Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightകരയിലെ പോത്തും...

കരയിലെ പോത്തും വെള്ളത്തിലെ മീനും -കഥ

text_fields
bookmark_border
scorpio.jpg
cancel

ലോനച്ചൻ കഠിന വ്രതത്തിലാണ്. വർഷത്തിൽ ആകെ ഇരുപത്തിയഞ്ചു ദിവസം തികച്ചും നൊയമ്പ് എടുക്കുന്നത് ക്രിസ്മസ് കാലത്താണ്. പിന്നെ ദുഃഖ വെള്ളിയാഴ്ചയും. ബാക്കി എല്ലാ ദിവസവും ലോനച്ചന് ഇറച്ചിയോ മീനോ ഒരു നേരമെങ്കിലും തീൻ മേശയിൽ ഉണ്ടാവണം. പക്ഷെ നൊയമ്പ് സമയത്തു ‘കട്ട നോയമ്പ്’ തന്നെ. ഒരു ശക്തിക്കും ആ നോയമ്പ് മുടക്കാൻ ആവില്ല. അങ്ങനെ ഒരു ക്രിസ്മസ് നോമ്പ് കാലം. വിജയകരമായി പത്ത് ദിനം പിന്നിട്ടു. ഇനിയും ഉണ്ട് പതിനഞ്ച്​... എണ്ണി എണ്ണി കഴിയുകയാണ്. ആ സമയത്താണ് വെള്ളിടി വെട്ടിയ പോലെ ആ വാർത്ത വരുന്നത്. കണ്ണൂരിൽ നിന്ന് ജോസ് വരുന്നു... 

ജോസ് വല്യ പുള്ളിയാണ്. ഓട്ടോമൊബൈൽ രംഗത്ത് കിരീടം വെക്കാത്ത രാജാവ്. പാതിക്ക് പാതി ലാഭം ബിസിനസ്. വന്നാൽ രണ്ടു ദിവസം വീട്ടിൽ നിൽക്കും. പിന്നെ ഫുൾ ചെലവാണ്. സാധാരണ പുതുവർഷം പിറക്കാൻ രണ്ടു ദിവസം ഉള്ളപ്പോഴാണ് വരാറ്. ഇക്കുറി ജോസ് പുതുവർഷം ഡൽഹിയിൽ ആഘോഷിക്കുന്നതി​​​െൻറ ഭാഗമായി നാട്ടിൽ നേരത്തെ വന്നു പോകാമെന്നു കരുതി. അതോടെ ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടത് ലോനച്ചനാണ്. ‘അത്തിപ്പഴം പഴുത്തപ്പോൾ കാക്കക്ക് വായ്​പുണ്ണ്’ എന്നപോലെയായി കാര്യം. വല്ലാത്ത കൊലച്ചതി ആയല്ലോ ദൈവമേ ! എന്ന് വിഷമിച്ചിരിക്കുന്ന നേരം കറുത്ത സ്കോർപിയോ വന്ന് വീട്ടുപടിക്കൽ ബ്രേക്കിട്ടു. വയറന്മാരായ സ്ഥിരം തലയടി മെരുക്കൾ ഉത്സാഹത്തോടെ താളം പിടിച്ച് ഇരിക്കുന്നുണ്ട്. 

car2.jpg

എന്തുവേണം? ലോനച്ചൻ ആലോചിച്ചു. പോകാതിരുന്നാൽ നഷ്ടമാണ്, മോശവും. ദുഃഖം പുറത്തു കാണിക്കാതെ വണ്ടിയിൽ കയറി. പാട്ടും ബഹളവുമായി വണ്ടി കുതിച്ചു. ജോസ് അടക്കം എട്ടു പേരുണ്ട്. ജോസ് കുടിക്കില്ല. നന്നായി തിന്നും. അതുതന്നെ ലോനച്ചനും തോത്. ബാക്കി ആറുപേരും കുടിയിലും തീറ്റയിലും മത്സരമാണ്, ഓസിന്​ കിട്ടുമ്പോൾ. കയ്യിൽ നിന്ന് കാശിറക്കുമ്പോഴും തുല്യവീതം ഇടുമ്പോഴും വലിയ അച്ചടക്കമാണ്.

