Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightകണ്ണുതുറപ്പിക്കുന്ന...

കണ്ണുതുറപ്പിക്കുന്ന വായനനുഭവം

text_fields
bookmark_border
കണ്ണുതുറപ്പിക്കുന്ന വായനനുഭവം
cancel
camera_alt

ഡോ. ടി.പി. മെഹറൂഫ് രാജ്  ഒലീവ് ബുക്സ്

ഡോ. ടി.പി. മെഹ്റൂഫ് രാജിന്റെ ‘കാണാതെ വയ്യ പറയാതെയും’ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ ചിന്തയിലുദിച്ച ഒരു ചോദ്യമുണ്ട്. എന്തിനീ ഡോക്ടർ ഇങ്ങനെ ഒരു പുസ്തകമെഴുതി?, അതും നഗ്നസത്യങ്ങളുടെ വിശ്വരൂപം ധീരമായി കാണിച്ചുതരുന്ന ഒരു കൃതി. വായനക്കുശേഷം അനുവാചക മനസ്സിലുദിക്കുന്ന ചിന്തകളിലെ സാംഗത്യം തന്നെയാവണം ഈ കൃതിയെ വ്യതിരിക്തമായ ഒരു വായനനുഭവമാക്കി മാറ്റുന്നത്. ആതുരശുശ്രൂഷ രംഗത്തുള്ള തന്റെ അനുഭവങ്ങളും സജീവസാമൂഹിക നിരീക്ഷണത്തിലൂടെ ആർജ്ജിച്ച അറിവുകളും വാക്ചിത്രങ്ങളായി പത്തു തലക്കെട്ടുകളിൽ രചിക്കപ്പെട്ട സാമൂഹികചിന്തകളുടെ പകർത്തെഴുത്ത്. എല്ലാം പ്രസക്തവും പ്രധാനവുമായ നിരീക്ഷണങ്ങൾ; അതും ലളിതവും സരസവുമായ ഭാഷയിൽ.

‘വായനയുടെ പുതിയ അനുഭവം’ എന്ന അവതാരിക എഴുതിയ മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ വായനനുഭവങ്ങളും വിലയിരുത്തലുകളും ഗ്രന്ഥകാരന്റെ കണ്ടെത്തലുകളുമായി ഇഴചേർന്നു നിൽക്കുന്നു. ആരോഗ്യരംഗത്തെയും വികല ജീവിതസങ്കൽപങ്ങളെയും മാറ്റിമറിക്കാൻ പര്യാപ്തമായ ചിന്തകളുണർത്തുന്ന ഈ പുസ്തകം അറിവുകളുടെ ആഴവും പരപ്പും കാണിച്ചുതരുന്നു. ഒപ്പം പച്ചയായ മനുഷ്യജീവിയുടെ അതിജീവനം ആഗ്രഹിക്കുന്ന, മരുന്ന് ലോബികൾ വിലക്കെടുക്കാത്ത ഒരു ഭിഷഗ്വരനെയും.

ഉപഭോഗആർത്തി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ അവസ്ഥ സാമൂഹികപുരോഗതിയെ വഴിതിരിച്ചുവിടുകയാണെന്ന് ഗ്രന്ഥകാരൻ പറയുന്നു. ഇതിന്റെ ഫലമായി സംഭവിക്കുന്ന മൂല്യശോഷണങ്ങൾ അഭിനവസമൂഹത്തെ പിറകോട്ട് വലിക്കുകയാണെന്ന യാഥാർഥ്യം ഈ പുസ്തകത്തിന്റെ വായന പുരോഗമിക്കുംതോറും നമുക്ക് ബോധ്യപ്പെടും.

