അതിൽ ഏതാണ്​ എൻറെ നേരം...?

എൻ.പി. ധനം
21:50 PM
07/05/2019
പ്രിയമുള്ളവര്‍ക്ക് നല്‍കാന്‍ പടച്ചോന്‍റെ ഖജനാവിലെ അനന്തമായ യാമങ്ങളെ മുഴുക്കെ മലര്‍ക്കെ തുറന്നുതരുന്നതാരാണ്​...?

എൻ.എൻ.കക്കാടിന്‍റെ ഒരു കവിതയുണ്ട്. ‘മോഷ്ടിച്ചെടുത്ത ഒരു രാത്രി’. നഗരത്തിലെ ജോലിത്തിരക്കുകള്‍ക്കിടയില്‍ നിന്നും തനിക്കായി ഒരു രാത്രി മോഷ്ടിച്ച് തന്‍റെ ഗ്രാമത്തില്‍  എത്തുന്ന കവി. ഒളിച്ചും പാത്തും ശരിക്കും  കള്ളനെപ്പോലെ കവി വരുന്നു. പായല്‍പ്പടവുകളില്‍ തെന്നാതെ, ജലം പോലും അറിയാതെ  കുളത്തില്‍ കുളിച്ച്, അടുക്കളയില്‍ ഊണുകഴിച്ച് ഉറങ്ങുന്നതു വരെ അടക്കിപ്പിടിച്ച നിശ്വാസം പോലെ സൂക്ഷ്മമാണത്​. സമയത്തിന്‍റെ മനോഹരമായ ഒരു ഭാവം ആണിത് എന്ന് പലപ്പഴും  തോന്നിയിട്ടുണ്ട്. ഓടുന്ന സമയചിഹ്നങ്ങളില്‍  ചിതറാതെ, ചിലനേരങ്ങളെ എടുത്ത് ഒളിച്ചോടുന്ന കൗതുകം.

വായിക്കാൻ, എഴുതാൻ, പ്രണയിക്കാൻ, കിനാവുകള്‍  കാണാൻ, എല്ലാം  എന്‍റെ കട്ടെടുത്ത നേരങ്ങളാണ്. എവിടെയും നിലം തൊടാതെ പറക്കുന്ന മനുഷ്യര്‍ക്കിടയിലൂടെ കൃത്യമായി  അരമണിക്കൂര്‍  മോഷ്ടിച്ച് ചില സൗഹൃദങ്ങള്‍ സൂക്ഷിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍  എത്താറുണ്ട് ഞാന്‍ ചിലപ്പോൾ. ആ നേരത്തിന് എത്ര കനം കുറവാണ്. ഒരു കാപ്പി ചൂടാറും നേരമോ, ഒരു മാസികയിലെ കവിതയ്ക്കോ തികച്ചും തികയാത്ത നേരം. എങ്കിലും  അതെനിക്ക് പ്രിയതരമായ മോഷണം.

കൈപ്പിടിയിലൊതുങ്ങാതെ, വഴുതിപ്പോവുന്ന നേരങ്ങളുണ്ട്. ഒരു നൂല്‍പ്പാലം  പോലെ എന്നില്‍ ആടിയുലഞ്ഞ് പോവുന്നവ.. കടുത്ത പനിച്ചൂടിനിടയ്ക്ക്, വിയര്‍ത്ത്, വരണ്ട് കണ്‍മിഴിക്കുന്നത് ഒരു നട്ടുച്ചയിലേയ്ക്ക് എന്ന് ബോധം ഉറപ്പിച്ചു  പറയും.. അതൊരു നട്ടപ്പാതിരയാണെന്ന് ആരോ ദൂരെ നിന്ന് പറയുന്ന നേരങ്ങൾ. ബോധാബോധതലങ്ങളിലെ സമയക്കണക്കുകള്‍ക്ക് സൂചികളില്ലാതെ പോയതെന്തേ..?

പ്രളയം  കഴിഞ്ഞ്  ഏറേ നാളുകള്‍ക്ക് ശേഷം ഒരു സര്‍ജറിയ്ക്ക് വിധേയയായി. അനസ്തേഷ്യയുടെ അർധബോധത്തില്‍ ഞാന്‍ മഴയുടെ ആരവം കേട്ടുകൊണ്ടേയിരുന്നു. അവിടെ  കൂടെയുണ്ടായിരുന്ന നഴ്സിനോട് മഴയല്ലേ..? എന്ന് രണ്ടോ മൂന്നോ വട്ടം ചോദിച്ചെന്ന് അവര്‍ പിന്നീട്  പറഞ്ഞു. പുറത്ത് വെയില്‍  തിളയ്ക്കുമ്പോള്‍ എന്‍റെയുള്ളില്‍ നിര്‍ത്താത്ത പേമാരിയായിരുന്നു. ഈ നേരങ്ങളെ  എങ്ങനെ  ഏത് ചിഹ്നങ്ങളില്‍ ഞാന്‍ നിര്‍ത്തും...?