‘‘എന്താടാ ലോനച്ച ഒരു മൂഡ് ഔട്ട്‌? ’’ സോണി പുറത്തു തട്ടി ചോദിച്ചു.
‘‘നിനക്ക് തോന്നണതാ. എവിടെക്കാ? ’’
‘‘പുത്തൂർ ഷാപ്പ്....’’ -ഓടിക്കുന്നതിനിടെ ജോസ്.
‘‘നിനക്ക് നോമ്പ് ആണല്ലേ?..’’- ഡെന്നി ഒന്ന് വലിച്ചു. ‘‘അതാണ് മൂഡ് ഓഫ്‌...’’
‘‘സത്യ ക്രിസ്തിനികളായ നോമ്പെടുക്കും. ഇത് പേര് കളയാനായിട്ട്...’’
‘‘ഓ, നമ്മുക്ക് സ്വർഗ്ഗരാജ്യം വേണ്ടേ..’’ -ജോബി. 

scorpio2.jpg

വണ്ടി നേരെ കുതിച്ചു. ഒരൊറ്റ പ്രാർഥനയേ ലോനച്ചന് ഉണ്ടായിരുന്നുള്ളൂ.. ഞണ്ടും താറാവും ഉണ്ടാവല്ലേ എന്ന്. ഞണ്ടിറച്ചി കണ്ടാൽ ലോനച്ച​​​െൻറ സകല കൺട്രോളും പോകും. താറാവ് പിന്നെയും പിടിച്ചു നിൽക്കാം. അമ്മച്ചി ഇടക്കൊക്കെ വെച്ച് തരുന്നതാണ്. ഞണ്ട് വെക്കാൻ അറിയില്ല എന്ന് പറഞ്ഞു തൊടില്ല. വീടി​​​െൻറ പരിസരത്തൊന്നും ഞണ്ടിറച്ചി കിട്ടില്ല. അതുകൊണ്ട് കണ്ടാൽ ഒരാർത്തിയാണ്. 

പക്ഷെ, ലോനച്ച​​​െൻറ പ്രാർത്ഥന കർത്താവ് കേട്ടില്ല എന്ന് മാത്രമല്ല പരീക്ഷണം ഒന്ന് കടുപ്പിക്കുകയും ചെയ്തു. പുത്തൂർ ഷാപ്പിൽ നിരത്തി വെച്ച കറികൾ കണ്ടപ്പോൾ ലോനച്ച​​​െൻറ നെഞ്ച് പിളർന്നു പോയി. ഞണ്ടും താറാവും  മാത്രമല്ല,  കക്കയും കല്ലുമ്മക്കായ റോസ്റ്റ് ചെയ്തതും. ആകെയുള്ള ഒരാശ്വാസം ഉള്ളിച്ചമ്മന്തിയിൽ വറുത്തെടുത്ത ബ്രാലും പിന്നെ നല്ല കുടംപുളിയിട്ട ബ്രാല് കൂട്ടാനുമാണ്. മീനിന് നോയമ്പ് ഇല്ലാത്തതുകൊണ്ട് രക്ഷപെട്ടു. 

‘‘എന്നാലും എ​​​െൻറ കർത്താവെ.. എന്തിനു നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നു’’ എന്ന് കണ്ണടച്ച് വിലപിച്ചു. ആ സമയം തനിക്കുള്ളിൽ ഒരശരീരി ഉണ്ടായത് അവൻ അറിഞ്ഞു. കണ്ണും കാതും കൂർപ്പിച്ച്​ അവനത് പിടിച്ചെടുത്തു. ‘‘നോമ്പും വ്രതവും നിരാഹാരവുമൊക്കെ എന്ന് വേണമെങ്കിലും എടുക്കാം... ഇങ്ങനെ ഉള്ള അവസരം വല്ലപ്പോഴുമേ കിട്ടൂ.. ഉപായം ഇറക്കി ഞണ്ട് അകത്താക്കാൻ നോക്കിക്കോ...’’ 
കണ്ണ് തുറന്ന ലോനച്ചൻ തനിക്കരികിലേക്ക് ഞണ്ടും താറാവും കക്കയും കല്ലുമ്മക്കായയും വലിച്ചടുപ്പിക്കുന്നത് തെല്ലൊരു അമ്പരപ്പോടെ മറ്റുള്ളവർ നോക്കിയിരുന്നു. 

‘‘അല്ല, നിനക്കപ്പോ നോമ്പില്ലേ? ’’ സോണി ചോദിച്ചു. 
‘‘ഉണ്ടല്ലോ...’’ 

