Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാലാവധി തീരാറായിട്ടും...

കാലാവധി തീരാറായിട്ടും ജില്ലാ പഞ്ചായത്തിലെ പോരിന് അവസാനമില്ല

text_fields
bookmark_border
ആലപ്പുഴ: ഭരണം തുടങ്ങിയപ്പോള്‍ ആരംഭിച്ച പോര് ആലപ്പുഴ ജില്ലാ പഞ്ചായത്തിന്‍െറ കാലാവധി തീരാറാകുമ്പോഴും അവസാനിക്കുന്നില്ല. സി.പി.എം അംഗമായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രതിഭാഹരിയും സി.പി.ഐ അംഗമായ വൈസ് പ്രസിഡന്‍റ് തമ്പി മേട്ടുതറയും തമ്മിലാണ് പോര്. പൊതുപരിപാടികളില്‍ പ്രശ്നമൊന്നും ഉണ്ടായിട്ടില്ളെങ്കിലും ജില്ലാ പഞ്ചായത്ത് ഓഫിസില്‍ എത്തുമ്പോള്‍ കീരിയും പാമ്പുമാണ്. പ്രസിഡന്‍റ് പറയുന്നതിനെ വൈസ് പ്രസിഡന്‍റ് എതിര്‍ക്കും. വൈസ് പ്രസിഡന്‍റ് പറയുന്നതിനെ പ്രസിഡന്‍റും. ഭരണത്തിന്‍െറ തുടക്കത്തില്‍ ഇതിനെ സി.പി.എം-സി.പി.ഐ പോരായി വ്യാഖ്യാനിച്ചിരുന്നു. തങ്ങളുടെ ജോലി ഭരണക്കാര്‍തന്നെ ഏറ്റെടുത്തല്ളോ എന്ന ആശ്വാസത്തില്‍ പ്രതിപക്ഷവും. ആദ്യകാലത്ത് ജെന്‍ഡര്‍ പാര്‍ക്കായിരുന്നു ഏറ്റുമുട്ടലിന്‍െറ വിഷയം. പ്രതിപക്ഷത്തേക്കാള്‍ മുന്നില്‍ വൈസ് പ്രസിഡന്‍റിന്‍െറ മൗനാനുവാദത്തോടെ ജെന്‍ഡര്‍ പാര്‍ക്ക് കച്ചവടത്തിലെ അഴിമതി പരസ്യമാക്കപ്പെട്ടു. അതൊക്കെ പിന്നീട് പുറത്തുള്ളവര്‍ ഏറ്റുപിടിച്ചപ്പോള്‍ വിജിലന്‍സ് കേസായി. വിഷയം ഇപ്പോള്‍ എവിടെയാണെന്ന് പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനും നല്ല തിട്ടമില്ല. കാര്യങ്ങള്‍ ശരിയാംവണ്ണം പോകുന്നില്ളെന്ന് മനസ്സിലാക്കി സി.പി.എം, സി.പി.ഐ നേതൃത്വങ്ങള്‍ അതില്‍ ഇടപെട്ടു. സി.പി.എം ജില്ലാ നേതൃത്വം തങ്ങളുടെ നോമിനിയായ പ്രസിഡന്‍റിനുവേണ്ടി വാദിച്ചു. സി.പി.ഐയും വിട്ടുകൊടുത്തില്ല. അവര്‍ വൈസ് പ്രസിഡന്‍റിനെ ന്യായീകരിച്ച് രംഗത്തത്തെി. തങ്ങളുടെ കരുത്തനായ നേതാവിനെ ഒരു സ്ത്രീയായ പ്രസിഡന്‍റ് മാനിക്കുന്നില്ളെന്ന പരാതി സി.പി.