ചില സൗഹൃദങ്ങള്‍ക്ക് നേരമേയില്ല. ആയുസ്സില്‍ പകുതിയും പകുത്താലും തികയാത്തവയത്രേ. ഉടല്‍ദൂരങ്ങളെത്ര നീണ്ടാലും ഉയിരുകൊണ്ട് ഓരോ അണുവും സ്പര്‍ശിക്കുന്നവരാണവർ. നിരന്തരം  നേരങ്ങളെ  പരസ്പരം  മോഷ്ടിക്കുന്നവർ. മറവിയുടെ തമോഗര്‍ത്തങ്ങള്‍ക്ക് അജ്ഞാതമായ നക്ഷത്രങ്ങളത്രെ. അവര്‍ തരും നേരങ്ങളെ..........  

ഒറ്റയ്ക്കൊറ്റയ്ക്ക് എന്‍റെ നേരങ്ങളെ നീയും  നിന്‍റെ  നേരങ്ങളെ  ഞാനും കവരുന്നു. എന്നാൽ, ഒരുമിച്ചൊരുമിച്ചുള്ള നമ്മുടെ നേരങ്ങളെ  കവരുന്നതാരാണ് ?’  
നേരങ്ങളില്‍ ഇങ്ങനെയും ഒരു നേരം. കാവ്യാത്മകമായി  കവരുന്ന നേരങ്ങൾ. ഉടലടുപ്പങ്ങളേക്കാള്‍ ആഴമേറിയ നേരങ്ങൾ. ഖലീല്‍ ജിബ്രാന്‍ തന്‍റെ ഒരിക്കലും  കാണാത്ത ‘മേ’ യ്ക്ക് നല്‍കിയ  നേരങ്ങള്‍ ഇങ്ങനെയാവുമോ? അവരിരുവരുടെയും ഒരുമിച്ചില്ലാത്ത നേരങ്ങളില്‍  പരസ്പരം  കവര്‍ന്ന നേരങ്ങള്‍. ടെലിപ്പതി  പോലെ നേരങ്ങളൊരുമിക്കുന്നത് ഇക്കൂട്ടരിലാവും. അല്ലെങ്കില്‍  ഞാനോര്‍ത്തതേയുള്ളൂ എന്ന് പറയുവാന്‍ അവസരങ്ങള്‍ ഏറുന്നത് എന്ത് കൊണ്ടാണ്...? അനവസരങ്ങളിലും ഓര്‍മകളില്‍  കേറി തുളുമ്പുന്ന നേരങ്ങളാവുന്നതെന്തേ...? ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ നേരങ്ങളാണ്  ശരിയായ നേരങ്ങൾ.