‘‘എന്നിട്ടാണോ ഞണ്ടും താറാവും കക്കയും കല്ലുമ്മക്കായും കഴിക്കാൻ നിക്കണത്... ’’ 

‘‘അതിന് മീനിന് എനിക്ക് നോമ്പ് ഇല്ലല്ലോ...’’ 
 
‘‘അത് മീനിനല്ലേ...’’

‘‘ഞണ്ടിനും കക്കക്കും കല്ലുമ്മേക്കായക്കും നോമ്പില്ല...’’ 

‘‘അതെന്താ അങ്ങനെ ഒരു നോമ്പ്? ’’ -ഡെന്നി. 

‘‘കരേല് ജീവിക്കണ പോത്ത്, പന്നി, കോഴി എന്നീ നോൺ വെജിനെ നോമ്പ് ഉള്ളു. പാടത്തും തോട്ടിലും ജീവിക്കണ ഞണ്ട്, ബ്രാല്, താറാവ് എന്നിവ കഴിക്കാം. അതോണ്ട് കുഴപ്പമില്ല. കാരണം, അതൊക്കെ മീനായി കണക്കാക്കണം...’’ 

njandu-curry.jpg


താറാവും മീനാണോ?..  -സോണിയുടെ സംശയം തീരുന്നില്ല. 

‘‘വെള്ളത്തിൽ ജിവിക്കണ, വെള്ളത്തിൽ നീന്തണതൊക്കെ മീൻ തന്നെ. സത്യവേദപുസ്തകത്തിൽ ഉണ്ടല്ലോ... ’’ 

‘‘എവിടെ?..’’ -ജോബി ചോദിച്ചു

‘‘പോയി നോക്ക്. കാണാം. നോമ്പ് തന്നെ എടുക്കാത്തോരാ എന്നെ ഉപദേശിക്കണത്... ’’ 

‘‘പണ്ടിവ​​​െൻറ നോമ്പ് എങ്ങനെ ആയിരുന്നു എന്ന് അറിയോ? ഇറച്ചീടെ കഷണത്തിനു നോമ്പ്,  ചാറിന് ഇല്ല...’’

‘‘അതെ. എ​​​െൻറ നോമ്പ് അങ്ങനെ തന്ന്യാടാ.. എന്നിട്ട് ഉള്ള സ്വർഗം മതി എനിക്കും. അല്ലെങ്കിലും ഞാൻ തനിച്ചു സ്വർഗത്തിൽ ചെന്ന് എന്ത് ചെയ്യാനാ..’’ 

‘‘ഓ. അങ്ങനെയാണ്. ചേട്ടാ ഒരു പ്ലേറ്റ് ബീഫ് കൂടി ഇവിടെ കൊടുത്താട്ടെ...’’ 

‘‘അതു വേണ്ട.. നോമ്പില് വെള്ളം ചേർക്കാൻ എന്നെ കിട്ടില്ല. ആ പൂതി മനസ്സിലിരിക്കട്ടെ..’’ 

അതും പറഞ്ഞ് ലോനച്ചൻ മുന്നിൽ ഇരിക്കുന്ന ഞണ്ടിലേക്ക് വിരലുകൾ ഇറക്കി. മറ്റു തലയടിക്കാർ എന്താണ്, ഏതാണ് ശരിയായ നോമ്പ് എന്നാലോചിച്ചു തലപുകച്ചിരുന്നു. തിരിച്ചു പോരുന്നേരം കണ്ണടച്ചുറങ്ങുന്നതു പോലെ സീറ്റിൽ ഇരുന്ന ലോനച്ചനെ നോക്കി സോണി ചോദിച്ചു, ‘‘അല്ല ലോനച്ചാ, വെള്ളത്തിൽ ഇറക്കി നിർത്തി പോത്തിനെ അറത്താൽ, പൊത്തിനേം മീനായി കണക്കാക്കി പോത്ത് വരട്ടീതും തിന്നാലോ.. എന്തേ..’’ വീട് എത്തുന്നത് വരെ കണ്ണുകൾ ഇറുക്കി അടച്ചു കിടക്കാൻ തന്നെ ലോനച്ചൻ ഉറപ്പിച്ചു. അല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല മുന്നിൽ...
 

Show Full Article
TAGS:Malayalam Story literature news malayalam news 
News Summary - karayile pothum vellathile meenum story -literature news
Next Story