേഖരണം നടത്താന്‍ യോഗം തീരുമാനിച്ചു. 58 വയസ്സിന് താഴെയുള്ളവരുടെ മാത്രം വിവരമാണ് ശേഖരിക്കുക. മില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിശദപദ്ധതി റിപ്പോര്‍ട്ടില്‍ 48 വയസ്സിന് താഴെയുള്ളവരുടെ വിവരശേഖരണം നടത്താനാണ് നിര്‍ദേശിച്ചിട്ടുള്ളതെങ്കിലും യൂനിയനുകളുടെ ആവശ്യപ്രകാരമാണ് 58 വയസ്സിന് താഴെയുള്ളവരുടെ വിവരം ശേഖരിക്കാന്‍ തീരുമാനിച്ചത്. സ്പിന്നിങ് മില്‍ തുറക്കുമ്പോള്‍ തൊഴില്‍പരിചയത്തിന്‍െറയും പ്രാവീണ്യത്തിന്‍െറയും അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ക്കനുസരിച്ച് യോഗ്യരായ പഴയ തൊഴിലാളികളെ തെരഞ്ഞെടുക്കാനാണിത്. പഴയ തൊഴിലാളികള്‍ ഈ മാസം 10നകം വിവരം നല്‍കണം. പ്രായം തെളിയിക്കാനുള്ള രേഖ, സ്പിന്നിങ് മില്‍ തൊഴിലാളിയായിരുന്നെന്നത് തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസം, തൊഴില്‍പരിചയം, പ്രാവീണ്യം എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം പ്രവൃത്തിസമയങ്ങളില്‍ കോമളപുരത്തെ സ്പിന്നിങ് മില്‍ ഓഫിസില്‍ നേരിട്ട് വിവരം നല്‍കണം. സ്പിന്നിങ് മില്ലിന്‍െറ പ്രവര്‍ത്തനം പൂര്‍ണസജ്ജമാകുമ്പോള്‍ 18,240 സ്പിന്‍ഡലായിരിക്കും ഉല്‍പാദനശേഷിയെന്ന് കേരള ടെക്സ്റ്റൈല്‍സ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എം. ഗണേഷ് പറഞ്ഞു. 19 നൂല്‍നൂല്‍പ് യന്ത്രങ്ങളും 30 നെയ്ത്തുയന്ത്രങ്ങളും ഉപയോഗിക്കും. ആദ്യഘട്ടത്തില്‍ അഞ്ചു നൂല്‍നൂല്‍പ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. 4800 സ്പിന്‍ഡലാണ് ഉല്‍പാദനശേഷി. 12 വിദഗ്ധ തൊഴിലാളികളും 103 അവിദഗ്ധ തൊഴിലാളികളും അടക്കം മൊത്തം 115 തൊഴിലാളികളെയാണ് ആവശ്യം. ഇതുസംബന്ധിച്ച വിശദ പദ്ധതി റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. സ്വയംവിരമിക്കല്‍ പദ്ധതിയിലുള്‍പ്പെട്ട പഴയ തൊഴിലാളികള്‍ക്ക് വ്യവസ്ഥകളും തൊഴില്‍ നൈപുണ്യവും അടിസ്ഥാനമാക്കി ജോലി നല്‍കുന്നതില്‍ നിയമതടസ്സമില്ളെന്നും അദ്ദേഹം പറഞ്ഞു. ഈമാസം 15ന് രാവിലെ ഒമ്പതിന് വീണ്ടും യോഗം ചേരും. യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ ആര്‍. ഹരികുമാര്‍, കെ.എസ്.ഡബ്ള്യു.എം സ്പെഷല്‍ ഓഫിസര്‍ ചന്ദ്രസേനന്‍, തൊഴിലാളി യൂനിയന്‍ പ്രതിനിധികളായ കെ.ആര്‍. വേണുഗോപാല്‍, വി.എന്‍. ബാലകൃഷ്ണപിള്ള, അഡ്വ.പി.ആര്‍. പവിത്രന്‍, ഡോ. മധു, പ്രഫ. എന്‍. ചന്ദ്രശേഖരന്‍ നായര്‍, ടി.ആര്‍. ആനന്ദന്‍, പി.എ. ബാബു, പി.ബി. പുരുഷോത്തമന്‍, പി. രാമചന്ദ്രന്‍, ഡി. മോഹനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story