Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാടിന് അക്ഷരവെളിച്ചം...

നാടിന് അക്ഷരവെളിച്ചം പകര്‍ന്ന സമദിന് ജനഹൃദയങ്ങളുടെ അന്ത്യാഞ്ജലി

text_fields
bookmark_border
ആലപ്പുഴ: ജീവിതകാലം മുഴുവന്‍ സാക്ഷരതരംഗത്തും സാമൂഹികപ്രവര്‍ത്തനത്തിലും മുഴുകിയ അഡ്വ. എം.കെ. അബ്ദുല്‍ സമദിന് നാടിന്‍െറ അന്ത്യാഞ്ജലി. അസുഖബാധിതനായി കഴിഞ്ഞ കുറച്ചുനാളുകള്‍ ഒഴിച്ചാല്‍ സമദിന്‍െറ ജീവിതം നാടിന് അക്ഷരവെളിച്ചം പകരുന്നതിന് വേണ്ടിയുള്ള അക്ഷീണ പ്രയത്നമായിരുന്നു. സാംസ്കാരികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുല്‍ സമദ് (48) ആലപ്പുഴയിലെ സാക്ഷരതാ പ്രവര്‍ത്തനരംഗത്തെ തിളങ്ങുന്ന മുഖമായിരുന്നു. നിരവധി കുട്ടികള്‍ സമദിന്‍െറ പ്രവര്‍ത്തനവുമായി സഹകരിച്ച് വരുകയായിരുന്നു. അര്‍പ്പണബോധവും സാമൂഹികപ്രതിബദ്ധതയുമായിരുന്നു സമദിന്‍െറ കൈമുതല്‍. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം, ജില്ലാ സാക്ഷരതാമിഷന്‍ അസിസ്റ്റന്‍റ് കോഓഡിനേറ്റര്‍, യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്‍റ്, ആയുര്‍രക്ഷാ മിഷന്‍ ജനറല്‍ സെക്രട്ടറി, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ജനറല്‍ സെക്രട്ടറി, അക്ഷരശ്രീ അയല്‍ക്കൂട്ടങ്ങളുടെ സ്ഥാപകന്‍ തുടങ്ങി നിരവധി മേഖലകളില്‍ സമദ് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. കൂടാതെ, സാംസ്കാരികരംഗത്തും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. വയലാര്‍ രാമവര്‍മയുടെ ചരമവാര്‍ഷികത്തില്‍ യുവകലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ കവിയരങ്ങുകളും സാംസ്കാരികസായാഹ്നങ്ങളും നടത്തുന്നതില്‍ നേതൃപരമായ പങ്കാണ് വഹിച്ചത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമെന്ന നിലയില്‍ നിരവധി കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആത്മാര്‍ഥമായി ശ്രമിച്ചു. ഇത് അദ്ദേഹത്തിന് ഏറെ സുഹൃത്തുക്കളെ സമ്പാദിക്കുന്നതിനും അവസരമായി. പീപ്ള്‍സ് കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസും ജനവിദ്യാ കേന്ദ്രവുമായി ചേര്‍ന്ന് നടത്തിയ നിരവധി നീതിമേളകള്‍ ആലപ്പുഴക്ക് പ്രത്യേക അനുഭവമായിരുന്നു. നിരവധി സംഭവങ്ങളില്‍ അദ്ദേഹം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം എന്ന നിലയില്‍ നടത്തിയ ഇടപെടലുകള്‍ ജനങ്ങളുടെ പ്രശംസക്ക് ഇടയാക്കി. നാലാംതരം തുല്യത പരീക്ഷയും പത്താംതരം തുല്യത പരീക്ഷയും നടത്തി നിരവധി നിരക്ഷരരെ സാക്ഷരതയുടെ ലോകത്തേക്ക് കൈപിടിച്ച് എത്തിക്കാനും സമദ് എന്ന അക്ഷരപ്രേമിക്ക് കഴിഞ്ഞു. സാംസ്കാരികരംഗത്ത് നിരവധി ബന്ധങ്ങള്‍ അദ്ദേഹം കാത്തുസൂക്ഷിച്ചു. പഴയ തലമുറയിലെ ഒ. മാധവന്‍, ഭരത്ഗോപി, സംഗീത സംവിധായകന്‍ രവീന്ദ്രന്‍, ഗാനരചയിതാവ് ബിച്ചു തിരുമല തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പ്പെടുന്നു. യുവകലാസാഹിതിയുമായുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ ജില്ലക്ക് വെളിയിലും പരിചിതനാക്കിയത്. ജീവിതത്തിന്‍െറ വിവിധ തുറകളില്‍പ്പെട്ട നൂറുകണക്കിന് ആളുകളാണ് സമദിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. കക്ഷിരാഷ്ട്രീയം മറന്ന് അവര്‍ സമദിന്‍െറ നിഷ്കാമവും നിസ്വാര്‍ഥവുമായ പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചു. കെ.സി. വേണുഗോപാല്‍ എം.പി, ജി. സുധാകരന്‍ എം.എല്‍.എ, പി. തിലോത്തമന്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് യു. പ്രതിഭാഹരി, ബാലക്ഷേമ സമിതി അധ്യക്ഷ അഡ്വ. ബിന്ദു സോമന്‍, ഡോ. വിഷ്ണു നമ്പൂതിരി, മുസ്ലിംലീഗ് ജില്ലാജനറല്‍ സെക്രട്ടറി എ.എം. നസീര്‍, ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍, യുവകലാസാഹിതി സംസ്ഥാന പ്രസിഡന്‍റ് ടി.വി. ബാലന്‍, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ജി. കൃഷ്ണപ്രസാദ്, ടി.ജെ. ആഞ്ചലോസ്, അഡ്വ. വി. മോഹന്‍ദാസ്, കമാല്‍ എം. മാക്കിയില്‍, കലവൂര്‍ എന്‍. ഗോപിനാഥ്, ഇപ്റ്റ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എന്‍. ബാലചന്ദ്രന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ, പി.കെ. മേദിനി, എ.ഡി.എം ടി.ആര്‍. ആസാദ്, സാക്ഷരതമിഷന്‍ ഡയറക്ടര്‍ എല്‍. സുജയ്, ഡെപ്യൂട്ടി ഡയറക്ടര്‍ ശശികുമാര്‍, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു. അബ്ദുല്‍ സമദിന്‍െറ നിര്യാണത്തില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി. ജ്യോതിസ്സ്, യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. ഹരിദാസ്, ശിശുക്ഷേമ സമിതി ഭാരവാഹികളായ അഡ്വ. ലില്ലി, എ.എന്‍ പുരം ശിവകുമാര്‍, കെ. നാസര്‍, ഗാന്ധിയന്‍ ദര്‍ശനവേദി ചെയര്‍മാന്‍ ബേബി പാറക്കാടന്‍, സാന്ത്വനം മയക്കുമരുന്ന് വിരുദ്ധ സമിതി ജില്ലാസെക്രട്ടറി ഹക്കീം മുഹമ്മദ് രാജ, വൈസ് പ്രസിഡന്‍റ് ആര്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story