നൃത്തം വെക്കുന്ന ഈയാംപാറ്റകൾ -കവിത

കെ.എം റഷീദ്
16:07 PM
22/05/2019
iyyam-pattakal

ദൂരെ ഇന്നലെ രാവു മുഴുവൻ നോക്കിയിരുന്ന തീ
ഒരു ചിതയായിരുന്നെങ്കിലോ?
നാവിൽ വെള്ളമൂറിയ മണം
കൊലച്ചോറായിരുന്നെങ്കിലോ?
ഉത്സവപ്പറമ്പിൽ കാറ്റൂതിക്കെടുത്തുന്നു;
ഈയാംപാറ്റകൾ നൃത്തം വെക്കുന്ന പാതവിളക്കുകളെ

ആഹ്ലാദമോ ആവിഷ്കാരമോ?
കാത്തു കാത്തിരുന്നൊരാൾ
മുന്നിലെത്തുന്നു മൃതനായ്
വെറുതെയിരിക്കുന്ന നേരത്തരികിൽ
വന്നു വീഴാറുണ്ട് ചില നിമിഷങ്ങൾ
ഇലത്തുമ്പു പോലെ മണ്ണിൻ പൊടി പോലെ

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുടെ
പ്രതിഷേധത്തിൽ ചവിട്ടിയമരുന്നു
പാതയിൽ ഏറെനേരം നടന്നു തളർന്നൊരു ചീവീട്
ആരുടെ കണ്ണീരാകും ദൈവം കേൾക്കുക?
ഹാർമോണിയത്തിൽ തകർന്നു വീഴുന്നു
ആയിരം ധ്വനികളുള്ള പ്രാർഥനകൾ

Loading...
COMMENTS