Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightകണ്ണാടിയില്‍ ചിത്രം...

കണ്ണാടിയില്‍ ചിത്രം മാഞ്ഞുപോകുമ്പോള്‍

text_fields
bookmark_border
കണ്ണാടിയില്‍ ചിത്രം മാഞ്ഞുപോകുമ്പോള്‍
cancel

‘‘യാത്രപറയുന്ന നക്ഷത്രങ്ങള്‍ക്ക് ഒന്നും പറയാനാകില്ല’’  എന്ന് ടി.എന്‍. ഗോപകുമാര്‍. ഗോപകുമാറിന്‍െറ അവസാനത്തെ കൃതിയായ ‘പാലും പഴവും’ എന്ന നോവലിലെ ആദ്യ അധ്യായത്തിലെ ആദ്യപാരഗ്രാഫിലാണ് ഇങ്ങനെയൊരു വാചകമുള്ളത്. നമുക്കത് തിരുത്താം. യാത്രപറഞ്ഞിട്ടും ഈ നക്ഷത്രത്തിന്‍െറ വെളിച്ചം കെട്ടുപോയിട്ടില്ല.

‘പാലും പഴവും’ എഴുതുന്ന കാലത്ത് ടി.എന്‍. ഗോപകുമാര്‍ ഇടക്കിടെ വിളിക്കുമായിരുന്നു. ‘വോള്‍ഗാ തരംഗങ്ങള്‍’ എനിക്ക് അയച്ചുതരുകയുണ്ടായി. 13 ലക്കങ്ങളിലായി ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍ വന്ന നോവലിന്‍െറ മുഴുവന്‍ അധ്യായങ്ങളും അദ്ദേഹം ധിറുതിപിടിച്ച് എഴുതിയയച്ചു. രോഗം കാര്‍ന്നുതിന്നുമ്പോഴും നോവലിനെക്കുറിച്ച് ഏറെ സംസാരിച്ചു ഫോണിലൂടെ അദ്ദേഹം. ‘കാറും സഞ്ചാരികളും നിശ്ശബ്ദമായി ചുരമിറങ്ങിക്കൊണ്ടിരുന്നു. പിന്നില്‍ നായ് വാഴ്വാവൂര് പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു.’ -നോവല്‍ അവസാനിക്കുന്നതിങ്ങനെ. 

അവസാന വാചകത്തിനും അടിവരയിട്ട് അയച്ചുതന്നപ്പോള്‍ അതവസാനിക്കുംമുമ്പ് ആ ജീവിതത്തിന് വിധി അടിവരയിടുമെന്ന് ആരും കരുതിയിരുന്നില്ല. നോവലിനെക്കുറിച്ച് ഏറെ പ്രതീക്ഷയായിരുന്നു മാധ്യമപ്രവര്‍ത്തകനായ എഴുത്തുകാരന്. ‘പാലും പഴവു’മെന്ന ഈ നോവലിനെക്കുറിച്ച് ഗോപകുമാര്‍ പറഞ്ഞു: ‘‘മുന്‍ നോവലുകള്‍ക്കില്ലാത്ത താളബോധം ഇതിലുണ്ട്. കുറച്ചുകൂടി ശാന്തമാണ്. എഴുത്തിന്‍െറ സ്വഭാവം ശാന്തമായ ഒരു രീതിയിലാണ്. ’’ 

വായനക്കാര്‍ ഹൃദയപൂര്‍വം സ്വീകരിച്ച നോവലായിരുന്നു പാലും പഴവും. ‘വായന തുടങ്ങിയശേഷം എനിക്ക് ഈ പുസ്തകം താഴെവെക്കാന്‍ തോന്നിയില്ല. ഒറ്റയിരിപ്പിന് വായിച്ചു മുഴുമിപ്പിക്കാന്‍ കഴിയുന്ന ഒരു പുസ്തകമാണിത്. മറ്റുജോലികള്‍ ചെയ്യുമ്പോഴും പുറത്തേക്ക് പോകുമ്പോഴും അത് എന്നെ പിന്തുടരുന്നതായി തോന്നി. അവസാനം പുസ്തകം വായിച്ചുതീര്‍ത്തപ്പോള്‍ ഉള്ളില്‍ ആഹ്ളാദം വന്നുനിറഞ്ഞു. എനിക്ക് നിസ്സംശയം പറയാന്‍ കഴിയും, ഞാന്‍ അടുത്തകാലത്ത് വായിച്ച നല്ല മലയാള നോവലുകളില്‍ ഒന്നാണിതെന്ന്.’ വായനക്കാരെ ആര്‍ദ്രമനസ്കരാക്കുന്ന ടി.എന്‍.ജിയുടെ ഈ നോവലിനെക്കുറിച്ച് എം. മുകുന്ദന്‍ ഇങ്ങനെ പറയുന്നതു കേള്‍ക്കാന്‍ അദ്ദേഹമുണ്ടായിരുന്നില്ല.

