WASH HANDS OFTEN

ബാവ താനൂര്‍
21:57 PM
04/04/2020

കൈകള്‍ നന്നായി കഴുകണം
കാരണം 
ഈ കൈകള്‍ കൊണ്ടായിരുന്നല്ലോ 
വ്യാജ വാര്‍ത്തകള്‍ പടച്ചുണ്ടാക്കിയത്..
അത്, സോഷ്യല്‍ മീഡിയയില്‍ പകര്‍ച്ചപ്പനി പോലെ പടര്‍ന്നു കയറിയതും
ഫോര്‍വാര്‍ഡു ചെയ്തതും
ലൈക്കടിച്ചതും, കമന്‍റടിച്ചതും 
ഈ കൈകള്‍ തന്നെ!
വര്‍ഗ്ഗീയതക്കു പൂമാല ചാര്‍ത്തിയത് ഈ കൈകളായിരുന്നോ?
വോട്ടിംങ് യന്ത്രത്തില്‍ വിരലമര്‍ത്തി 
അഴിമതിക്കാരനെ അധികാരത്തിലേറ്റിയതും,
കള്ള വോട്ടു ചെയ്തതും 
കള്ളപ്പണം വെളുപ്പിക്കാന്‍ 
കൊടും കുറ്റവാളിക്കു കുടപിടിച്ചതും
ഈ കൈകളായിരുന്നോ?
ആള്‍ദൈവങ്ങള്‍ക്കുമുന്നില്‍ കൈകൂപ്പിനിന്നതും,
ആള്‍ക്കൂട്ടങ്ങളായി  വടിയെടുത്തടിച്ചതും
തലതല്ലിപ്പൊളിച്ചതും കല്ലെറിഞ്ഞു കൊന്നതും
ഒടുവില്‍ അപരാധമൊന്നും ചെയ്യാത്തവനെ
അപരാധിയെന്നു വിധിച്ചതും ഈ കൈകള്‍ !!

അളവില്‍  കുറച്ചതും, കൈക്കൂലി വാങ്ങിയതും
അന്യന്‍റെ മുതല്‍ അപഹരിച്ചെടുത്തതും
പിഞ്ചുകുഞ്ഞിന്‍റെ മാറിടം മാന്തിപ്പൊളിച്ചതും
കടലിലും കരയിലും നാശം വിതച്ചതും കുും മലയും കുളം തോണ്ടി
പ്രളയക്കെടുതിയില്‍ ജീവജാലങ്ങളെല്ലാം ചത്തടിഞ്ഞതും

അപ്പോള്‍, പ്രാണനും കൊണ്ടോടിപുരപ്പുറത്തുകേറിയൊളിച്ചതും 
ഒടുക്കം, ജലമെല്ലാമൊഴിഞ്ഞപ്പോള്‍ കുമ്പസാരിച്ചതും
കാലം കഴിഞ്ഞപ്പോള്‍ എല്ലാം മറുപോയതും,
കാട്ടിലുംനാട്ടിലുംതീയിട്ടുചുട്ടതും
അവശേഷിച്ചതെല്ലാം വാരിക്കൂട്ടി പ്ലാസ്റ്റിക്ക് കീശയിലാക്കി 
ഭൂമിയുടെ മാറിലേക്ക് ഒരൊറ്റ ഏറ് എറിഞ്ഞതും
അഹങ്കാരം അന്ധകാരപ്പുകയായി വാനിലേക്കുയർന്നതും,
അധികാരം ആറ്റംബോംബായ് പെയ്തതും
ആ കെടുതിയല്‍നിന്നു മോചനത്തിനായ് കരഞ്ഞപ്പോള്‍  
രാസായുധം തീക്കാറ്റുപോലെ നിരായുധര്‍ക്കുമേല്‍ വീശിക്കൊടുത്തതും,
എന്തിനിത്രയും ക്രൂരതയെന്നാരോ ചോദിച്ചപ്പോള്‍ 
അതിനെല്ലാം അധികാരമുണ്ടെന്നു ചൊല്ലി
ആണവക്കട്ടിലില്‍കിടന്നാടിക്കളിച്ചു ഒരുതുണ്ടു കടലാസിലൊപ്പിട്ടതും
ലോകര്‍ക്കുനേരെ പെരുവിരല്‍ ചൂണ്ടി 
ഭൂമിക്കുമുകളില്‍ ഉന്മാദനൃത്തംചവിട്ടിത്തിമര്‍ത്തതും,
അതുകണ്ട്  കൈയടിച്ചങ്ങനെ
നീണ്ട നീണ്ട കരഘോഷം മുഴക്കിതെല്ലാം ആരായിരുന്നു?
WHO?
അത്  നമ്മളായിരുന്നോ?
അതു കൊണ്ട് കൈകള്‍ നന്നായി സോപ്പിട്ടു പതപ്പിച്ചുപതപ്പിച്ചു
ഇടക്കിടക്കു കഴുകുന്നതു നന്നായിരിക്കും...
WASH HANDS OFTEN
 

Loading...
COMMENTS