സമയം ഒരു മനോഭാവം കൂടിയാണ്. പ്രിയമുള്ളവര്‍ക്ക് നല്‍കാന്‍ പടച്ചോന്‍റെ ഖജനാവിലെ  അനന്തമായ യാമങ്ങളെ മുഴുക്കെ മലര്‍ക്കെ തുറന്നുതരുവതാരോ..? അവര്‍ക്ക്  കണക്കെടുപ്പ്  വേണ്ടാത്ത നേരങ്ങളാണ്. ബഷീറിയന്‍  സങ്കൽപങ്ങളില്‍  ജീവിക്കുന്ന ഇത്തരം  ചിലരുടെ  നേരങ്ങളാണ് നമ്മിലെ തന്നെ നമ്മുടെ  ബാധയൊഴിക്കുന്നത്. പരിഭവങ്ങളും കലഹങ്ങളും ദേശകാലബോധമില്ലാതെ ചൊരിഞ്ഞാലും നമുക്ക് കാവലാവുന്നവർ. എന്റെ നേരം എന്ന് പറയാതെ തരുന്ന  നേരങ്ങളാണ്  ജീവിപ്പിക്കുന്നവ. ആ നേരങ്ങളില്ലായിരുന്നെങ്കില്‍ ഒരു നേരവും ഇല്ലാതെപോയേനേ നമുക്ക്. ആ മന്ത്രവാദത്തിന്‍റെ മായികതയില്‍ നമ്മുടെ  നിഴല്‍ പോലും ഒഴിയുകയത്രേ. നമുക്കുള്ളിലെ നമ്മെ പൂര്‍ണ്ണമായും  മോഷ്ടിക്കുന്ന നേരങ്ങളുണ്ട്. അവ നമ്മളറിയാതെ  കാടു കയറുകയും കടലറിയുകയും ചെയ്യും. ഉടല്‍ എവിടെയെങ്കിലും  ഒരു കാഴ്ചവസ്തുവാകുമ്പോള്‍ നേരത്തിന്‍റെ തൂവല്‍ നമ്മെ കൊണ്ടുപോവുകയാണ്. മനശാസ്ത്രജ്ഞന്‍റെ ഹിപ്നോട്ടിസം പോലെ നമ്മള്‍ എഴുന്നേറ്റ് യാത്ര  പോവും. നീണ്ട ബസ്​ യാത്രകളിലെ ഒരു തുണ്ട് പാട്ടോ , പാലയുടെ മദിച്ച മണമോ, ഒരു ശകലം നിലാവ് ചിന്തിയതോ ആവാം... അതുമല്ലെങ്കില്‍ ഇലത്തഴപ്പില്‍ ഒരു ചെറുവാക പതുക്കെ തലനീര്‍ത്തിയ കാഴ്ചയാവാം. നമ്മള്‍ സ്വയം മറന്ന നേരങ്ങളില്‍  ഇറങ്ങേണ്ടതാമിടം മറന്ന്, ചിലനേരങ്ങളില്‍  കണ്ടക്ടറുടെ ദേഷ്യം കാണുമ്പോള്‍ ഉള്ളില്‍ചിരിയൂറി  ഇറങ്ങുന്ന നേരങ്ങൾ ഇതേ നേരങ്ങള്‍ നമ്മെ ടൈം മെഷീന്‍ പോലെ വലിക്കുകയാവാം. അവിടെ  ചിഹ്നങ്ങളില്‍ ചിതറുന്നതേയില്ല നമ്മൾ. ബാക്കിവെച്ച കാലങ്ങളിലെ വള്ളികള്‍ നമ്മെ ചുറ്റിവരിയുകയാണ്.

നനുത്ത ഗന്ധത്തോടെ.. നമ്മളറിയാതെ  നമ്മെ കവരുന്നതാരാണ് ? അങ്ങനെ ആയതുകൊണ്ടാവണം നേരമില്ലാത്ത നേരത്ത് വന്ന് വീഴുന്ന വെയില്‍ച്ചീളിനെ കാണാതെ പോവാന്‍ കഴിയാത്തത്. തിളച്ച് പോവുന്ന പാലിനേക്കാള്‍ ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കുന്നത്. പത്രവാര്‍ത്തകളിലെ കയ്പും കാപ്പിയിലെ മധുരവും മറന്ന് പായുന്നത്. എന്നെ എനിക്കു പോലും തൊടാനാവാതെ ഒളിപ്പിച്ച് പോവുന്ന നേരങ്ങൾ. അവയെ മോഷ്ടിച്ചും ലയിച്ചും ഒഴുകിയും പോവുമ്പോള്‍ എനിക്ക് മുന്നില്‍ സമയചിഹ്നങ്ങളില്ല. അത്തരം  നേരങ്ങളാണ്  എന്‍റെ  നേരങ്ങള്‍. അവയാണെന്നെ ജീവിപ്പിക്കുന്നത്. അവ കാണാചിഹ്നങ്ങളാണ്. അളവുകള്‍ ഏതുമില്ലാത്ത നാഴി. കണക്കുകള്‍ ഏതുമില്ലാത്ത ഭ്രമണപഥങ്ങള്‍. ഇലയൊന്നുമില്ലാതെനിറയെ എങ്ങനെയാണ് പൂക്കള്‍  വിരിയുന്നത് കാണുക? പ്യൂപ്പകള്‍ പാപ്പാത്തികളാവുന്നത്? അത്തരംഒരു നേരത്താണ് മഴവില്ല് പൊടുന്നനേ മായുന്നത്, എല്ലാം  അത്തരം  നേരങ്ങളിലാവണം. അല്ലെങ്കില്‍  അത് എന്തേ നമ്മളറിയാതെ  വരുന്നു? ചിഹ്നങ്ങളില്‍  ചിതറാതെ, തെന്നാതെ നമ്മളറിയാതെ നമ്മെ ജീവിപ്പിക്കുന്ന നേരങ്ങള്‍...

Loading...
COMMENTS