മനസ്സ് നരച്ച പലരും തല കറുപ്പിച്ച് നടക്കുമ്പോഴും ടി.എന്‍. ഗോപകുമാര്‍ മനസ്സ് നരക്കാതെ തലനരപ്പിച്ച് നടന്നു. ‘രജനീകാന്തിന് ആത്മധൈര്യമുണ്ട്. ഇതാണ് ഞാന്‍, മറ്റേത് നടനാണ് എന്ന് കാണിക്കാനുള്ള ധൈര്യം. ഇവിടെ ഒട്ടേറെ നടന്മാര്‍ക്ക് പൊതുവേദിയില്‍ മേക്കപ്പിടാതെ പ്രത്യക്ഷപ്പെടാന്‍ ധൈര്യമില്ല.’ ഗോപകുമാര്‍ ഇത് പറഞ്ഞ് ചിരിക്കുന്നു. ടി.എന്‍. ഗോപകുമാര്‍ ജീവിതത്തിലും എഴുത്തിലും ഗോപകുമാര്‍ തന്നെയായിരുന്നു; നടനായിരുന്നില്ല.

‘മാധ്യമം’ ആഴ്ചപ്പതിപ്പുമായുള്ള ബന്ധം മാധ്യമവുമായി അദ്ദേഹത്തിന് ആദ്യം മുതലുള്ള ബന്ധത്തിന്‍െറ തുടര്‍ച്ചതന്നെയായിരുന്നു. മാധ്യമത്തിന്‍െറ ആദ്യത്തെ ഡല്‍ഹി ബ്യൂറോയുടെ ഉപദേഷ്ടാവ് കൂടിയായിരുന്നു അദ്ദേഹം. ആഴ്ചപ്പതിപ്പ് പ്രകാശനത്തിന് അന്നത്തെ പത്രാധിപര്‍ വി.കെ. ഹംസ സാഹിബ് നിഖില്‍ ചക്രവര്‍ത്തിയെ ക്ഷണിക്കാന്‍ പോയത് ഗോപകുമാറിനൊപ്പമായിരുന്നു. ‘ഗോപകുമാറിന്‍െറ പത്രമാണല്ളോ. ഞാന്‍ വരാം’ എന്നാണ് അന്ന് നിഖില്‍ ചക്രവര്‍ത്തി പറഞ്ഞതെന്ന് വി.കെ. ഹംസ സാഹിബ് പറഞ്ഞതോര്‍ക്കുന്നു.

നോവല്‍ കൊടുക്കുന്നതിന് മുന്നോടിയായി കെ.പി. റഷീദ് നടത്തിയ നീണ്ട അഭിമുഖവും ആഴ്ചപ്പതിപ്പില്‍ വരുകയുണ്ടായി. ‘അഭിമുഖത്തിന് കെ.പി. റഷീദ് നിങ്ങളെ സമീപിക്കുമെന്ന്’ വിളിച്ചുപറഞ്ഞപ്പോഴും അസുഖങ്ങള്‍ക്കിടയിലും അദ്ദേഹം സന്തോഷത്തോടെ സഹകരിച്ചു. പലരെയും ഗോപകുമാര്‍ അഭിമുഖം നടത്തിയിട്ടുണ്ട്. പക്ഷേ, ഗോപകുമാറുമായി നടത്തിയ ഏറ്റവും വലിയ അഭിമുഖം ഇതാവാം. ‘കണ്ണാടിയില്‍ മുഖം കാണുന്ന നേരത്ത്’ വായനക്കാര്‍ ഹൃദയപൂര്‍വം സ്വീകരിച്ച അഭിമുഖ സംഭാഷണമാണ്. 

ടെലിവിഷന്‍ താരം, ഗ്രന്ഥകാരന്‍, പുരസ്കാര ജേതാവ്, ‘ജീവന്‍ മശായി’യുടെയും ‘വേരുകളു’ടെയും സംവിധായകന്‍, ജീവിതത്തിന്‍െറ ദൈന്യം കണ്ണാടിയില്‍ കാണിച്ചുതന്ന, എന്നും ഇരകളോടൊപ്പം നിന്ന മാധ്യമപ്രവര്‍ത്തകന്‍, സൗഹൃദങ്ങളുടെ രാജകുമാരന്‍ -എന്നും വിശ്രമമില്ലാത്ത, തിരക്കിലായിരുന്നു ടി.എന്‍. ഗോപകുമാര്‍. അതിനിടയില്‍ രോഗവും ചികിത്സയും.

ദൈവത്തിന്‍െറ കൈയിലെ ‘കണ്ണാടി’ ഒന്നിളകിയപ്പോള്‍ നമ്മുടെ പ്രിയപ്പെട്ട ടി.എന്‍. ഗോപകുമാര്‍ മാഞ്ഞുപോയി. പക്ഷേ, നമ്മുടെ മനസ്സില്‍നിന്ന് ആ വലിയ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും മാഞ്ഞുപോകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T N Gopakumar
News Summary - T N Gopakumar
Next Story