ഹോക്കിങ്ങിനോടൊത്ത് അനന്തതയിലേക്ക് ഒരു പ്രയാണം

14:22 PM
14/03/2018
hawking-and-jane

ഈ നൂറ്റാണ്ടിലെ പ്രതിഭയോടൊന്നിച്ചുള്ള അസാധാരണമായ പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഭാര്യ തുറന്നുപറയുന്ന പുസ്തകമാണ് ട്രാവലിങ് ടു ഇൻഫിനിറ്റി. ഗവേഷണകാലത്തു പരിചയപ്പെട്ട പിന്നീട് സ്റ്റീഫൻ ഹോക്കിങ്ങിന്‍റെ ജീവതത്തിലെ വലിയ സ്വാധീനമായി തീർന്ന ജെയിൻ വൈൽഡ് എഴുതിയ പുസ്തകം പിന്നീട് സിനിമയായി മാറി. ജെയിൻ വൈൽഡ് സ്റ്റീഫൻ ഹോക്കിങ്ങിന്‍റെ വളർച്ചയിൽ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. അവർക്ക് മൂന്നു മക്കളും പിറന്നു. 

മോട്ടോർ ന്യൂറോ ഡിസീസ് എന്ന അപൂർവരോഗമായിരുന്നു ഹോക്കിങ്ങിന്. ശരീരം തളർന്ന അദ്ദേഹം രണ്ടുവർഷത്തിൽ കൂടുതൽ ജീവിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. മാരകമായ രോഗം കണ്ടെത്തിയതോടെ ജെയിൻ വൈൽഡിനെ ഒഴിവാക്കാൻ ഹോക്കിങ്ങ് ശ്രമിച്ചു. വിവരമറിഞ്ഞതോടെ ജെയിൻ സ്റ്റീഫനെ വിവാഹം കഴിക്കുമെന്ന് പ്രതിജ്ഞയെടുത്തു. രോഗാവസ്‌ഥയിൽ ജെയിൻ നൽകിയ സ്‌നേഹവും പിന്തുണയുമാണു തുടർന്നുള്ള തന്‍റെ ജീവിതം സാധ്യമാക്കിയതെന്നു ഹോക്കിങ് തന്നെ പറഞ്ഞിട്ടുണ്ട്.

എന്നാൽ ക്രമേണ പൊരുത്തക്കേടുകൾ നിറഞ്ഞദാമ്പത്യമായി മാറുകയായിരുന്നു അവരുടേത്. സ്വയം ദൈവമായി അഭിനയിക്കുന്ന മനുഷ്യൻ എന്നാണ് ജെയിൻ ഹോക്കിങ്ങിനെ വിശേഷിപ്പിച്ചത്. ഒടുവിൽ അവർ പിരിഞ്ഞു. അതിനുശേഷം എലെയ്ൻ മേസൺ എന്ന നഴ്സിനെ വിവാഹം കഴിച്ചു. ട്രാവലിങ് ടു ഇൻഫിനിറ്റി, മൈ ലൈഫ് വിത്ത് സ്റ്റീഫൻ എന്ന ജയിൻ  രചിച്ച പുസ്തകം 2014 ൽ ദ് തിയറി ഓഫ് എവരിതിങ് എന്ന പേരിൽ സിനിമയായി. 

family-of-hawking

അസാധാരണമായ സത്യസന്ധത പുലർത്തുന്ന ഓർമക്കുറിപ്പ് എന്നാണ് പലരും ഈ പുസ്തകത്തെ വിശേഷിപ്പിച്ചത്. തന്‍റെ ഭർത്താവിനെക്കുറിച്ച് വളരെ ബഹുമാനത്തോടുകൂടിയാണ് ജെയിൻ സംസാരിക്കുന്നത്. വിചിത്രമായ തന്‍റെ വൈവാഹിക ജീവിതം സാധാരണത്വത്തോടെ മുന്നോട്ടുകൊണ്ടുപോയതെങ്ങനെയെന്ന് ജെയിൻ ഓർത്തെടുക്കുന്നു.

സ്റ്റീഫനെ എല്ലാ അർഥത്തിലും നിലനിർത്തിയത് ജെയിനായിരുന്നു. തന്‍റെ കൈ കൊണ്ട് കുളിപ്പിച്ചു, വസ്ത്രമുടുപ്പിച്ചു, ഭക്ഷണം നൽകി, സ്റ്റീഫൻ ക്ളാസെടുത്തു കൊണ്ടിരിക്കുമ്പോൽ തോളിൽ നിവർന്ന് നിൽക്കാത്ത തല നേരെ നിറുത്തി, നടക്കുമ്പോൾ താങ്ങായി നിന്നു, വിദേശ യാത്രകളിൽ അനുഗമിച്ചു, ഇതോടൊപ്പം വീട്ടിലെ എല്ലാ കാര്യങ്ങളും വിർവഹിച്ചു, മൂന്ന് മക്കളെ വളർത്തി. നിരവധി റോളുകൾ ചെയ്ത ജെയനിന് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്നുവെന്ന് മനസ്സിലായത് ഏറെ വൈകിയാണ്. എല്ലായിടത്തും ഞാൻ ഉണ്ടായിരുന്നു. എന്നാൽ കാലിഫോർണിയയിലായാലും കേംബ്രിഡ്ജിലായാലും തനിക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് അവർ തിരിച്ചറിഞ്ഞു.

സ്വന്തം വ്യക്തിത്വം കണ്ടെത്താൻ ശ്രമിച്ചതോടെ ജെയിൻ സ്വർഥയായ, വിശ്വസ്തയല്ലാത്ത പങ്കാളി എന്ന പഴിയും കേട്ടു. തിരക്കുപിടിച്ച ഭാര്യയായതിനാൽ കുട്ടികൾക്ക് വേണ്ടി സമയം ചെലവഴിക്കാൻ കഴിഞ്ഞില്ലെന്ന് അവർ വിലപിച്ചു. കുട്ടികൾക്ക് വേണ്ടി സമയം ചെലവഴിക്കുമ്പോൾ സ്റ്റീഫന് സമയം നൽകാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് പരിതപിച്ചു. സ്റ്റീഫൻ ഹോക്കിങ്ങ് എന്ന സാധാരണ മനുഷ്യനെ തിരിച്ചറിയാൻ സഹായിക്കുന്ന പുസ്തകമാണ് ട്രാവലിങ് ടു ഇൻഫിനിറ്റി.

Loading...
COMMENTS