നാട് സമ്പൂർണ്ണ സാക്ഷരത നേടിയെന്നവകാശപ്പെടുമ്പൊഴും സമൂഹം സർഗാത്മകമാകാതിരിക്കുന്നതിലെ അപജയങ്ങൾ വിവിധ ഉദാഹരണങ്ങളിലൂടെ ഗ്രന്ഥകർത്താവ് സമർഥിക്കുന്നു. വൈജ്ഞാനിക-വൈജ്ഞാനികേതര മേഖലകൾക്ക് ഊന്നൽ നൽകുന്ന ജപ്പാൻ പോലുള്ള രാജ്യങ്ങളിൽനിന്ന് പലതും പഠിച്ച് ജീവിതാഭിനിവേശം വർധിപ്പിക്കാനുതകുന്ന വിദ്യാഭ്യാസം ഉൾപ്പെടെയുള്ള രംഗങ്ങളിലെ സമഗ്രതയാണ് ഗ്രന്ഥകാരൻ ആഗ്രഹിക്കുന്നത്. ക്രിയാത്മക സമൂഹസൃഷ്ടിക്ക് എന്നും തുണയായി വർത്തിച്ച ആകാശവാണിപോലുള്ള പൊതുമാധ്യമങ്ങളുടെ പുതുകാല പ്രക്ഷേപണത്തിലെ ശൈലീമാറ്റവും ഡോക്ടറെ അൽപസ്വൽപം അലോസരപ്പെടുത്തുന്നുണ്ട്.

ശാരീരികവും മാനസികവും വൈകാരികവുമായി ഒരു വ്യക്തിയുടെ ഉള്ളിലെ ഏറ്റവും മികച്ചതിനെ പുറത്തെടുക്കാൻ ഉതകുന്നതാകണം വിദ്യാഭ്യാസം എന്ന ഗാന്ധിവാദം ശരിവെക്കുന്നതാണ് ഈ പുസ്തകത്തിലെ പല ലേഖനങ്ങളും. കുട്ടികളുടെ തലച്ചോറിൽ കുറേകാര്യങ്ങൾ കുത്തിനിറച്ച് അതിനനുഗുണമായ പരീക്ഷകളും നടത്തി കുറേ ‘മിടുക്കരെ’ ഉൽപാദിപ്പിക്കുന്നു എന്നതിലുപരി മറ്റൊന്നും ഇവിടെ നടക്കുന്നില്ലെന്നാണ് ലേഖകനായ ജനകീയ ഡോക്ടർക്ക് പറയാനുള്ളത്. സാമൂഹിക പുരോഗതി എന്നത് എല്ലാ അർഥത്തിലും സമൂഹം പരിഷ്‍കൃതമായി മാറുന്ന അവസ്ഥയായിരിക്കണം എന്ന അവതാരികയിലെ ആദ്യവാക്യത്തിന്റെ സാംഗത്യം സൂക്ഷ്മതയോടെ പരിശോധിക്കുകയാണ് തന്റെ ചിന്തകളിലൂടെ രചയിതാവ്. രോഗം രോഗിയുടെ മാത്രം പ്രശ്നമായി കാണാതെ അതൊരു സാമൂഹികപ്രശ്നം കൂടിയാണെന്ന ബോധ്യം വായനക്കാരിലുണ്ടാക്കാൻ കഴിയുംവിധത്തിലുള്ള ചിന്താധിഷ്ടിതമായ കാര്യങ്ങൾകൊണ്ടും ഈ പുസ്തകം കനപ്പെട്ടതാകുന്നു.

മാനവികതയിലധിഷ്ഠിതമായ ആശയങ്ങളും ചിന്തകളും കുഴിച്ചുമൂടപ്പെട്ടപ്പോഴുണ്ടായ മൂല്യത്തകർച്ചകൾ ബാധിക്കാത്ത ഒറ്റമേഖലപോലും അവശേഷിക്കുന്നില്ലെന്ന അവതാരികാവാദം ശരിവെക്കുന്നതാണ് ഈ പുസ്തകം പങ്കുവെക്കുന്ന ഓരോ ചിന്തയും. ഡോക്ടർ, സാമൂഹിക മൂല്യച്യുതിരോഗത്തിനെഴുതിയ മരുന്നാണ് യഥാർഥത്തിൽ ഈ പുസ്തകം. ഒരു മെഡിക്കൽ പ്രഫഷനലിസ്റ്റും കാണിക്കാത്ത രചനാ ആർജ്ജവം ഗ്രന്ഥകാരന് കൈവരുന്നത് സാമൂഹികസേവന തൽപരതകൊണ്ടും ശുദ്ധമായ മെഡിക്കൽ എത്തിക്സ് പാലിക്കുന്നതുകൊണ്ടുമാണ്. സത്യത്തിന്റെയും സ്നേഹത്തിന്റെയും പ്രകാശലോകത്തേക്ക് നമ്മെ വീണ്ടെടുക്കാൻ ഈ പുസ്തക വായനയിലൂടെ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Book review
News Summary - Book review
Next Story