കപ്പലോട്ടക്കാരൻെറ പെണ്ണ് -കവിത

seashore-love.jpg

തിരമുറിച്ചു പായുന്ന കപ്പലിനോളം ആയാസമുള്ള സ്വപ്നങ്ങളെ, 
ചൊരുക്കിനോട് പിൻതിരിഞ്ഞ് ഉൾക്കടലിലേക്ക്
ആഞ്ഞു വലിച്ചെറിയുന്ന ഒരുവൻ. 

തീരക്കാറ്റിനോട് മല്ലിട്ട് വാരിവലിച്ചുടുത്ത 
മനോഗതങ്ങളുടെ ചുളിവുകൾ നിവർത്തി, 
ചന്നം പിന്നം പറക്കുന്ന ചിന്തകളെ
മാടിയൊതുക്കാൻ വൃഥാ ശ്രമിക്കുന്നൊരുവൾ. 

പാദങ്ങളിലെ ഉപ്പുതരികൾ തട്ടിമാറ്റുമ്പോഴേക്ക് 
മറ്റൊരു തിര വന്നവളെ അച്ചാലും മുച്ചാലും നനച്ചിട്ട്‌, 
അയാളെറിഞ്ഞ സ്വപ്‌നങ്ങളിലൊന്ന് അവൾക്ക് കൊടുക്കുന്നു. 

‘എന്നുവരും’എന്നൊരാത്മഗതം ഗദ്ഗദത്തിൽ പൊതിഞ്ഞു 
മടങ്ങാനൊരുങ്ങുന്ന തിരക്കൈകളിൽ ഏൽപിച്ച്, 
ആർദ്രമായ വിചാരങ്ങളെ വിഷാദത്തിൽ കലർത്തി 
ആറ്റാനായി വെയിലത്തിട്ട്, അവളാ സ്വപ്നത്തിൻെറ 
തണലിൽ വിശ്രമിക്കുന്നു. 

എന്നുവരും എന്ന ആ നേർത്ത സ്വരം, 
ഇടയ്ക്കുവെച്ചു കാറ്റപഹരിച്ചതിനാലാവണം 
പിന്നീടൊരിക്കലും അയാൾ വന്നതേയില്ല...
 

Loading...
COMMENTS