ഐക്ക് ഉണ്ടായി. അവര്‍ ചില മുന്നറിയിപ്പും കൊടുത്തു. പ്രശ്നം ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ വരെ ബാധിക്കുമെന്ന് എത്തിയപ്പോള്‍ രണ്ടുകൂട്ടരും പതുക്കെ പിന്മാറി. നാടാകെ ഇളക്കിമറിച്ച ജെന്‍ഡര്‍ പാര്‍ക്ക് ആരോപണം വിഴുങ്ങേണ്ടവര്‍ വിഴുങ്ങി. കുറച്ചുകാലം വലിയ കുഴപ്പമില്ലാതെ പോയി. ഇനി ഇപ്പോള്‍ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം. അപ്പോഴിതാ വീണ്ടും പഴയതുപോലെ ഏറ്റുമുട്ടല്‍. ഇത്തവണ പഞ്ചായത്തിന് ലക്ഷങ്ങളുടെ ലാഭമുണ്ടാക്കാന്‍ വൈസ് പ്രസിഡന്‍റ് ഒരു നിര്‍ദേശം കൊണ്ടുവന്നു. പ്രസിഡന്‍റുണ്ടോ അത് മാനിക്കുന്നു. കൊണ്ടുവന്നത് വൈസ് പ്രസിഡന്‍റ് ആയതിനാല്‍ എപ്പോള്‍ തള്ളിയെന്ന് നോക്കിയാല്‍ മതി. പ്രതിപക്ഷാംഗം ഈ നിര്‍ദേശത്തെ എതിര്‍ത്തു. പ്രസിഡന്‍റ് കൂടി അതിനൊപ്പമായപ്പോള്‍ തമ്പി മേട്ടുതറക്ക് യോഗത്തില്‍ ഇരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം അത് ബഹിഷ്കരിച്ചു. ബഹിഷ്കരിക്കാന്‍ മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു. നിര്‍ദേശം അവതരിപ്പിച്ചപ്പോള്‍ അത് കേള്‍ക്കാന്‍ കഴിഞ്ഞില്ല. കാരണം, പ്രസിഡന്‍റ് മൈക് ഓഫ് ചെയ്തിരുന്നു. മുന്‍കൂട്ടി ചര്‍ച്ച ചെയ്യാതെ വൈസ് പ്രസിഡന്‍റ് നിര്‍ദേശം കൊണ്ടുവന്നതാണ് പ്രസിഡന്‍റിനെ ചൊടിപ്പിച്ചത്. എന്നാല്‍, തന്‍െറ നിര്‍ദേശത്തില്‍ കഴമ്പുണ്ടെന്നായിരുന്നു വൈസ് പ്രസിഡന്‍റിന്‍െറ അവകാശവാദം. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശമാണ് അവതരിപ്പിച്ചതെന്നും വൈസ് പ്രസിഡന്‍റ് പറയുന്നു. ധനകാര്യ മിനുട്സ് അവതരിപ്പിക്കാന്‍ പ്രസിഡന്‍റ് സമ്മതിച്ചതുമില്ല. ജില്ലാപഞ്ചായത്തിന്‍െറ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ കിട്ടുംവിധം അക്കൗണ്ട് മാറ്റുന്നതിനെക്കുറിച്ചാണ് തമ്പി മേട്ടുതറ വായിച്ചത്. ധനകാര്യ സമിതിയുടെ അംഗീകാരമില്ലാതെ മിനുട്സ് വായിക്കാന്‍ പറ്റില്ളെന്ന് പ്രസിഡന്‍റും ശഠിച്ചു. മൈക് ഓഫാക്കിയാല്‍ പിന്നെ ആര് കേള്‍ക്കാന്‍. നാണംകെട്ടുതന്നെ വൈസ് പ്രസിഡന്‍റ് ഇറങ്ങിപ്പോവുകയും ചെയ്തു. യു.ഡി.എഫിന്‍െറ കൂടി പിന്തുണ ഉണ്ടായപ്പോള്‍ ഫലത്തില്‍ ഒറ്റപ്പെട്ടത് വൈസ് പ്രസിഡന്‍റാണ്.
Show Full Article
Next Story