ജെ.എൻ.യു സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജോയ് മാത്യുവിന്‍റെ കവിത
text_fieldsനമുക്ക് സര്‍വകലാശാലകള്‍ വേണ്ട
നമുക്ക് സർവ്വകലാശാലകൾ വേണ്ട
ശരിക്കും അതൊരു പാഴ്ചിലവാണ്.
പിള്ളേര് പഠിച്ചുകളയും
പഠിച്ചു കഴിഞ്ഞ് അവർ പുറത്തിറങ്ങിയാൽ
പണികിട്ടും;
അവർക്കല്ല , നമുക്ക്.
വല്ല പാടത്തും പറമ്പത്തും പണിയെടുക്കേണ്ട പിള്ളേർ
നമ്മുടെ ചിലവിൽ പഠിച്ചിറങ്ങിയാൽ
പിന്നെ പാടത്തും പറമ്പത്തും
നമ്മൾ പണിയെടുക്കേണ്ടിവരും
അതാണു പറഞ്ഞത്
സർവകലാശാലകൾ നമുക്ക് വേണ്ട.
പഠിക്കുന്ന കുട്ടികൾ അപകടകാരികളാണ്
അവർ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കും
അതായത് പഠിക്കാത്ത നമ്മൾ ആപത്ത്
ക്ഷണിച്ചു വരുത്തുന്നതു പോലെ.
ആലോചിച്ചു നോക്കൂ,
നമുക്ക് വിദ്യാഭ്യാസമുണ്ടായിട്ടാണോ
നമ്മൾ അധികാരത്തിലെത്തിയത് ?
അധികാരവും വിദ്യാഭ്യാസവും തമ്മിൽ
ഒരു ബന്ധവുമില്ലെന്ന്
ചരിത്രം പഠിച്ചവർക്കറിയാം
മനുഷ്യരെ തമ്മിലടിപ്പിക്കാനും
യുദ്ധം ചെയ്യിക്കാനും
പുതിയ ചോരപ്പുഴകൾക്ക് ചാലുകീറാനും
വിദ്യാഭ്യാസത്തിന്റെ ആവശ്യമേയില്ല.
അതുകൊണ്ടാണ് പറയുന്നത്
നമുക്ക് സർവ്വകലാശാലകൾ വേണ്ട
നോക്കൂ,
ചുളുവിൽ ഒപ്പിക്കാവുന്ന ചില
പാഠ്യപദ്ധതികളില്ലേ,
രാഷ്ട്രീയം കളിക്കാനും വിദ്യാഭ്യാസമുണ്ടെന്നു കാണിക്കാനും!
ഇനി അതും പോരേങ്കില്‍ കഷ്ടപ്പെട്ട് പഠിക്കുന്ന പിള്ളേരുടെ
തലമണ്ടക്ക് മുകളിലൂടെ പറന്ന്
കൈക്കലാക്കാൻ ഡി.ലിറ്റുകൾ എത്ര വേണം?
അധികാരമുള്ളപ്പോള്‍ അതിനാണോ തടസ്സം!
വിദ്യാഭ്യാസമില്ലാത്ത നമ്മൾ,
നോക്കൂ,
എത്ര അന്തസ്സായിട്ടാണ്
കാര്യങ്ങൾ നടത്തുന്നത്...
ഓരോ രാജ്യത്ത് ചെല്ലുമ്പോഴും നാം
അവരുടെ രീതിക്കനുസരിച്ച് പെരുമാറുന്നു:
മാർപാപ്പയെ കാണുമ്പോൾ കുരിശു വരക്കാനും
അറബിയെ കാണുബോൾ കെട്ടിപ്പിടിച്ചുമ്മവെക്കാനും
കാപ്പിരിയെക്കാണുബോൾ ഒപ്പം നൃത്തം ചെയ്യാനും
സായ്പിനെ കാണുബോൾ കവാത്ത് മറക്കാനും
നമ്മൾ പഠിച്ചത് ഏതു സർവ്വകലാശാലയിൽ നിന്നാണ് ?
ഇപ്പോഴുള്ളത് അത്തരം ഗുരുകുലങ്ങളേ അല്ലെന്നേ;
ഗുരുവിൻെറ കാലു തിരുമ്മാനും
ഗുരുപത്നിക്കു വെള്ളം കോരാനും
ഈ പിള്ളാരെ കിട്ടില്ലത്രെ;
ഗുരുവും ശിഷ്യരും ഒറ്റക്കെട്ടാണത്രെ!
എവിടെ യുദ്ധം നടന്നാലും
ഇവർ യുദ്ധവിരുദ്ധരാകും
എവിടെ സ്ത്രീകളെയും കുട്ടികളെയും ദളിതരെയും
പീഡിപ്പിക്കുന്നുവോ ഇവർ ആദ്യം കലാപം തുടങ്ങും
കര്‍ഷകരേയും തൊഴിലാളികളേയും
ഇവർ ആവശ്യമില്ലാതെ ബഹുമാനിച്ചുകളയും
അതേസമയം
നമ്മെ പരിഹസിക്കും
നമ്മുടെ കുപ്പായത്തിലെ സ്വർണ്ണനൂലിൻെറ എണ്ണം
തെറ്റി എന്ന് പറഞ്ഞു
നമ്മളെ അല്പന്മാരാക്കും
അതാണു പറഞ്ഞതു
നമുക്ക് സർവ്വകലാശാലകൾ വേണ്ട
ഈ പിള്ളേര് മുഴുവൻ രാജ്യദ്രോഹികളാ
ഫ്രാൻസിലും ചൈനയിലും ക്യൂബയിലും ചിലിയിലും
ഒക്കെ ഇവന്മാരാ പലതും തുടങ്ങി വെച്ചത്
അതുകൊണ്ടാണ് ഇവരെ സൂക്ഷിക്കണം എന്ന് പറയുന്നത്
അതുമല്ല,
ഇവർ പുസ്തകങ്ങൾ എഴുതിക്കളയും
പ്രത്യേകിച്ച്, ചരിത്ര പുസ്തകങ്ങൾ
അതിൽ നമ്മളെ വിഡ്ഢികളും രാജ്യദ്രോഹികളുമാക്കും
പിന്നെ ഇവർ പഠിച്ച് പഠിച്ചു
പലതും കണ്ടുപിടിച്ചു കളയും
എന്തിന്, ദൈവം ഇല്ല എന്ന് വരെ
ഈ പിള്ളേർ സ്ഥാപിച്ചു കളയും
അതിനാൽ നമുക്ക് സർവ്വകലാശാലകൾ വേണ്ട
നമുക്ക്
ഗുരുകുല വിദ്യാഭ്യാസവും
മദ്രസ പഠനവും സണ്‍ഡേ സ്കൂളും മതി
പിള്ളേര് പഠിച്ചാൽ നമുക്ക് പണികിട്ടും
അതിനാൽ
എല്ലാ സർവ്വകലാശാലകളും
തൊഴുത്തുകളാക്കുവാനും
പിള്ളേരെ മുഴുവൻ പശുപാലകരാക്കുവാനും
നമുക്ക് തീരുമാനിക്കാം
വരുംകാലത്ത് ചരിത്രത്തിൻെറ ചവറ്റുകുട്ടയിൽ
നിന്നും തലപൊക്കി നോക്കുമ്പോൾ
നമുക്കു കാണാൻ ഒരു തൊഴുത്ത്.
(ജോയ് മാത്യു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കവിത)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
