നിങ്ങളുടെ കേൾവികളിൽ ആരവങ്ങളൊടുങ്ങുമ്പോൾ 
കാഴ്ചകളിൽ നിന്നും വർണ്ണങ്ങളുതിരുമ്പോൾ, 
പകൽ മുഴുവനുഴുത് ഇരുൾപ്പാടങ്ങളിൽ നിങ്ങൾ 
ഉറക്കത്തിൻെറ വിളവെടുക്കുമ്പോൾ, അവനുണരുന്നു. 

നിദ്രാരഹിതവും അസ്വസ്ഥവുമായ 
യാമങ്ങളാൽ രാവിൻെറ നീളമളന്നിടുന്നു. 
ഉന്മാദത്തിൻെറ സർപ്പദംശനമേറ്റു 
നീലിച്ചയുടലിൽ സ്‌ഖലിക്കാനൊരു 
വാക്ക് തേടി, വിഷച്ചൂടിലവൻെറ ഭാവന തിളയ്ക്കുന്നു. 

അപ്രതീക്ഷിതമായി ചുണ്ടിൽ പതിയുന്ന ചുംബനം പോലെ, 
അത്രമേൽ വിഷലിപ്തമായ ഭയപ്പെടുത്തുന്ന പ്രലോഭിപ്പിക്കുന്ന 
ത്രസിപ്പിക്കുന്ന ആ വാക്ക് തേടിയിറങ്ങുന്നു. 
അഗ്നിത്തിര പോലെ ഉയർന്നു വന്ന് 
പ്രചണ്ഡ മാരുതനായ് ആഞ്ഞടിച്ചു 

യാതനയുടെ വേദനയുടെ ദുഖത്തിൻെറ 
അനീതിയുടെ, ശ്മാശാന രാവുപോലെ 
അത്രമേൽ കറുത്തു ഭീതിതമായ,
ഉച്ചരിക്കുന്ന നാവുകൾ അറ്റുവീഴാൻപോന്ന 
മൂർച്ചയുള്ള കവിത കുറിക്കുന്നു. 

വാക്കുകൾ വറ്റി മരുഭൂമി തീർക്കപ്പെടുന്ന 
ഹൃദയതീരങ്ങളിൽ ആഭിചാരത്തിൻെറയന്ത്യം, 
കവിതയിലവൻ ആവാഹനത്തിൻെറ ഒടുക്കത്തെ
ഇരുമ്പാണി തറച്ചു വായനയെ തളച്ചിടുന്നു...

Loading...
COMMENTS