ഭയം

  • കവിത

പുറത്തിറങ്ങാൻ, നടക്കാൻ, ആളുകളെ നോക്കാൻ, മിണ്ടാൻ, അഭിപ്രായം പറയാൻ, അങ്ങനെയെല്ലാത്തിനോടും എന്തിനാണ് ഭയം..

കുഞ്ഞുപ്രായത്തിൽ വീടിന്റെ സുരക്ഷിതത്തിൽ, ക്രൂരമായി "ഉപയോഗിക്കപ്പെട്ടപ്പോൾ" കണ്ണിൽ നിന്നും ഉരുണ്ടു വീണ കണ്ണുനീർത്തുള്ളികളിൽ ഉപ്പുരസമായിരുന്നില്ല. അതിന് ഭയത്തിന്റെ രുചിയായിരുന്നു

പിന്നീട് സ്കൂളിലും പൊതുനിരത്തിലും ശരീരത്തിലേക്ക് കാമക്കണ്ണുകൾ നീണ്ടപ്പോൾ സ്വന്തം കണ്ണുകളിൽ "ഭയം" എന്ന ഭാവം ആധിപത്യം സ്ഥാപിച്ചതായി അറിഞ്ഞിരുന്നു

സ്വന്തം വസ്ത്രങ്ങൾ "ഭയം" തിരഞ്ഞെടുക്കുമ്പോൾ നിസ്സഹായയായി നോക്കി ഇരുന്നിരുന്നു

മൗനാനുവാദത്തോടെ "ഭയം" സ്വന്തം ഉടലിനെ കീഴ്പ്പെടുത്തിയിരുന്നത് അറിഞ്ഞിരുന്നു

ഭർത്താവിന്റെ സുരക്ഷിതമായ കൈകളിൽ പോലും "ഭയം''പല്ലിളിച്ച് നിന്നത് കണ്ട് ഭയന്നിരുന്നു

സ്നേഹം മദ്യത്തിന് വഴിമാറിക്കൊടുത്തത് ഭയത്തോടെ നോക്കിയിരുന്നു

ഏകാന്തതയെയും ഒത്തുചേരലിനെയും ഒരു പോലെ ഭയപ്പെട്ടത് അറിഞ്ഞിരുന്നു

വിലപിടിപ്പുള്ള ഈ ജീവൻ "ഭയം'' കാർന്ന് തിന്നുന്നത് കാണാനാവാതെ ജീവിതമവസാനിപ്പിക്കാൻ വിഷം എടുക്കാൻ നീട്ടിയ കൈകളും ഭയത്താൽ വിറച്ചിരുന്നു

കുടിച്ചിറക്കിയ വിഷത്തിനു ഭയത്തിന്റെ അത്ര കയ്പ്പില്ല എന്ന് അവസാനം മനസിലാക്കിയിരിക്കുന്നു

സുന്ദരമാവേണ്ടിയിരുന്ന ജീവിതം മരണത്തിന് വഴിമാറിയപ്പോൾ ശരീരം കത്തിച്ചു കളയാതെ മറവ് ചെയ്തേക്കുമോ എന്ന് ഭയപ്പെട്ടു

മറവ് ചെയ്യപ്പെട്ട ശവപ്പെട്ടിയിലും പെണ്ണിന്റെ ശരീരം സുരക്ഷിതമല്ലെന്നും ഭയത്തെ ഭയന്ന് മരണം കൈവരിച്ചിട്ടും ഭയം ഇവിടെയും തന്നെ വേട്ടയാടുന്നു എന്ന് ഇന്ന് തിരിച്ചറിയുന്നു

മിടിപ്പ് നിലച്ച ഹൃദയം ഭയത്താൽ മിടിക്കുമോ?

COMMENTS